വമ്പന്മാരോട് കൊമ്പുകോർക്കുന്ന ശോഭ; ഈ മുന്നേറ്റം കപ്പിലേക്കെത്തുമോ ?
ആദ്യഘട്ടത്തിൽ ബിബിയിൽ മുന്നിൽ നിന്ന വനിതാ മത്സരാർത്ഥി റെനീഷ ആയിരുന്നു. എന്നാൽ ശോഭയിലെ മാറ്റം റെനീഷയെ പതിയെ തള്ളിത്താഴെയിട്ടു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ച് അമ്പതാമത്തെ എപ്പിസോഡിലേക്ക് കടക്കുകയാണ്. ഇതിനോടകം പലരും പ്രേക്ഷകരുടെ പ്രിയങ്കരരായ മത്സരാർത്ഥികളായിക്കഴിഞ്ഞു. ആദ്യ ആഴ്‍ചകളിൽ പിന്നോക്കം നിന്ന പല മത്സരാർത്ഥികളും കുതിച്ച് മുന്നേറുന്ന കാഴ്‍ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബിഗ് ബോസിൽ കാണാൻ സാധിക്കുന്നത്. ഇതിൽ പ്രധാനി ശോഭ വിശ്വനാഥ് ആണ്.
ബിഗ് ബോസ് സീൺ അഞ്ച് തുടങ്ങിയപ്പോള്‍ തന്നെ ഏറെ പ്രതീക്ഷയുള്ള മത്സരാർത്ഥി ആയിരുന്നു ശോഭ വിശ്വനാഥ്. പ്രവചനങ്ങളില്‍ ഏറെ മുന്നിട്ടുനിന്ന പേരും സംരംഭക കൂടിയായ ശോഭയുടേത് തന്നെ. തന്റെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾക്ക് എതിരെ ഒറ്റയ്ക്ക് നിന്ന് പോരാടി ജയിച്ച വനിത എന്നത് തന്നെ ആയിരുന്നു അതിന് കാരണം. ആ ഒരു ഉറച്ച മനസ്സും ഗെയിം സ്‍പിരിറ്റും ഒക്കെയുള്ള ആളാകും ശോഭ എന്ന് കരുതിയെങ്കിൽ, ഇതിന് നേർവിപരീതമായിരുന്നു ആദ്യ ആഴ്‍ചകളിലെ ശോഭയുടെ പ്രകടനം. ബിഗ് ബോസ് വീട്ടിലെ പലകാര്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി ഗെയിം സ്‍പിരിറ്റ് ഇല്ലാതെ ഒരു ഒഴുക്കൻ മട്ടെന്ന് പറയാവുന്ന മത്സരാർത്ഥി.
ബോസ് മത്സരാര്‍ത്ഥികള്‍ക്ക് ആദ്യ ആഴ്‍ചയില്‍ വലിയ കായിക അധ്വാനം ആവശ്യപ്പെടുന്ന ടാസ്‍കുകള്‍ നല്‍കാറില്ല. എന്നാല്‍ ഇത്തവണത്തെ സീസണില്‍ അത് പഴങ്കഥയാക്കി കൊണ്ട് ഫിസിക്കൽ ടാസ്‍കുകളാണ് നൽകിയത്. ഇതിൽ പലരും ലൂപ്ഹോൾ കണ്ടെത്തി ഗെയിം കളിച്ചപ്പോൾ, എത്തിക്സിന്റെ പേരും പറഞ്ഞ് മാത്രമാണ് ശോഭ ശബ്‍ദമുയർത്തിയത്. ഇക്കാര്യവും പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശോഭയ്ക്കെതിരെ ട്രോളുകളും തുടർക്കഥയായി. പുറത്തുള്ളവരും അകത്തുള്ള മത്സരാർത്ഥികളും ശോഭയെ തഴഞ്ഞെന്ന് വേണമെങ്കിൽ പറയാം. പല ടാസ്‌ക്കുകളിലും സംഘടിതമായ ആക്രമണം അവര്‍ നേരിട്ടു.
തമാശയ്ക്കും സ്നേഹത്തിനും പുറമെ ശോഭയുടെ മറ്റൊരു മുഖം കൂടി ഉണ്ടെന്ന് ബിഗ് ബോസ് വീട് കണ്ടത് മോഹൻലാലിന്റെ ഫുട്ബോൾ ടാസ്‍കിൽ ആണ്. ടാസ്‌കില്‍ പെനാല്‍റ്റിയെടുക്കാന്‍ വന്ന ഒരാള്‍ ശോഭയായിരുന്നു. എന്നാല്‍ ശോഭയുടെ ഷൂട്ട് ഗോള്‍ ആയില്ല. ഇത് സെല്‍ഫ് ഗോളായിപ്പോയെന്ന കളിയാക്കലുകളും ശോഭ നേരിട്ടു. ഇത് ഗൗരവത്തോടെ എടുത്ത ശോഭ, ടാസ്‌കിന് ശേഷം നൽകിയ സമ്മാനം നിരസിച്ചത്, മറ്റ് മത്സരാർത്ഥികളെ പോലെ തന്നെ പ്രേക്ഷകർക്കും അത്ര ബോധിച്ചിട്ടില്ലെന്ന് വ്യക്തമാണ്. അഖില്‍ മാരാര്‍ പക്ഷപാതം കാണിച്ചുവെന്നും അത് കണ്ടുവെന്നും ശോഭ പറയുന്നുണ്ട്. ഇതോടെയാണ് അഖിലും ശോഭയുമായിട്ടുള്ള പ്രശ്നങ്ങൾ തുടങ്ങുന്നത്.
ഇതിനിടെയാണ് കലാപ്രാവീണ്യം അടയാളപ്പെടുത്തുന്നൊരു ടാസ്‍ക് ബിഗ് ബോസ് കൊണ്ടുവരുന്നത്. ചെറിയൊരു തർക്കത്തിനിടെ 'ചേച്ചി ചെയ്‍തത് വളരെ മോശമായ കാര്യമാണ്. ഗെയിം ഓൺ ചേച്ചി ഗെയിം ഓൺ. എനിക്ക് വേറെ ഒന്നും പറയാനില്ല ഗെയിം ഓൺ. നിങ്ങൾ എന്താണോ വേണ്ടത് അതനുസരിച്ച് തന്നെ ഞാൻ കളിക്കും", എന്ന് ശോഭ മനീഷയോട് ആക്രോശിക്കുകയായിരുന്നു. യഥാർത്ഥത്തിൽ ശോഭ എന്ന മത്സരരാർത്ഥി ആരാണെന്ന് പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുന്ന ദിനങ്ങളായിരുന്നു പിന്നീട് ഇങ്ങോട്ട്. അതായത് 'ശോഭേച്ചിയുടെ ഗെയിം ഓൺ ആകുകയായിരുന്നു' എന്ന് വ്യക്തം.
ബിഗ് ബോസ് ഷോയിലും ഗെയിമിലും ടാസ്‍കുകളിലും പൊതുവിലെ പ്രവർത്തനങ്ങളിലും മുമ്പൻമാർ എന്ന് കരുതുന്നവർക്കെതിരെ ഒറ്റയ്ക്ക് പടപൊരുതി ശോഭ. 'ഗെയിം ഇങ്ങനെയാണ്. ഞാൻ ജീവിതത്തിൽ കുറച്ച് എത്തിക്സുള്ളയാൾ ആണ്. ഗെയിമും അങ്ങനെ തന്നെ ആയിരിക്കും ', എന്ന തന്റെ നിലപാടും ഗെയിമും തുറന്ന് കാണിച്ചു. മോഹൻലാലിന് മുന്നിലിരുന്ന് വരെ ഉറങ്ങി ട്രോളായി മാറിയ ശോഭ തുടർന്നുള്ള ടാസ്‍കുകളിൽ മാസ് പ്രകടനം കാഴ്‍ചവച്ചു. സ്ത്രീകൾക്ക് സാധിക്കില്ലെന്ന് പറയുന്ന കാര്യങ്ങളിലെല്ലാം അത് തന്നെ കൊണ്ട് പറ്റും എന്ന് ശോഭ പ്രവർത്തികളിലൂടെ വിളിച്ചു പറഞ്ഞുകൊണ്ടേരിക്കുന്നു. അത് ശോഭയിലെ വലിയൊരു മാറ്റത്തിന് പ്രേക്ഷകരെ സാക്ഷികളാകുക ആയിരുന്നു.
ആദ്യഘട്ടത്തിൽ ബിബിയിൽ മുന്നിൽ നിന്ന വനിതാ മത്സരാർത്ഥി റെനീഷ ആയിരുന്നു. എന്നാൽ ശോഭയിലെ മാറ്റം റെനീഷയെ പതിയെ തള്ളിത്താഴെയിട്ടു. ഓരോ മത്സരാർത്ഥികളുടെയും സ്വഭാവവും സ്ട്രാറ്റജികളും മനസിലാക്കിയ ശോഭ, പലരുടെയും മുഖം മൂടി വലിച്ചൂരി. അമ്മൂമ്മ വിഷയത്തിൽ റെനീഷയുടെ ഡബിൾ സ്റ്റാൻഡ് പുറത്തു കൊണ്ടുവന്നതും ചർച്ചയാക്കപ്പെട്ടതും ശോഭ കാരണം ആണെന്നതിൽ ഒരുതർക്കവും ഇല്ല.
സംഘടനാ ശേഷി ഉള്ള മത്സർത്ഥിയാണ് ശോഭ എന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അത് ജീവിതത്തിൽ ആയാലും ഷോയിൽ ആയാലും. അഖിൽ മാരാരുടെയും സംഘത്തിന്റെയും മൈന്റ് ഗെയിമിലൂടെ ആണ് ശോഭ ക്യാപ്റ്റനായതെങ്കിലും ആ കാലയളവിൽ മികച്ച പ്രകടനം ശോഭ കാഴ്‍ചവച്ചിരുന്നു. ക്യാപ്റ്റൻസിയാണ് ശോഭ എന്ന മത്സരാർത്ഥിയിൽ വഴിത്തിരിവ് ഉണ്ടാക്കിയതും.
മുൻ സീസണുകളുടെ പാത പിന്തുടർന്ന് ഒരു ഒറ്റപ്പെടൽ സ്ട്രാറ്റജി ശോഭ ബിഗ് ബോസ് വീട്ടിൽ പയറ്റിയിരുന്നു. അതിപ്പോഴും തുടരുന്നുമുണ്ട്. താൻ ഒരുപാട് ഒറ്റപ്പെടൽ സഹിച്ചു. താൻ സഹിച്ച പോലെ ആരും സഹിച്ചിട്ടില്ല എന്നൊക്കെ വരുത്തി തീർക്കുന്നത് പോലെ തോന്നിയിട്ടുണ്ട്. അതായത് ഒരു സഹതാപ സ്ട്രാറ്റജി. അതിൽ ഏറെക്കുറെ ശോഭ വിജയിച്ചിട്ടുമുണ്ട്. പ്രേക്ഷകർ ശോഭയോട് കാണിക്കുന്ന പ്രത്യേക താല്‍പര്യം തന്നെ അതിന് തെളിവാണ്.
അത്യവാശ്യം നല്ല രീതിയിൽ സ്ക്രീൻ സ്പെയ്‍സ് ലഭിക്കുന്ന വനിത മത്സരാർത്ഥിയാണ് ശോഭ. എന്നാൽ പലപ്പോഴും അഖിൽ മാരാർ കാരണമാണ് ശോഭയ്ക്ക് സ്ക്രീൻ സ്പെയ്‍സ് ലഭിക്കുന്നത് എന്നതും വ്യക്തമാണ്. ഇരുവരും തമ്മിലുള്ള ടോം ആൻഡ് ജെറി കോമ്പോ പ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനം ചൊലുത്തുന്നുണ്ട്. പലപ്പോഴും അഖിലിന്റെ ഇരട്ടത്താപ്പ് ശോഭ മനസിലാക്കുന്നില്ല എന്നത് മറ്റൊരു വശമാണ്. ചിലപ്പോൾ അക്കാര്യം മനസിലാക്കി ശക്തമായി പ്രതികരിക്കുന്നുമുണ്ട് ശോഭ.
ബിഗ് ബോസ് മത്സരാർത്ഥികൾക്കിടയിൽ എല്ലാ സീസണിലും സൗഹൃദങ്ങൾ ഉടലെടുക്കാറുണ്ട്. ഇവ പ്രേക്ഷകർക്കിടയിൽ ചർച്ചയാകാനും പ്രേക്ഷക പ്രീയം നേടാനും ഇടയാക്കും. ഈ സീസണിലും അതിന് കുറവൊന്നും ഇല്ല. സാഗർ- ജുനൈസ്, അഞ്ജൂസ്- സെറീന-റെനീഷ, വിഷ്‍ണു- ഷിജു- അഖിൽ, ശ്രുതി ലക്ഷ്‍മി- റിനോഷ്- മിഥുൻ എന്നിങ്ങനെ പോകുന്നു ആ ലിസ്റ്റ്. പക്ഷേ ശോഭയ്ക്ക് ബിഗ് ബോസിൽ ആരുമായും ഒരു സൗഹൃദം ഉണ്ടായിട്ടില്ല.
ആകെ ഒരു അടുപ്പം തോന്നിയത് നാദിറയോട് മാത്രമാണ്. അതും വീട്ടിലെ ഗെയിമിന് വേണ്ടി മാത്രം. ഇരുവരും ഒന്നിച്ച് നിന്ന് പല ഗെയിമുകളും മാറ്റി മറിച്ചിട്ടുമുണ്ട്. എന്നാൽ അതൊരു സൗഹൃദം ആക്കാൻ ശോഭ തയ്യാറായിട്ടില്ല. ഒരുപക്ഷേ ആരെയും വിശ്വസമില്ലാത്തത് കൊണ്ടാകാം. പൊതുവിൽ ആരെയും വിശ്വസിക്കാത്ത കൂട്ടത്തിൽപ്പെടുന്ന ആളാണ് ശോഭ എന്നത് പറയേണ്ടതില്ല.
പടച്ചോൻ സത്യത്തിൽ സെറീനയെ എനിക്ക് ഇഷ്ടമാണ്, സാഗറിനെ ഇടിക്കാനുള്ള ദേഷ്യം: ജുനൈസ്
ബിഗ് ബോസ് ഹൗസില്‍ നിലവിൽ ശക്തയായ മത്സരാർത്ഥിയാണ് ശോഭ എന്ന് നിസംശയം പറയാം. പൊതുവിലെ സ്വഭാവം കൊണ്ടാണെന്ന് തോന്നുന്നു തോൽവി അംഗീകരിക്കാൻ അവർ തയ്യാറല്ല. ടാസ്‍കുകളിൽ പരാജയം നേരിട്ടാൽ മറ്റുള്ളവരെ പ്രകോപിപ്പിക്കുകയും അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്നതായും തോന്നിയിട്ടുണ്ട്. ആദ്യദിനം മുതലുള്ള ടാസ്കുകൾ നോക്കുകയാണെങ്കിൽ ശോഭ തോറ്റിട്ടുള്ള എല്ലാ ഗെയിമിലും ഗ്രൂപ്പ് കളിയാണെന്നും സത്യസന്ധമായ ഗെയിം അല്ലെന്നും മാത്രമാണ് പറഞ്ഞിട്ടുള്ളത്. പല മത്സരാർത്ഥികളും പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് ഇല്ലാത്ത കാര്യങ്ങൾ വിളിച്ച് പറഞ്ഞ് സ്വയം ഒരു വിക്ടിം ആകാനും ശോഭ ശ്രമിക്കുന്നുണ്ട്. ഒപ്പം നിൽക്കുന്നവർക്ക് എതിരെ ഏത് നിമിഷവും തിരിയുന്ന പ്രകൃതവും ശോഭയ്ക്കുണ്ട്. ഒരുപക്ഷേ അതുകൊണ്ടാകാം ശോഭയ്ക്കൊപ്പം ആരും കൂട്ടുകൂടാൻ വരാത്തതും. ഒപ്പം ഡബിൾ സ്റ്റാൻഡും. അഞ്ജൂസ്- ഒമർ വിഷയം തന്നെ അതിന് ഉദാഹരണം.
ടോം ആൻഡ് ജെറി കോമ്പോ
പ്രേക്ഷക ഇഷ്ടം കവരുന്ന കോമ്പോകൾ പല ബിഗ് ബോസ് സീസണുകളിലും ഉണ്ടായിട്ടുണ്ട്. സാബു- രഞ്ജിനി, മണിക്കുട്ടൻ- ഡിംപൽ എന്നിവ ഉദാഹരണങ്ങളാണ്. പ്രണയമോ സൗഹൃദമോ തർക്കമോ ഒക്കെയാകും ഈ കോമ്പോയ്ക്ക് കാരണം. ഇവയിൽ നിന്നും വ്യത്യസ്‍തമാണ് ടോം ആൻഡ് ജെറി കോമ്പോകളായ അഖിലും ശോഭയും. പരസ്‍പരമുള്ള വഴക്കുകളും കൗണ്ടറുകളുമൊക്കെയാണ് ഇവരെ ചേർത്ത് നിർത്തുന്നത്. സമീപന രീതികളിൽ രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന വ്യത്യസ്‍ത സ്വഭാവക്കാരാണ് രണ്ടുപേരും. തമ്മിൽ കണ്ടാൽ പരസ്പരം പാരയാണ്. ഗെയിമിൽ തോൽപ്പിക്കാൻ കിണഞ്ഞ് പരിശ്രമിക്കും. അഖിൽ പലപ്പോഴും ശോഭയെ തരംതാഴ്ത്തി കെട്ടി സംസാരിക്കാറുണ്ട്. അതിന് തക്കതായ മറുപടി ശോഭ നൽകാറുമുണ്ട്.
നേരത്തെ പറഞ്ഞത് പോലെ ശോഭയ്ക്ക് ഏറ്റവും കൂടുതൽ സ്ക്രീൻ സ്പെയ്‍സ് ലഭിക്കുന്നതും ഈ കോമ്പോയിലൂടെ ആണ്. അക്കാര്യം ശോഭയ്ക്ക് കൃത്യമായി അറിയുകയും ചെയ്യാം. അതുകൊണ്ടാണ് മാരാരുടെ വാക്കുകളിലെ സ്ത്രീ വിരുദ്ധതയും പൊളിറ്റിക്കൽ കറക്റ്റ്‌നെസ്സും പലപ്പോഴും ശോഭ ചോദ്യം ചെയ്യാത്തതെന്ന് തോന്നുന്നു. നാദിറ ഉൾപ്പടെയുള്ളവർ ഇക്കാര്യം ശോഭയോട് പറഞ്ഞിട്ടുണ്ടെങ്കിലും അത് മനസിലാക്കുന്നില്ല, മനഃപൂർവ്വം ഒഴിവാക്കുന്നുണ്ട്. ഈ കോമ്പോയിലൂടെ മത്സരാർത്ഥി എന്ന നിലയിൽ വലിയ സപ്പോർട്ടും ശോഭയ്ക്ക് ലഭിക്കുന്നു എന്നതും വ്യക്തമാണ്.
എന്തായാലും ആദ്യഘട്ടത്തിൽ അത്രപോര എന്ന് പറഞ്ഞവരെ കൊണ്ട് താനൊരു ബിഗ് ബോസ് മെറ്റീരിയലാണെന്ന് ശോഭ പറയിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് ആക്രമണം നേരിട്ട് പല പ്രാവശ്യം നിയന്ത്രണം വിട്ടു പൊട്ടിത്തെറിക്കുകയും കണ്ണീരണിയുകയും ചെയ്‌തിട്ടും ഓരോ ടാസ്‌ക്കും കഴിയുമ്പോള്‍ അവര്‍ പുഞ്ചിരിയോടെ മടങ്ങി വന്നു. വേദനകള്‍ ഉള്ളില്‍ ഒളിപ്പിച്ചു വാശിയോടെ അടുത്ത മത്സരത്തിനായി തയാറായി. കഴിഞ്ഞ ഡെയ്‍ലി ടാസ്‍കിൽ, അഖിലിനോടും വിഷ്‍ണുവിനോടും പൊരുതി തോറ്റത് തന്നെ തെളിവ്. 'ഇത് വീക്കിലി ടാസ്ക്ക് അല്ല ഇത് ഡെയിലി ടാസ്ക്ക് ആണ്.. അതുകൊണ്ട് അധികം എഫർട് ഇടേണ്ട' എന്നൊക്കെ പലരും പറഞ്ഞിട്ടും ശോഭ അതൊന്നും മൈൻഡ് ആക്കിയില്ല. മികച്ച രീതിയിൽ അവർ കളിച്ചു. അന്നത്തെ ദിവസം സ്ക്രീൻ സ്പേസ് മുഴുവനും ശോഭ സ്വന്തമാക്കി. ഒടുവിൽ ബിഗ് ബോസിലെ ഗെയിമർമാരായ അഖിലും വിഷ്‍ണുവും തന്നെ ശോഭ മികച്ച ഗെയിമർ എന്ന് പറയുകയും ചെയ്‍തു. അതായത് എതിരാളികള്‍ പോലും ശോഭയെ അംഗീകരിച്ചു എന്നത് വ്യക്തം.
തന്റെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ സധൈര്യം നേരിട്ട് മുന്നേറിയ ശോഭ ബിഗ് ബോസിലും ഇനിയൊരു കലക്ക് കലക്കും. സന്ദർഭങ്ങൾ അറിഞ്ഞ് പെരുമാറി, ഡബിൾ സ്റ്റാൻഡ് ഇല്ലാതെ, ഉറച്ച നിലപാടിൽ മുന്നേറുകയാണെങ്കിൽ ശോഭ ഉറപ്പായും ബിഗ് ബോസ് ടോപ് ഫൈവിൽ ഉണ്ടാകും. പരാജയത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ് ഗാംഭീര്യത്തോടെ തിരിച്ചുവരാൻ സഹായിച്ച പോരാട്ടവീര്യം ശോഭയെ അതിന് തുണയ്‍ക്കുമെന്ന് തീര്‍ച്ച. ബിഗ് ബോസ് ഹൗസില്‍ എന്തായാലും ശോഭയുടെ ഇടപെടലുകള്‍ നിര്‍ണായകമാകും.
ബിഗ് ബോസ് സീസണ്‍ 5 റിവ്യു വായിക്കാം..
സാഗർ -സെറീന 'പ്രണയം' സ്ട്രാറ്റജിയോ ? സൗഹൃദങ്ങൾക്ക് എന്ത് സംഭവിക്കും ?
കളം നിറഞ്ഞ ഫിറ്റ്നസ് ഫ്രീക്കൻ, തന്ത്രശാലി; എന്നിട്ടും വിഷ്ണുവിന് സംഭവിക്കുന്നത് എന്ത് ?
ബിഗ് ബോസ് മലയാളത്തിലെ ആദ്യ കോമണർ, ഗോപിക പുറത്തായത് എന്തുകൊണ്ട്?
റിനോഷിന്റേത് 'നന്മമരം' കളിയോ ? ഇങ്ങനെ പോയാൽ 'വിഷയം' ആകുമേ..
അഖിൽ മാരാരുടെ തന്ത്രങ്ങൾ ഇനി എന്തൊക്കെ ?
സ്റ്റാർ ആയി റിനോഷും വിഷ്ണുവും, പ്രതീക്ഷ തെറ്റിച്ച് ശോഭയും സാഗറും ; ബിബി 5 ആദ്യവാരം ഇങ്ങനെ