Asianet News MalayalamAsianet News Malayalam

ചെപ്പോക്കില്‍ ചെന്നൈ തന്നെ സൂപ്പര്‍ കിംഗ്സ്; ഹൈദരാബാദിന് വീണ്ടും തോല്‍വി; ചെന്നൈയുടെ ജയം 78 റണ്‍സിന്

രാത്രിയിലെ മഞ്ഞുവീഴ്ച ബൗളിംഗ് ദുഷ്കരമാക്കുമെന്ന് പ്രതീക്ഷിച്ച് ടോസ് നേടിയിട്ടും ബൗളിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദ് നായകന്‍ പാറ്റ് കമിന്‍സിന്‍റെ തീരുമാനം തെറ്റാണെന്ന് രണ്ടാം ഓവറിലെ വ്യക്തമായി.

Chennai Super Kings vs Sunrisers Hyderabad, CSK Beat SRH by 78 runs
Author
First Published Apr 28, 2024, 11:34 PM IST

ചെന്നൈ: ഐപിഎല്ലില്‍ കരുത്തരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 78 റണ്‍സിന് തകർത്ത് വിജയവഴിയില്‍ തിരിച്ചെത്തി ചെന്നൈ സൂപ്പര്‍ കിംഗ്സ്. കഴിഞ്ഞ മത്സരത്തില്‍ മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ സെഞ്ചുറിക്ക് മുന്നില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞതിന്‍റെ ക്ഷീണം തീര്‍ത്ത ചെന്നൈ ഹോം ഗ്രൗണ്ടില്‍ ഹൈദരാബാദിന്‍റെ ബിഗ് ഹിറ്റര്‍മാരെ വരച്ചവരയില്‍ നിര്‍ത്തി 78 റണ്‍സിന്‍റെ കൂറ്റൻ വിജയം പിടിച്ചെടുത്തു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 18.5 ഓവറില്‍ 134 റണ്‍സിന് ഓള്‍ ഔട്ടായി.

ബിഗ് ഹിറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയ കളിയില്‍ 32 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രമാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ചെന്നൈക്കായി തുഷാര്‍ ദേശ്പാണ്ഡെ നാല് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയ ചെന്നൈ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. തോല്‍വിയോടെ ഹൈദരാബാദ് മൂന്നാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്ക് ഇറങ്ങി. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 212-3, സണ്‍റൈസേഴ്സ് ഹൈദരാബാദ് 18.5 ഓവറില്‍ 134ന് ഓള്‍ ഔട്ട്.

വെറും 6 മിനിറ്റ്, 50 ൽ നിന്ന് 100ലെത്താൻ വേണ്ടിവന്നത് 10 പന്തുകൾ; വിൽ ജാക്സിന്‍റെ അടി കണ്ട് അന്തംവിട്ട് കോലി

രാത്രിയിലെ മഞ്ഞുവീഴ്ച ബൗളിംഗ് ദുഷ്കരമാക്കുമെന്ന് പ്രതീക്ഷിച്ച് ടോസ് നേടിയിട്ടും ബൗളിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദ് നായകന്‍ പാറ്റ് കമിന്‍സിന്‍റെ തീരുമാനം തെറ്റാണെന്ന് രണ്ടാം ഓവറിലെ വ്യക്തമായി. തകര്‍ത്തടിക്കുന്ന ട്രാവിസ് ഹെഡിനെ(13) രണ്ടാം ഓവറിലെ അവസാന പന്തില്‍ തുഷാര്‍ ദേശ്പാണ്ഡെ മടക്കി. വണ്‍ഡൗണായെത്തിയ അന്‍മോല്‍പ്രീത് സിംഗിനെ(0) ഗോള്‍ഡന്‍ ഡക്കാക്കി തുഷാര്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചു.

പ്രതീക്ഷ നല്‍കിയ അഭിഷേക് ശര്‍മയെ(15) കൂടി മടക്കിയ തുഷാര്‍ ദേശ്പാണ്ഡെ പവര്‍പ്ലേയില്‍ ഹൈദരാബാദിനെ 40-3ലേക്ക് തള്ളിയിട്ടു. ഏയ്ഡന്‍ മാര്‍ക്രവും നിതീഷ് റെഡ്ഡിയും ചേര്‍ന്ന് ഹൈദരാബാദിനെ 70 റണ്‍സിലെത്തിച്ചെങ്കിലും നിതീഷ് റെഡ്ഡിയെ(15) വീഴ്ത്തി രവീന്ദ്ര ജഡേജ ആ പ്രതീക്ഷയും തകര്‍ത്തു. മാര്‍ക്രത്തെ(32) പതിരാന ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ ഹൈദരാബാദിന്‍റെ വലിയ പ്രതീക്ഷയായ ഹെന്‍റി ക്ലാസന് പതിവ് ഫോമിലേക്ക് ഉയരാനാവാഞ്ഞത് തിരിച്ചടിയായി.

തകര്‍ത്തടിക്കേണ്ട മധ്യ ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ പാടുപെട്ട ക്ലാസനും അബ്ദുള്‍ സമദും തപ്പിത്തടഞ്ഞപ്പോള്‍ ഹൈദരാബാദിന്‍റെ ലക്ഷ്യം അവസാന അഞ്ചോവറില്‍ 104 റണ്‍സായി. റണ്‍നിരക്കിന്‍റെ സമ്മര്‍ദ്ദത്തില്‍ ക്ലാസന്‍(21 പന്തില്‍ 20) പതിരാനക്ക് മുന്നില്‍ വീണപ്പോള്‍ അബ്ദുള്‍ സമദിനെ(18 പന്തില്‍ 19) വീഴ്ത്തി താക്കൂര്‍ ഹൈദരാബാദിന്‍റെ പോരാട്ടം അവസാനിപ്പിച്ചു. പാറ്റ് കമിൻസിനെ(5) കൂടി വീഴ്ത്തി ദേശ്പാണ്ഡെ നാലു വിക്കറ്റ് തികച്ചു. ചെന്നൈക്കായി അര്‍ധസെഞ്ചുറി നേടിയ ഡാരില്‍ മിച്ചല്‍ അഞ്ച് ക്യാച്ചുകളുമായി ഫീല്‍ഡിംഗിലും തിളങ്ങി.

നേരത്തെ ടേസ് നഷ്ടമായി ക്രീസിലിറങ്ങിയ ചെന്നൈക്കായി നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് ഒരിക്കല്‍ കൂടി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ സൂപ്പര്‍ കിംഗ്സിന് മികച്ച സ്കോറിലെത്തി.റുതുരാജിന്‍റെയും ഡാരില്‍ മിച്ചലിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 212 റണ്‍സെടുത്തത്. 98 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായ റുതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ഡാരില്‍ മിച്ചല്‍ 32 പന്തില്‍ 52 റണ്‍സെടുത്തപ്പോള്‍ ശിവം ദുബെ 20 പന്തില്‍ 39 റണ്‍സുമായും അവസാന ഓവറില്‍ ക്രീസിലെത്തിയ മുന്‍ നായകന്‍ എം എസ് ധോണി രണ്ട് പന്തില്‍ അഞ്ച് റണ്‍സുമായും പുറത്താകാതെ നിന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios