Asianet News MalayalamAsianet News Malayalam

ആവേശപ്പെരുമഴയായി കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം

Two months long Election campaign ends
Author
First Published May 13, 2016, 8:00 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും പരസ്യ പ്രചാരണത്തിന്റെ കൊടിയിറക്കം ആവേശക്കൊടുമുടിയേറി. വേനല്‍ ചൂടിനോ മഴയ്‌ക്കോ ആവേശം
തെല്ലും കെടുത്താനായില്ല. അവസാന മണിക്കൂറില്‍ നേതാക്കളുടെ അവകാശ വാദങ്ങള്‍കൂടിയായപ്പോള്‍ കൊട്ടിക്കലാശത്തിനു മാറ്റുകൂടി.

ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യവുമായി യുഡിഎഫ് അണികളും ഭരണമാറ്റം ലക്ഷ്യമിട്ട് ഇടതുപക്ഷവും അക്കൗണ്ട് തുറക്കുകയെന്ന ലക്ഷ്യത്തോടെ ബിജെപി അണികളും കൊട്ടിക്കലാശം ആവേശകരമാക്കാന്‍ പരസ്പരം മത്സരിക്കുകയായിരുന്നു. കഴിഞ്ഞ തവണ നേടിയ വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ട് നേടി അധികാരത്തില്‍ വരുമെന്നാണു യുഡിഎഫ് അവകാശവാദം.

100 സീറ്റുമായി അധികാരത്തിലെത്തുമെന്നാണ് ഇടതു മുന്നണിയുടെ വിശ്വാസം. എന്‍ഡിഎ കണക്കുകൂട്ടുന്നത് കേവലം അക്കൗണ്ട തുറക്കല്‍ മാത്രമല്ല, 140 മണ്ഡലങ്ങളിലും അപ്രതീക്ഷിത കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ്.

വടകരയിലെ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ. രമയ്ക്കു നേരെ കയ്യേറ്റമുണ്ടായി. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ആര്‍എംപി ആരോപിക്കുമ്പോള്‍ അക്രമം നടന്നിട്ടില്ലെന്നും വാക്കു തര്‍ക്കം മാത്രമാണുണ്ടായതെന്നുമാണ് സിപിഎമ്മിന്റെ പ്രതികരണം.

Download Video as MP4

കണക്കുകുട്ടലുമായി എല്ലാവരും ജയം അവകാശപ്പെടുമ്പോള്‍ ഇഞ്ചോടിഞ്ച് മല്‍സരമുള്ള 30 ലധികം മണ്ഡലങ്ങളില്‍ എന്താകുമെന്ന ഉറപ്പ് ആര്‍ക്കുമില്ല. അതുകൊണ്ടുതന്നെ കൊട്ടിക്കലാശം ആവേശകരമായി പരിസമാപിക്കുമ്പോഴും ഉദ്യേഗം ബാക്കിയാണ്. നാളത്തെ നിശബ്ദ പ്രചാരണം കൂടി കഴിയുന്നതോടെ കേരളം പോളിംഗ് ബൂത്തിലേക്കാണ്.

Download Video as MP4
Follow Us:
Download App:
  • android
  • ios