'സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല'; ഓണസദ്യ അനുഭവം പങ്കുവച്ച് സജിത മഠത്തില്‍
'വീട്ടിലെ സദ്യ എന്ന എന്റെ 'പഴഞ്ചന്‍' സങ്കല്‍പ്പത്തെ അവര്‍ തകര്‍ത്തെറിഞ്ഞു. ഒരു ബോക്‌സു കൊണ്ട് രണ്ടു പേര്‍ക്ക് ഗംഭീരമായി കഴിക്കാം..'
തിരുവനന്തപുരം: കെടിഡിസിയുടെ ഓണസദ്യയെ പുകഴ്ത്തി നടി സജിത മഠത്തില്‍. പ്രതീക്ഷിച്ചതിനെക്കാള്‍ വളരെ മികച്ചതായിരുന്നു സദ്യയെന്നും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും സജിത പറഞ്ഞു. പാക്കിങ്ങ് എടുത്തു പറയേണ്ടതാണ്. പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കാത്തതിന് പ്രത്യേക നന്ദി. വീട്ടിലെ സദ്യ എന്ന 'പഴഞ്ചന്‍' സങ്കല്‍പ്പത്തെ കെടിഡിസി തകര്‍ത്തെറിഞ്ഞെന്നും സജിത ഫേസ്ബുക്കില്‍ കുറിച്ചു.
സജിതയുടെ കുറിപ്പ്: ''സാധാരണ ഓണത്തിന് വീട്ടിലെ സദ്യയാണ് എനിക്ക് ഇഷ്ടം. പല തരം കറികള്‍ ഉണ്ടാക്കി ഒന്നിച്ചിരുന്നു കഴിക്കുന്നതാണ് സന്തോഷം. അതാണ് എനിക്ക് ആഘോഷം. ഇത്തവണ വിധു Vidhu Vincent നല്‍കിയ ഓണം ഓഫറില്‍ 'സജി വന്നാല്‍ മതി സദ്യ ഞാനൊരുക്കും' എന്നതായിരുന്നു തലവാചകം. അല്പം പേടിയോടെയാണ് തല വെച്ച് കൊടുത്തത്. പക്ഷെ ഉള്ളതു പറയാമല്ലോ അവള്‍ സദ്യ വാങ്ങിക്കാന്‍ തീരുമാനിച്ചത് എന്റെ ഭാഗ്യം. അവള്‍ ഏര്‍പ്പാക്കിയ KTDCയുടെ സ്‌പെഷല്‍ സദ്യ പ്രതീക്ഷയെക്കാള്‍ വളരെ മുകളിലായിരുന്നു. ഗംഭീര സദ്യ! പാക്കിങ്ങ് എടുത്തു പറയേണ്ടതാണ്. പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കാത്തതിന് പ്രത്യേക നന്ദി. വീട്ടിലെ സദ്യ എന്ന എന്റെ 'പഴഞ്ചന്‍' സങ്കല്‍പ്പത്തെ അവര്‍ തകര്‍ത്തെറിഞ്ഞു. ഒരു ബോക്‌സു കൊണ്ട് രണ്ടു പേര്‍ക്ക് ഗംഭീരമായി കഴിക്കാം. ഇത് സ്ഥിരമായി ഒരുക്കുന്ന സദ്യയാണോ എന്നെനിക്കറിയില്ല. എന്നാലും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല. കൊച്ചിയില്‍ ഇത് കിട്ടാന്‍ മാര്‍ഗ്ഗമുണ്ടോ? ഏതായാലും വലിയ സംരംഭമായി മാറട്ടെ! NB :എന്റെ പഴയ അയല്‍ ഫ്‌ലാറ്റിയുടെ മടി കൊണ്ട് ചിലപ്പോള്‍ ചില ഗുണങ്ങളുമുണ്ടെന്ന് മനസ്സിലായില്ലെ! വില പലരും ചോദിച്ചതിനാല്‍ അന്വേഷിച്ചു. ഒരു ചെറിയ കുടുബത്തിനുള്ള പാക്കറ്റിന് 1499നും ചെറിയ പാക്കറ്റിന് 899നും ആണെന്ന് അറിയുന്നു. ''