ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ റഷ്യ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ഫിഫയുടെ നടപടി. റഷ്യക്കെതിരെ ഫിഫ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ശക്തമായ നടപടിയുമായി ഫിഫ രംഗത്തെത്തിയത്.
സൂറിച്ച്: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് കായികലോകത്തും കനത്ത തിരിച്ചടി. ഈ വര്‍ഷം ഒടുവില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലെ(Qatar World Cup) യോഗ്യതാ പോരാട്ടങ്ങളില്‍ നിന്നും ജൂണില്‍ നടക്കാനിരിക്കുന്ന വനിതാ യൂറോ കപ്പില്‍ നിന്നും റഷ്യയെ(Russia) വിലക്കാന്‍ ആഗോള ഫുട്ബോള്‍ ഭരണസമിതിയായ ഫിഫ(FIFA Ban Russia) തീരുമാനിച്ചു. അനിശ്ചിതകാലത്തേക്കാണ് റഷ്യക്കുമേല്‍ ഫിഫ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ റഷ്യ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ഫിഫയുടെ നടപടി. റഷ്യക്കെതിരെ ഫിഫ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ശക്തമായ നടപടിയുമായി ഫിഫ രംഗത്തെത്തിയത്. രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യന്‍ താരങ്ങളെയും ബെലാറസ് താരങ്ങളെയും വിലക്കണമെന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ(IOC) നിര്‍ദേശത്തിന് പിന്നാലെയാണ് ഫിഫയുടെ നടപടി.
നേരത്തെ റഷ്യക്ക് രാജ്യത്തിന്‍റെ പേരില്‍ മത്സരിക്കുന്നതിനും ദേശീയ പതാകയോ ദേശീയ ഗാനമോ ടൂര്‍ണമെന്‍റുകളില്‍ ഉപയോഗിക്കുന്നതിനും ഫിഫ താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ റഷ്യക്കെതിരായ നടപടി കുറഞ്ഞുപോയെന്ന വിവിധ രാജ്യങ്ങളിലെ ഫുട്ബോള്‍ ഫെഡറേഷനുകളുടെ അഭിപ്രായം കണക്കിലെടുത്താണ് കര്‍ശന നടപിയുമായി ഫിഫ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. റഷ്യന്‍ ക്ലബ്ബായ സ്പാര്‍ട്ടക്ക് മോസ്കോയെ യൂറോപ്പ ലീഗില്‍ നിന്ന് പുറത്താക്കാന്‍ യുവേഫയും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ റഷ്യന്‍ ഊര്‍ജ്ജ ഭീമന്‍മാരായ ഗാസ്പ്രോമുമായുള്ള സ്പോണ്‍സര്‍ഷിപ്പ് റദ്ദാക്കാനും യുവേഫ തീരുമാനിച്ചു.
യുക്രൈന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി ഫുട്ബോള്‍ ലോകം ഒന്നാകെ ഒരുമിക്കുമെന്ന് ഫിഫയും യുവേഫയും ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ലോകകപ്പ് യോഗ്യതാ പ്ലേ ഓഫില്‍ കളിക്കേണ്ട പോളണ്ട്, സ്വീഡന്‍, ചെക്ക് റിപ്ലബിക് തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെ ഫ്രാന്‍സ്, ഇംഗ്ലണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളും ഒരു സാഹചര്യത്തിലും റഷ്യയുമായി മത്സരിക്കാനിറങ്ങില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഫിഫയുടെ നടപടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യൂറോപ്യന്‍ രാജ്യങ്ങളുടെ ഫുട്ബോള്‍ സംഘടനയായ യുവേഫയും വിലക്കേര്‍പ്പെടുത്തിയതോടെ ഈ വര്‍ഷം ജൂണില്‍ നടക്കുന്ന വനിതാ യൂറോ കപ്പിലും റഷ്യക്ക് മത്സരിക്കാനാവില്ല.
