Asianet News MalayalamAsianet News Malayalam

കോപ അമേരിക്ക മത്സരക്രമമായി; ആരാധകർ കാത്തിരിക്കുന്ന ബ്രസീൽ-അർജന്‍റീന പോരാട്ടം നടക്കാൻ സാധ്യത ഫൈനലില്‍ മാത്രം

ഗ്രൂപ്പ് ബിയില്‍ മെക്സിക്കോ, ഇക്വഡോര്‍, വെനസ്വേല, ജമൈക്ക ടീമുകളും, ഗ്രൂപ്പ് സിയില്‍, ആതിഥേയരായ അമേരിക്ക, യുറുഗ്വേ, പനാമ, ബൊളീവിയ ടീമുകളും മാറ്റുരക്കും. ഗ്രൂപ്പ് ഡിയിലാണ് നിലവിലെ റണ്ണറപ്പുകളായ ബ്രസീലുള്ളത്.

Copa America 2024 group stage draw: Groups, schedule, fixtures are out now
Author
First Published Dec 8, 2023, 8:36 AM IST

റിയോ ഡി ജനീറോ: അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന കോപ അമേരിക്ക ഫുട്ബോളിന്‍റെ മത്സരക്രമം പുറത്തുവിട്ടു. നാലു ഗ്രൂപ്പുകളിലായി നാലു ടീമുകള്‍ വീതം ആകെ 16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് എ യില്‍ നിലവിലെ ജേതാക്കളായ അര്‍ജന്‍റീനക്ക് പുറമെ പെറു, ചിലി, കാനഡ അല്ലെങ്കില്‍ ട്രിനിഡാഡ് ടുബാഗോ(പ്ലേ ഓഫ് വിജയികള്‍) ടീമുകളാണുള്ളത്. കാനഡയാണ് യോഗ്യത നേടുന്നതെങ്കില്‍ ടൂര്‍ണമെന്‍റിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പാകും ഇത്. ജൂണ്‍ 20ന് പ്ലേ ഓഫ് വിജയികളുമായാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം.

ഗ്രൂപ്പ് ബിയില്‍ മെക്സിക്കോ, ഇക്വഡോര്‍, വെനസ്വേല, ജമൈക്ക ടീമുകളും, ഗ്രൂപ്പ് സിയില്‍, ആതിഥേയരായ അമേരിക്ക, യുറുഗ്വേ, പനാമ, ബൊളീവിയ ടീമുകളും മാറ്റുരക്കും. ഗ്രൂപ്പ് ഡിയിലാണ് നിലവിലെ റണ്ണറപ്പുകളായ ബ്രസീലുള്ളത്. ബ്രസീലിന് പുറമെ കൊളംബിയ, പരാഗ്വേ, ഹോണ്ടുറാസ് അല്ലെങ്കില്‍ കോസ്റ്റോറിക്ക(പ്ലേ ഓഫ് വിജയികള്‍) ഗ്രൂപ്പ് ഡിയിലുള്ളത്. ജൂണ്‍ 24ന് പ്ലേ ഓഫ് വിജയികളുമായാണ് ബ്രസീലിന്‍റെ ആദ്യ മത്സരം.

റഷ്യയെ വിലക്കി ഫിഫ, ലോലകകപ്പ് യോഗ്യതാ പോരാട്ടങ്ങളിലും വനിതാ യൂറോ കപ്പിലും മത്സരിക്കാനാവില്ല

ജൂണ്‍ 20നാണ് ടൂര്‍ണമെന്‍റ് തുടങ്ങുക. ഗ്രൂപ്പ് മത്സരങ്ങള്‍ ജൂലൈ രണ്ട് വരെ നടക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തും. എ ഗ്രൂപ്പ് വിജയികളും ബി ഗ്രൂപ്പ് റണ്ണറപ്പുകളുമാണ് ക്വാര്‍ട്ടറില്‍ ഏറ്റമുട്ടുക. ഗ്രൂപ്പ് ബി വിജയികള്‍ ഗ്രൂപ്പ് എയിലെ റണ്ണറപ്പുകളെയും ഗ്രൂപ്പ് സി വിജയികള്‍ ഗ്രൂപ്പ് ഡി റണ്ണറപ്പുകളെയും ഗ്രൂപ്പ് ഡി വിജയികള്‍ ഗ്രൂപ്പ് സി റണ്ണറപ്പുകളെയും നേരിടുമെന്നതിനാല്‍ ക്വാര്‍ട്ടര്‍വരെ ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്‍റീന ബ്രസീല്‍ പോരാട്ടം ഉണ്ടാകില്ല.

ജൂലൈ നാലു മുതല്‍ ആറ് വരെ നടക്കുന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ശേഷം ജൂലൈ ഒമ്പതിനും പത്തിനും സെമിയും 14ന് ഫൈനലും നടക്കും. ഒന്നാം ക്വാര്‍ട്ടറിലെ വിജയികളും രണ്ടാം ക്വാര്‍ട്ടറിലെ വിജയികളുമാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുക എന്നതിനാല്‍ സെമിയിലും അര്‍ജന്‍റീന-ബ്രസീല്‍ പോരാട്ടത്തിന് സാധ്യതയില്ല. ഇത്തവണ സെമിയില്‍ തോല്‍ക്കുന്ന ടീമുകള്‍ക്കായി മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള മത്സരവുമുണ്ട് എന്നതാണ് പ്രത്യേകത. ജൂലൈ 13നാണ് മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios