entertainment
By Web Desk | 12:11 PM April 02, 2018
"നന്മ സ്‌ക്രീനിൽ മാത്രം പ്രതീക്ഷിച്ചാൽ മതി,പുറത്ത് അതൊന്നും പ്രതീക്ഷിക്കരുത്"

Highlights

  • സുഡാനി ഫ്രൈം നൈജീരിയ സിനിമയിലെ നായകന്‍ സാമുവല്‍ റോബിന്‍സണ്‍ ഉന്നയിച്ച ആരോപണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഡോക്ടര്‍ ബിജു

തിരുവനന്തപുരം: സുഡാനി ഫ്രൈം നൈജീരിയ സിനിമയിലെ നായകന്‍ സാമുവല്‍ റോബിന്‍സണ്‍ ഉന്നയിച്ച ആരോപണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഡോക്ടര്‍ ബിജു. യാതൊരു വിധ തൊഴിൽ നിയമങ്ങളും ഇല്ലാത്ത യാതൊരു വിധത്തിലുള്ള സോഷ്യലിസ്റ്റ് മനോഭാവവുമില്ലാത്ത, ചെറുതല്ലാത്ത വംശീയ മനോഭാവം നിലനിൽക്കുന്ന ഒരു മേഖലയാണ് ഭൂരിപക്ഷം മലയാള സിനിമാ സൈറ്റുകള്‍ എന്ന് ഇദ്ദേഹം ആരോപിക്കുന്നു.

രാപകൽ കഷ്ടപ്പെടുന്ന ഒരു ലൈറ്റ് ടെക്നിഷ്യനോ ഡ്രൈവറോ പ്രൊഡക്ഷൻ ബോയിയോ 250 രൂപയുടെ ഒരു ബാറ്റ കൂടുതൽ ചോദിച്ചാൽ കൊടുക്കാൻ ബുദ്ധിമുട്ടാണ്.ഒരു ദിവസം കൂലിപ്പണിയെടുത്താൽ കിട്ടുന്ന തുക പോലും കൊടുക്കാതെ അറവ് മാടുകളെ പോലെ പണിയെടുക്കുന്ന അസിസ്റ്റന്റ്റ് ഡയറക്ടർമാർ ആണ് സിനിമാ രംഗത്ത് കൂടുതല്‍ എന്നും ബിജു പറയുന്നു.

സാമുവല്‍ റോബിന്‍സണ്‍ ഉന്നയിക്കുന്ന വിഷയം കുറഞ്ഞപക്ഷം കെട്ടിയടയ്ക്കപ്പെട്ട സിനിമാ സൈറ്റുകളിലെ വെള്ളി വെളിച്ചത്തിന് അപ്പുറം ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്തു തുടങ്ങാൻ ഒരു നിമിത്തമാകുന്നു എന്നാണ് ബിജു അഭിപ്രായപ്പെടുന്നത്.
 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

യാതൊരു വിധ തൊഴിൽ നിയമങ്ങളും ഇല്ലാത്ത യാതൊരു വിധത്തിലുള്ള സോഷ്യലിസ്റ്റ് മനോഭാവവുമില്ലാത്ത, ചെറുതല്ലാത്ത വംശീയ മനോഭാവം നിലനിൽക്കുന്ന ഒരു മേഖലയാണ് ഭൂരിപക്ഷം മലയാള സിനിമാ സൈറ്റുകളും. ഒരേ സെറ്റിൽ മൂന്ന് തരം ഭക്ഷണം പോലും വിളമ്പുന്ന വിവേചനം ഇന്നും നിലനിൽക്കുന്ന ഒരിടം.താരങ്ങൾക്ക് അവരാവശ്യപ്പെടുന്ന പ്രതിഫലം കൊടുക്കുന്നത് കൂടാതെ പിന്നീട് അവരുടെ ഓരോ സ്വകാര്യ ആവശ്യങ്ങൾക്കും വിമാന ടിക്കറ്റോ യാത്രാക്കൂലിയോ നൽകാൻ ഒരു മടിയും ഉണ്ടാകാറില്ല . പക്ഷെ രാപകൽ കഷ്ടപ്പെടുന്ന ഒരു ലൈറ്റ് ടെക്നിഷ്യനോ ഡ്രൈവറോ പ്രൊഡക്ഷൻ ബോയിയോ 250 രൂപയുടെ ഒരു ബാറ്റ കൂടുതൽ ചോദിച്ചാൽ കൊടുക്കാൻ ബുദ്ധിമുട്ടാണ്.ഒരു ദിവസം കൂലിപ്പണിയെടുത്താൽ കിട്ടുന്ന തുക പോലും കൊടുക്കാതെ അറവ് മാടുകളെ പോലെ പണിയെടുക്കുന്ന അസിസ്റ്റന്റ്റ് ഡയറക്ടർമാർ ആണ് സിനിമാ രംഗത്ത് കൂടുതലും. രാവിലെ 6 മണിക്ക് തന്നെ സെറ്റിലെത്തുന്ന ലൈറ്റ് ടെക്നിഷ്യന്മാരും, പ്രൊഡക്ഷൻ ബോയിയും , ഡ്രൈവർമാരും , ആർട്ട് , ഡയറക്ഷൻ അസിസ്റ്റന്റ്മാരും , ജൂനിയർ ആർട്ടിസ്റ്റുമാരും ഒക്കെ തിരികെ പോകുന്നത് ഷൂട്ടിങ് പൂർത്തിയാക്കി രാത്രി ഏറെ വൈകി ആകും. വലിയ താരങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ളപ്പോൾ വരാം ഇഷ്ടമുള്ളപ്പോൾ പോകാം. അവർക്ക് തൊഴിലിന്റെ ഒരു പ്രൊഫഷണലിസവും ബാധകമല്ല. അവർക്ക് വേണ്ടി എത്ര നേരവും കാത്ത് നിൽക്കാം, എത്ര നേരത്തെയും ഷൂട്ടിങ് നിർത്താം. പക്ഷെ ഒരു അടിസ്ഥാന വർഗ്ഗ തൊഴിലാളി രാത്രി ഷൂട്ട് നീണ്ടുപോയാൽ ഒരു ബാറ്റ കൂടുതൽ ചോദിച്ചാൽ സിനിമയിൽ അത് വലിയ കുറ്റകൃത്യമാണ്. ഒരു അസിസ്റ്റന്റ്റ് ഡയറക്ടർ മിനിമം വേതനം ചോദിച്ചാൽ അവൻ പിറ്റേന്ന് വീട്ടിലേക്ക് ബാഗ് പായ്ക്ക് ചെയ്യണം. പുരുഷ താരങ്ങൾക്ക് അവർ ചോദിക്കുന്ന പ്രതിഫലം നൽകും പക്ഷെ സ്ത്രീ അഭിനേതാക്കൾ കിട്ടുന്നത് വാങ്ങി പൊയ്ക്കോണം. സ്ത്രീകൾ പണിയെടുക്കുന്നുവെങ്കിൽ അവർക്ക് പ്രാഥമിക ആവശ്യങ്ങൾക്കുള്ള സ്‌പെയ്‌സ് പോലും ഒരുക്കിക്കൊടുക്കാൻ ശ്രദ്ധിക്കാറു പോലുമില്ലാത്ത ആണിടങ്ങൾ ആണ് ഭൂരിപക്ഷം സിനിമാ സെറ്റുകളും. അതേപോലെ താരങ്ങൾക്കും സംവിധായകർക്കും ചില നിര്മാതാക്കൾക്കും പ്രൊഡക്ഷൻ കണ്ട്രോളർമാർക്കും ഒക്കെ ആവശ്യത്തിനും അനാവശ്യത്തിനും തെറി വിളിച്ചു മെക്കിട്ട് കേറാനുള്ളവരാണ് സെറ്റിലെ അടിസ്ഥാന വർഗ്ഗ തൊഴിലാളികൾ. ചില സെറ്റുകളിൽ മൂന്ന് തരം ഭക്ഷണം പോലും നൽകാറുണ്ട്.തൊഴിലിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ചുള്ള വിവേചനം. അൻപതോ നൂറോ ദിവസത്തെ ഒരു സിനിമയുടെ ചിത്രീകരണത്തിന് ജോലി ചെയ്യാനായി എത്തുമ്പോൾ പ്രധാന താരങ്ങളും സാങ്കേതിക പ്രവർത്തകരും മാത്രമാണ് ഒരു കരാറിൽ ഏർപ്പെടുന്നത്. ബാക്കി പണിയെടുക്കുന്ന ഭൂരിഭാഗം ആളുകളും കരാറിന്റെ പുറത്തല്ല ജോലി ചെയ്യുന്നത്.തൊഴിൽപരമായ ഒരു ക്ലാസ്സ് വിഭജനവും വിവേചനവും വല്ലാതെ നില നിൽക്കുന്ന, നില നിർത്തി പോരുന്ന , സോഷ്യലിസത്തിനു യാതൊരു പ്രസക്തിയും ഇല്ലാത്ത ഒരു പണിയിടം ആണ് മലയാള സിനിമ. ചെറുതല്ലാത്ത വംശീയതയും അവിടെ പ്രകടമായി തന്നെ നിലനിൽക്കുന്നുണ്ട്. അത് കൊണ്ട് നന്മ ഒക്കെ സ്‌ക്രീനിൽ മാത്രം പ്രതീക്ഷിച്ചാൽ മതി സ്ക്രീനിന് പുറത്ത് അതൊന്നും പ്രതീക്ഷിക്കരുത് സാർ..ഇത് മലയാള സിനിമയാണ്..ആദ്യ സിനിമയിൽ നായികയായി അഭിനയിച്ച ഒരു കീഴാള സ്ത്രീയെ അവരുടെ വീട് കത്തിച്ചു തമിഴ് നാട്ടിലേക്ക് ഓടിച്ചു വിട്ടാണ് നമ്മൾ മലയാള സിനിമയുടെ സംസ്കാരം തുടങ്ങി വെച്ചത്. അതിന് ശേഷം 90 വർഷമായിട്ടും ഒരു കറുത്ത നിറമുള്ള സ്ത്രീയെ നായികാ വേഷത്തിൽ കൊണ്ടുവരാൻ സമ്മതിക്കാത്തവരാണ് സാർ ഞങ്ങൾ.(കറുത്ത നിറമുള്ള നായികയെ വേണമെങ്കിൽ ഞങ്ങൾ വെളുത്ത ശരീരത്തെ കറുപ്പ് പെയിൻറ്റടിച്ചു അഭിനയിപ്പിക്കും.കറുത്ത നടന്മാരാകട്ടെ ഞങ്ങളുടെ താര രാജാക്കന്മാരുടെ അടി കൊള്ളാനും വംശീയമായി അപഹസിച്ചു ചിരിപ്പിക്കാനും , തറ കോമഡി ഉത്പാദിപ്പിക്കാനും ഉള്ള അസംസ്‌കൃത വിഭവമാണ് ഞങ്ങൾക്ക്...തൊലിയുടെ നിറവും, വംശവും, ലിംഗവും, ചെയ്യുന്ന ജോലിയുടെ ഇനവും ഒക്കെ നോക്കി ആളുകളെ വേർതിരിക്കുന്ന ഇടമാണ് ബ്രോ മലയാള സിനിമ. അവിടെയാണ് ഒരു കറുത്ത നിറമുള്ള അഭയാർത്ഥി , ലോകത്ത് ഏറ്റവും കൂടുതൽ വംശീയത നേരിടുന്ന ഒരു രാജ്യത്തിലെ പൗരൻ തൊഴിൽ വിവേചനത്തെപ്പറ്റിയും അർഹമായ കൂലിയെപ്പറ്റിയും ഒക്കെ ഒരു ചർച്ച ഉയർത്തി വിടുന്നത്..കുറഞ്ഞപക്ഷം കെട്ടിയടയ്ക്കപ്പെട്ട സിനിമാ സൈറ്റുകളിലെ വെള്ളി വെളിച്ചത്തിന് അപ്പുറം ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്തു തുടങ്ങാൻ ഒരു നിമിത്തമാകുന്നു ഇത്.

Show Full Article


Recommended


bottom right ad