Asianet News MalayalamAsianet News Malayalam

35 പരീക്ഷകളിൽ തോറ്റു; 104ാം റാങ്കോടെ നേടിയ ഐപിഎസ് വേണ്ടെന്ന് വെച്ചു, ഒടുവിൽ വിജയ് ഐഎഎസ് പദവിയിൽ!

യുപിഎസ്‍സി ഒരു ബാലികേറാമലയെന്ന് കരുതി നിരാശപ്പെടുന്നവർക്ക് വിജയ് വർധൻ ഐഎഎസ് എന്ന വ്യക്തിയുടെ ജീവിതം പ്രചോദനം നൽകും. 

success stoey after failing 35 governemt exams vijay got civil service with 104 rank sts
Author
First Published Feb 16, 2024, 3:22 PM IST

ദില്ലി: ചിലരുണ്ട്, ഏത് പ്രതിസന്ധികളോടും അവർക്ക് പറയാനുള്ളത് ഒരിക്കലും തോറ്റുകൊടുക്കില്ല എന്നായിരിക്കും. വ്യക്തിജീവിതത്തിലോ പ്രൊഫഷണൽ രം​ഗത്തോ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലോ എവിടെ ആയാലും ഈ വാചകത്തെ മുറുകെ പിടിച്ചായിരിക്കും അവർ മുന്നോട്ട് പോകുക. അങ്ങനെയൊരാളെകുറിച്ചാണ് പറഞ്ഞു തുടങ്ങുന്നത്. 

ഒന്നോ രണ്ടോ തവണയല്ല, ഒന്നോ രണ്ടോ പരീക്ഷകളിലുമല്ല, 35 പരീക്ഷകളിലാണ് വിജയ് വർധൻ എന്ന വ്യക്തിക്ക് പരാജയത്തിന്റെ കയ്പുനീർ രുചിക്കേണ്ടി വന്നത്. എന്നാൽ ഇതിനെയെല്ലാം മറികടന്ന് ഒടുവിൽ ഏറ്റവും കഠിനമേറിയ മത്സര പരീക്ഷകളിലൊന്നെന്ന വിശേഷണമുള്ള, സിവിൽ സർവീസ് പരീക്ഷയിൽ‌ അത്ഭുതപ്പെടുത്തുന്ന വിജയത്തിലേക്കാണ് ഈ പരാജയങ്ങളെല്ലാം വിജയിനെ കൊണ്ടെത്തിച്ചത്. യുപിഎസ്‍സി ഒരു ബാലികേറാമലയെന്ന് കരുതി നിരാശപ്പെടുന്നവർക്ക് വിജയ് വർധൻ ഐഎഎസ് എന്ന വ്യക്തിയുടെ ജീവിതം പ്രചോദനം നൽകും. 

ഹരിയാനയിലെ സിർസ സ്വദേശിയാണ് വിജയ് വർധൻ. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ജന്മനാട്ടിൽ തന്നെയാണ്. പിന്നീട് ഹിസാറിലാണ് ഇലക്ട്രോണിക്സ് എഞ്ചിനീയറിം​ഗിൽ ബിടെക് പൂർത്തിയാക്കിയത്. ഇതിന് ശേഷം ഹരിയാന പിസിഎസ്, യുപിപിഎസ്‌സി, എസ്എസ്‌സി, സിജിഎൽ എന്നിവയുൾപ്പെടെ മുപ്പതിലധികം പരീക്ഷകളാണ് വിജയ് എഴുതിയത്. പക്ഷേ ഇവയിലൊന്നിൽ പോലും അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചില്ല. നിരന്തരമായ തോൽവി സാധാരണ മനുഷ്യരെ നിരാശയിൽ കൊണ്ടെത്തിക്കും. എന്നാൽ വിജയ് നിരാശനായില്ല. 

നിരന്തരമായ പരാജയങ്ങൾ തന്റെ ആത്മവിശ്വാസത്തെ തകർക്കാൻ അദ്ദേഹം അനുവദിച്ചില്ല. ലക്ഷ്യത്തിലെത്തുക എന്ന തീരുമാനത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകാനും വിജയ് തയ്യാറായില്ല. യുപിഎസ്‍സി എന്ന ലക്ഷ്യത്തെ മാത്രം മുന്നിൽകണ്ട് ദില്ലിയിലെത്തി. 2014 ൽ സിവിൽ സർവ്വീസ് പരീക്ഷയെഴുതി. എന്നാൽ പാസ്സാകാൻ സാധിച്ചില്ല. പിന്നീട് നടത്തിയ തുടർച്ചയായ നാല് ശ്രമങ്ങളിലും പരാജയമായിരുന്നു ഫലം. 

എന്നാൽ പരിശ്രമത്തിനൊപ്പം വിജയുടെ വിജയസാധ്യതയും തെളിഞ്ഞുവന്നു. 2015ലും 2016ലും 2017ലും തോൽവി നേരിട്ട് ഒടുവിൽ 2018 ൽ യുപിഎസ്‍സി പരീക്ഷയിലെ 104ാം റാങ്കോടെ വിജയ് വർധൻ ലക്ഷ്യം കണ്ടു. അങ്ങനെ തോറ്റു കൊടുക്കില്ലെന്നുറച്ച പരിശ്രമത്തിന് ഫലമുണ്ടായി. ഐപിഎസ് ആണ് അദ്ദേഹത്തിന് ലഭിച്ചത്.  എന്നാൽ കൂടുതൽ മികച്ച നേട്ടത്തിനായി വിജയ് ശ്രമിച്ചു. ഐഎഎസ് ആയിരുന്നു വിജയിയുടെ ലക്ഷ്യം. അങ്ങനെ 2021ൽ ഐഎഎസ് നേട്ടത്തിലേക്കെത്തി. ഏത് പ്രതിസന്ധികളെയും പരിശ്രമം കൊണ്ടും ആത്മവിശ്വാസം കൊണ്ടും മറികടക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് വിജയ് വർധൻ ഐഎഎസ്.

11ാം വയസ്സിൽ വിവാഹം, 20ാമത്തെ വയസ്സിൽ പിതാവ്, 21ാമത്തെ വയസ്സിൽ നീറ്റ് പരീക്ഷയിൽ ഉന്നതവിജയം

ഹിമാലയ സംഘം പ്രതികൾ; വയര്‍ കീറി കുടൽ പുറത്തിട്ട് മുറിവിൽ മണലിട്ടു; 22 വര്‍ഷം പിന്നിട്ട കേസിൽ 6 പേര്‍ക്ക് ശിക്ഷ


 

Follow Us:
Download App:
  • android
  • ios