Asianet News MalayalamAsianet News Malayalam

മാധ്യമത്തില്‍ നീതിയുള്ള സിനിമ; റോജോ റിവ്യൂ

ഹിസ്റ്ററി ഓഫ് ഫിയറും ദ് മൂവ്മെന്‍റും ഒരുക്കിയ ബെഞ്ചമിന്‍ മൂന്നാം ചിത്രത്തിലെത്തുമ്പോള്‍ മീഡിയത്തില്‍ മാസ്റ്ററായിരിക്കുന്നു. എഴുപതുകളുടെ അര്‍ജന്‍റീനന്‍ നഗര ജീവിതത്തിന്‍െറയും ദൃശ്യവല്‍ക്കരണ സങ്കേതങ്ങളുടെയും പുനരാവിഷ്‌കാരമാണ് റോജോ...

iffk2018 Benjamin Naishtat's rojo review by jomit jose
Author
Thiruvananthapuram, First Published Dec 12, 2018, 11:43 PM IST

1970കളുടെ മധ്യത്തിലെ അര്‍ജന്‍റീനന്‍ നഗരജീവിത കഥാപരിസരത്തുനിന്നുള്ള വേറിട്ട സഞ്ചാരമാണ് ബെഞ്ചമിന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത റോജോ. ക്ലൗദിയോ എന്ന് പേരുള്ള ഒരു അഭിഭാഷകന്‍റെയും ഒരു അപരിചിതന്‍റെയും സംഘര്‍ഷങ്ങളില്‍ നിന്ന് തുടങ്ങി നിഗൂഢമായ കഥാലോകത്തേക്ക് ആഖ്യാനതലത്തിലേക്ക് ചിത്രം. ഹിസ്റ്ററി ഓഫ് ഫിയറും ദ് മൂവ്മെന്‍റും ഒരുക്കിയ ബെഞ്ചമിന്‍ മൂന്നാം ചിത്രത്തിലെത്തുമ്പോള്‍ മീഡിയത്തില്‍ മാസ്റ്ററായിരിക്കുന്നു.

iffk2018 Benjamin Naishtat's rojo review by jomit jose

എഴുപതുകളുടെ അര്‍ജന്‍റീനന്‍ നഗര ജീവിതത്തിന്‍റെയും ദൃശ്യവല്‍ക്കരണ സങ്കേതങ്ങളുടെയും പുനരാവിഷ്‌കാരമാണ് റോജോ. ബ്യൂണിസ് ഐറിസ് നഗരത്തിന്‍റെ സമ്പന്ന പടവുകളിലൂടെയാണ് ചിത്രത്തിന്‍റെ സഞ്ചാരം. പുതിയതായി ആ നഗരത്തില്‍ എത്തിച്ചേരുന്ന ഒരാള്‍ ഭക്ഷണശാലയില്‍ വെച്ച് പ്രമുഖ അഭിഭാഷകനെ അപമാനിക്കുന്നു. എന്നാല്‍ അഭിഭാഷകനും അവിടെയുണ്ടായിരുന്ന മറ്റാളുകളും ചേര്‍ന്ന് അയാളെ ആക്രമിച്ച്  ഇറക്കിവിടുകയാണ്. പിന്നാലെ അഭിഭാഷകനും ഭാര്യയും അവിടെനിന്ന് കാറില്‍ മടങ്ങുമ്പോള്‍ ആ അജ്ഞാതന്‍ പിന്തുടര്‍ന്ന് ആക്രമിക്കുന്നു. 

പിന്നീട് അപ്രതീക്ഷിതമായ കാഴ്‌ച്ചകള്‍. അങ്ങനെ സംഭവബഹുലമായ വഴിത്തിരുവുകളിലൂടെ ത്രില്ലര്‍ സ്വഭാവത്തില്‍ കഥ ഉള്‍ത്തിരിയുന്നതാണ് റോജോയുടെ എഴുത്തിലെ മികവ്. ഒരു അന്വേഷണാത്മക സിനിമയുടെ വേറിട്ട അവതരണശൈലി പിന്തുടരുകയാണ് ഇവിടെ. ഇതിനിടയില്‍ യാത്രയും സംഗീതവും നഗരജീവിതവും പ്രതികാരത്തിന്‍റെ അഗ്നിയുമെല്ലാം കഥയുടെ ചൂര് കൂട്ടുന്നു. അഭിഭാഷകന്‍റെ നിഗൂഡമായ നീക്കങ്ങള്‍ക്കൊടുവില്‍ തികച്ചും അവിചാരിതമായ ക്ലൈമാക്‌സിലേക്കാണ് സിനിമ എത്തുന്നത്. ഇതിനിടയില്‍ ക്ലൗദിയോയുടെ മകളുടെ കാമുകനും അപ്രത്യക്ഷമാകുന്നുണ്ട്. 

1970കളിലെ കളര്‍ സിനിമകളിലെ ദൃശ്യവല്‍ക്കരണത്തെ ഓര്‍മ്മിപ്പിക്കുകയാണ് റോജോയുടെ ഫ്രയിമുകള്‍. സമകാലിക സിനിമകളില്‍ നിന്ന് ഏറെക്കുറെ അപ്രത്യക്ഷമായ സൂം ഷോട്ടുകള്‍ പോലും അതേപടി പകര്‍ത്തിയിരിക്കുന്നു. എഴുപതുകളിലെ കളര്‍ സിനിമകളെ പുനരാവിഷ്കരിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ലൈറ്റിംഗും കളര്‍ ടോണുമാണ് പ്രെഡ്രോ സറ്റീറോയുടെ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നത്. സാന്‍ സെബാസ്റ്റ്യന്‍ ചലച്ചിത്രമേളയില്‍ പെഡ്രോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത് കാലഘട്ടത്തിനോട് പുലര്‍ത്തിയ ഈ നീതിയും ഭാവുകത്വവുമാണ്. 

iffk2018 Benjamin Naishtat's rojo review by jomit jose

കഥാപാത്രങ്ങളുടെ വേഷഭൂതാദികളും മെയ്‌ക്കപ്പുമെല്ലാം ഈ കാലത്തോട് നീതി പുലര്‍ത്തുന്നവ തന്നെ. എഴുപതുകളെ ഓര്‍മ്മിപ്പിച്ചുള്ള അഭിഭാഷകന്‍റെ കട്ടി മീശയും വസ്‌ത്രധാരണ രീതിയുമെല്ലാം മികച്ച ഉദാഹരണം. ആരാകണം വില്ലനും നായകനുമെന്ന സാമ്പ്രദായിക ചട്ടങ്ങളെ കാറ്റില്‍ പറത്തുകയാണ് സിനിമ. നായകന് വില്ലന്‍റെയും വില്ലന് നായകന്‍റെയും പ്രതിവേഷം നല്‍കാനുള്ള ശ്രമം നടന്നിട്ടുണ്ട്. 

പ്രസിദ്ധമായ വൈല്‍ഡ് ടെയ്‌ല്‍സില്‍ തകര്‍ത്തഭിനയിച്ച ഡാരിയോ ഗ്രാന്‍ഡ്‌നെറ്റിയാണ് ക്ലൗദിയോയെ അവതരിപ്പിച്ചിരിക്കുന്നത്. ക്ലൗദിയോയുടെ ഭാര്യ സൂസന്നയായി വേഷമിട്ട ആന്‍ഡ്രിയ ഫ്രിഗേറിയോ, മകള്‍ പൗലയെ അവതരിപ്പിച്ച ലോറയും അഭിനയത്തിന്‍റെ തുലാസില്‍ ഏറെ മുകളിലാണ്. അജ്ഞാതനായി വേഷമിട്ട ഡീഗോ ക്രമോണസിയും ഗ്രാന്‍ഡ്‌നെറ്റിയെ പിന്നിലാക്കുംവിധം അഭിനയിച്ചുതകര്‍ത്ത ആള്‍ഫ്രഡേ കാസ്റ്റയും ശ്രദ്ധേയമായി. ആകെത്തുകയില്‍ കാലത്തിനോട് നീതി പുലര്‍ത്തിയുള്ള മൗലിക കൃതിയായാണ് റോജോ സ്‌ക്രീനിലവതരിക്കുന്നത്.  

 

Follow Us:
Download App:
  • android
  • ios