Asianet News MalayalamAsianet News Malayalam

മിണ്ടരുത്! സ്റ്റിമാക്കിന് നിയന്ത്രണം; ഇന്ത്യയുടെ ഫുട്ബോള്‍ ടീം പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയേക്കും

മുന്‍കൂര്‍ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കരുതെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്റ്റിമാക്കിന് നോട്ടീസ് നല്‍കിക്കഴിഞ്ഞു.

indian football team coach igor stimac future uncertain
Author
First Published Jan 28, 2024, 9:29 AM IST

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റിമാക്കിനെ പുറത്താക്കിയേക്കും. ഏഷ്യന്‍ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതിയ കോച്ചിനെ തേടുന്നത്. കുന്നോളം പ്രതീക്ഷകളുമായി ഏഷ്യന്‍ കപ്പിന് എത്തിയ ഇന്ത്യ നേരിട്ടത് കനത്ത തിരിച്ചടി. മൂന്ന് കളിയിലും തോറ്റു. ആറ് ഗോള്‍ വഴങ്ങിയപ്പോള്‍ ഒറ്റയൊന്നുപോലും തിരിച്ചുകൊടുക്കാനായില്ല. ടീമിന്റെ തോല്‍വിക്ക് താന്‍ ഉത്തരവാദിയല്ലെന്നാണ് കോച്ച് ഇഗോര്‍ സ്റ്റിമാക്കിന്റെ നിലപാട്.

ടൂര്‍ണമെന്റിന് ശേഷം അദ്ദേഹം വിശദീകരിച്ചതിങ്ങനെ... ''ഇന്ത്യന്‍ ടീമിനെ ഒറ്റയടിക്ക് മാറ്റിമറിക്കാന്‍ തന്റെ കയ്യില്‍ മാന്ത്രിക വടിയില്ല. ഫുട്‌ബോളില്‍ പടിപടിയായേ മുന്നേറാന്‍ കഴിയൂ. ശക്തരായ എതിരാളികള്‍ക്കെതിരായ മത്സരങ്ങള്‍ ഇന്ത്യന്‍ ടീമിന് അനുഭവപാഠമാകും.'' അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം കേന്ദ്ര കായികമന്ത്രാലയത്തെയും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെയും സ്റ്റിമാക്ക് വിമര്‍ശിച്ചു. ക്രോയേഷ്യന്‍ കോച്ചിന്റെ ഈ നിലപാടില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അതൃപ്തരാണ്.

മുന്‍കൂര്‍ അനുമതിയില്ലാതെ സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കരുതെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്റ്റിമാക്കിന് നോട്ടീസ് നല്‍കിക്കഴിഞ്ഞു. ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടില്‍ മാര്‍ച്ച് ഇരുപത്തിയൊന്നിന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 26ന് രണ്ടാം പാദത്തിലും ഏറ്റുമുട്ടും. തുടര്‍ന്ന് കുവൈറ്റ്, ഖത്തര്‍ എന്നിവരേയും ഇന്ത്യക്ക് നേരിടാനുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ സ്റ്റിമാക്കിന്റെ കരാര്‍ രണ്ടുവര്‍ഷത്തേക്ക് പുതുക്കിയെങ്കിലും അനുയോജ്യനായൊരു പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ എഐഎഫ്എഫ്. ഫെഡറേഷന്റെ ടെക്‌നിക്കില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും സ്റ്റിമാക്കിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. ഇതിനിടെ ക്രോയേഷ്യന്‍ ക്ലബ് ഡൈനമോ സാഗ്രെബ് സ്റ്റിമാക്കിനെ പരിശീലകനായി നിയമിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

ബുമ്രയുടെ പന്തില്‍ വിക്കറ്റ് പറക്കുന്ന കാഴ്ച്ച! അമ്പരപ്പ മാറാതെ ബെന്‍ ഡക്കറ്റ് - വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios