Asianet News MalayalamAsianet News Malayalam

രാജ്യത്തെ ഏറ്റവും വലിയ പാലത്തെ ചൊല്ലി പിടിവലി; ക്രഡിറ്റ് ഏറ്റെടുത്ത് മൂന്ന് പാര്‍ട്ടികള്‍, ത്രികോണ പോര്!

നദിക്ക് കുറുകെയുള്ള രാജ്യത്തെ ഏറ്റവും വലിയ പാലമാണ് ബ്രഹ്‌മപുത്രയില്‍ പണിതുകൊണ്ടിരിക്കുന്നത്

Lok Sabha Elections 2024 Dhubri Phulwari Bridge fires up triangular political battle in Assam
Author
First Published May 6, 2024, 11:12 AM IST

ദുബ്രി: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അസമിലെ ഏറ്റവും വലിയ ചര്‍ച്ചയായി ദുബ്രി-ഫുല്‍വാരി പാലം. ബ്രഹ്‌മപുത്ര നദിക്ക് കുറുകെ 20 കിലോമീറ്റര്‍ നീളത്തില്‍ പണിയുന്ന പാലത്തിന്‍റെ അവകാശവാദവുമായി മൂന്ന് പ്രധാന പാര്‍ട്ടികളും രംഗത്ത് വന്നതോടെയാണ് ഇവിടെ ത്രികോണ പോര് ഒരു പാലത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടത്. രാജ്യത്തെ ഏറ്റവും വലിയ നദിപാലമാണ് ബ്രഹ്‌മപുത്രയില്‍ പണിതുകൊണ്ടിരിക്കുന്നത്. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസമിലെ ദുബ്രിയെ മേഘാലയയിലെ ഫുല്‍വാരിയുമായി ബന്ധിപ്പിക്കുന്ന പാലമാണ് അസമിലെ തെരഞ്ഞെടുപ്പ് ഗോദയില്‍ വലിയ പോര്‍വിളിക്ക് കാരണമായിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള യാത്രാദൂരം ഏറെ കുറയ്ക്കാന്‍ ഈ പാലം വഴി സഹായിക്കും. മാത്രമല്ല, അപകടകരമായി ബ്രഹ്‌മപുത്ര നദിയിലൂടെ ബോട്ടിലുള്ള സാഹസിക സഞ്ചാരം അവസാനിപ്പിക്കാനും പാലം വരുന്നത് കാരണമാകും. ബ്രഹ്‌മപുത്ര നദിക്ക് കുറുകെ 20 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന്‍റെ പണി 2027ല്‍ പൂര്‍ത്തിയാകും എന്നാണ് കണക്കുകൂട്ടലുകള്‍. പാലം പണി പുരോഗമിക്കവെ പദ്ധതിയുടെ ക്രഡിറ്റ് ഏറ്റെടുത്ത് ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും (എഐയുഡിഎഫ്), അസം ഗണ പരിഷതും (എജിപി), കോണ്‍ഗ്രസ് പാര്‍ട്ടിയും രംഗത്തെത്തി. 2021ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാലത്തിന് തറക്കല്ലിട്ടത്. 

ബ്രഹ്മപുത്ര നദിക്ക് കുറുകെ പാലം വരുന്നതില്‍ പ്രദേശവാസികളും വിദ്യാര്‍ഥികളും കച്ചവടക്കാരും ഈ പ്രദേശത്തെ സ്ഥിരം യാത്രികരും എല്ലാം സന്തോഷത്തിലാണ്. നിലവില്‍ ബോട്ട് മാര്‍ഗം നദിയിലൂടെയുള്ള അപകടം പിടിച്ച യാത്രയ്ക്ക് മൂന്ന് മുതല്‍ നാല് മണിക്കൂര്‍ നേരമാണ് എടുക്കുന്നത്. മഴക്കാലത്ത് ഇതുവഴിയുള്ള അപകട യാത്ര വലിയ ആശങ്കയാണ്. പാലം വരുന്നതോടെ റോഡ് മാര്‍ഗം 200 കിലോമീറ്ററോളം യാത്രാലാഭം ലഭിക്കും എന്ന മെച്ചവുമുണ്ട്. 

പുതിയ പാലത്തിന്‍റെ ക്രഡിറ്റ് ഞങ്ങള്‍ക്കാണ് എന്ന് അസമിലെ മൂന്ന് പ്രധാന പാര്‍ട്ടികളും അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. പദ്ധതി തുടങ്ങാനും നടപ്പാക്കാനും ഞങ്ങളാണ് മുന്നിലുണ്ടായിരുന്നത് എന്നാണ് എല്ലാ പാര്‍ട്ടികളുടെയും അവകാശവാദം. എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമായ എജിപിയുടെ നേതാവായ ജാവേദ് ഇസ്‌ലം പറയുന്നത് കേന്ദ്ര സര്‍ക്കാരാണ് ഈ പാലം വരാന്‍ കാരണമായത് എന്നാണ്. എന്‍ഡിഎ സര്‍ക്കാരാണ് പാലത്തിന്‍റെ നിര്‍മാണം ആരംഭിച്ചതെന്നും പണി വേഗത്തില്‍ പുരോഗമിക്കുകയാണെന്നും അസമിലെ ജനതയ്ക്ക് എന്‍ഡിഎയുടെ സമ്മാനമാണ് പാലമെന്നും ജാവേദ് ഇസ്‌ലം പറയുന്നു. അതേസമയം എഐയുഡിഎഫ് പ്രസിഡന്‍റും ദുബ്രിയില്‍ നിന്ന് മൂന്നുവട്ടം എംപിയുമായ ബദറുദ്ദീൻ അജ്‌മല്‍ പാലത്തിന്‍റെ ക്രഡിറ്റ് തനിക്കാണ് എന്ന് വാദിച്ചു. യുപിഎ ഭരിക്കവെ ഞാനാണ് പാലം വേണമെന്ന ആവശ്യം പാര്‍ലമെന്‍റില്‍ ഉന്നയിച്ചത്. എന്‍ഡിഎ ഭരണകാലത്ത് പദ്ധതി ഉറപ്പുവരുത്തുകയും ചെയ്തു- ബദറുദ്ദീൻ അജ്‌മല്‍ വ്യക്തമാക്കി. 

പാലത്തിന്‍റെ അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണമാണ് അസമില്‍ കോണ്‍ഗ്രസും നടത്തുന്നത്. എന്തായാലും ബ്രഹ്മപുത്ര നദിക്ക് കുറുകെ പണിയുന്ന പാലം അസമിലെയും മേഘാലയയിലേയും ജനങ്ങള്‍ക്ക് വലിയ മെച്ചമാകും എന്നതില്‍ തര്‍ക്കമില്ല.  

Read more: അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു, പിന്നില്‍ ബിജെപി എന്ന് കോണ്‍ഗ്രസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios