Asianet News MalayalamAsianet News Malayalam

വെറും 6 മിനിറ്റ്, 50 ൽ നിന്ന് 100ലെത്താൻ വേണ്ടിവന്നത് 10 പന്തുകൾ; വിൽ ജാക്സിന്‍റെ അടി കണ്ട് അന്തംവിട്ട് കോലി

പതിനൊന്നാം ഓവറില്‍ മോഹിത് ശര്‍മ പന്തെറിയാനെത്തിയതോടെയാണ് വില്‍ ജാക്സ് ടോപ് ഗിയറിലായത്. മോഹിത്തിനിതിരെ സിക്സും ഫോറും പറത്തിയ വില്‍ ജാക്സ് 12-ാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ നേടിയത് 22 പന്തില്‍ 29 റണ്‍സ്.

Watch Virat Kohli expression after Will Jacks carnage vs Gujarat Titans Rashid Khan in IPL 2024
Author
First Published Apr 28, 2024, 8:14 PM IST | Last Updated Apr 28, 2024, 8:14 PM IST

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 201 റണ്‍സിന്‍റെ വലിയ വിജയലക്ഷ്യം പിന്തുടരാനിറങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു 200ന് മുകളിലുള്ളൊരു വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചിട്ട് 14 വര്‍ഷമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി പവര്‍ പ്ലേയില്‍ തന്നെ മടങ്ങിയിട്ടും റോയലായി തന്നെ ആര്‍സിബി 16 ഓവറില്‍ ലക്ഷ്യത്തിലെത്തി. ചേസ് മാസ്റ്ററായ വിരാട് കോലി പ്രതീക്ഷയായി ക്രീസില്‍ നിന്നപ്പോഴും പ്രതീക്ഷക്കപ്പുറത്തുള്ള പ്രകടനം പുറത്തെടുത്തത് മൂന്നാം നമ്പറിലിറങ്ങിയ വില്‍ ജാക്സായിരുന്നു.

തുടക്കത്തില്‍ സ്പിന്നര്‍മാര്‍ക്കെതിരെ പതറിയ വില്‍ ജാക്സ് റണ്ണടിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ആര്‍സിബിയുടെ സ്കോറിംഗ് താഴാതെ നോക്കിയത് കോലിയായിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരെ പതറുന്നുവെന്ന പരാതിക്ക് നൂര്‍ അഹമ്മദിനെ സ്വീപ് ചെയ്ത് സിക്സ് പറത്തി മറുപടി നല്‍കിയ കോലിയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട വില്‍ ജാക്സ് കോലി 50 തികക്കുമ്പോള്‍ ആദ്യ 16 പന്തില്‍ 16 റണ്‍സ് മാത്രമായിരുന്നു നേടിയിരുന്നത്. നൂര്‍ അഹമ്മദിനെതിരെ നേടിയ ഒരേയൊരു ബൗണ്ടറിയായിരുന്നു അപ്പോള്‍ ജാക്സിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നുള്ളു.

വണ്ടർ സെഞ്ചുറിയുമായി വിൽ ജാക്സ്, ചേസ് മാസ്റ്ററായി വീണ്ടും കോലി; ഗുജറാത്തിനെ വീഴ്ത്തി ജീവൻ നിലനിർത്തി ആർസിബി

പതിനൊന്നാം ഓവറില്‍ മോഹിത് ശര്‍മ പന്തെറിയാനെത്തിയതോടെയാണ് വില്‍ ജാക്സ് ടോപ് ഗിയറിലായത്. മോഹിത്തിനിതിരെ സിക്സും ഫോറും പറത്തിയ വില്‍ ജാക്സ് 12-ാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ നേടിയത് 22 പന്തില്‍ 29 റണ്‍സ്. പിതമൂന്നാം ഓവറില്‍ സായ് കിഷോറിനെ സിക്സിന് പറത്തിയ ജാക്സ് പതിനാലാം ഓവറില്‍ നൂര്‍ അഹമ്മദിനെ സിക്സിനും ഫോറിനും പറത്തി അര്‍ധസെഞ്ചുറിക്ക് അരികിലെത്തി. ഈ സമയം ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ആറോവറില്‍ 52 റണ്‍സ്.

പതിനഞ്ചാം ഓവര്‍ എറിയാനെത്തിയ മോഹിത് ശര്‍മയുടെ ആദ്യ പന്ത് ബൗണ്ടറിയും അടുത്ത പന്ത് സിക്സും പറത്തിയ വില്‍ ജാക്സ് 31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. തീര്‍ന്നില്ല വെടിക്കെട്ടിന് മുമ്പുള്ള സാംപിള്‍ മാത്രമായിരുന്നു അത്. നോ ബോളായ അടുത്ത പന്തും സിക്സിന് പറത്തിയ ജാക്സ് നാലാം പന്തില്‍ വീണ്ടും സിക്സും അഞ്ചാം പന്തില്‍ ബൗണ്ടറിയും നേടി. ഇതോടെ 31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ജാക്സ് മോഹിത്തിന്‍റെ ഓവറില്‍ 29 റണ്‍സടിച്ച് 36 പന്തില്‍ 72ല്‍ എത്തി.

ഇതോടെ തന്‍റെ അവസാന ആശ്രയമായ റാഷിദ് ഖാനെ ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ പന്തേല്‍പ്പിച്ചു. ആദ്യ പന്തില്‍ കോലി സിംഗിളെടുത്തു. അടുത്ത രണ്ട് പന്തും സിക്സിന് പറത്തിയ ജാക്സ് നാലാം പന്തില്‍ ബൗണ്ടറി നേടി. അഞ്ചാം പന്തും ആറാം പന്തും സിക്സിന് പറത്തി സെഞ്ചുറിയും ആര്‍സിബിയുടെ അവിശ്വസനീയ വിജയവും ജാക്സ് പൂര്‍ത്തിയാക്കുമ്പോള്‍ ജാക്സ് 41 പന്തില്‍ സെഞ്ചുറിയിലെത്തിയിരുന്നു. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറായ റാഷിദിനെ നിലംതൊടാതെ പറത്തിയ ജാക്സിന്‍റെ പവര്‍ അടികണ്ട് വിരാട് കോലിപോലും അന്തംവിട്ട് അവിശ്വസനീയതയോടെ തലയില്‍ കൈവെച്ചുപോയി. കൃത്യമായി പറഞ്ഞാല്‍ 6.42ന് കോലി വില്‍ ജാക്സിന്‍റെ അര്‍ധസെഞ്ചുറി ആഘോഷിച്ചു. സെഞ്ചുറി ആഘോഷിച്ചത് ആറ് മിനിറ്റിനുശേഷം 6.48നും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios