Asianet News MalayalamAsianet News Malayalam

ഐഎൻഎക്സ് മീഡിയ കേസ്: പി ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ ഇഡിക്ക് അനുമതി

ഒന്നുകിൽ കോടതിയുടെ പരിസരത്തുവച്ച് ചിദംബരത്തെ ചോദ്യം ചെയ്തതിന് ശേഷം മറ്റ് നടപടികളിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കടക്കാം. ഇല്ലെങ്കിൽ തിഹാർ ജയിലിൽ വച്ച് ചിദംബരത്തെ ചോദ്യം ചെയ്യാം, തുടങ്ങിയ രണ്ട് നിർദ്ദേശങ്ങളാണ് കോടതി നൽകിയത്.

supreme court give permission to enforcement directorate for questioning chidambaram
Author
Delhi, First Published Oct 15, 2019, 5:29 PM IST

ദില്ലി: ഐഎൻഎക്സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി. നാളെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് തീരുമാനിക്കാൻ ദില്ലി സിബിഐ കോടതി അനുമതി നൽകിയിരിക്കുന്നത്. തിഹാർ ജയിലിൽ വച്ച് അറസ്റ്റ് രേഖപ്പെടുത്താനാണ് അനുമതി.

ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ എത്തുകയായിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത തന്നെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്ന വാദവുമായി കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിലായിരുന്നു അദ്ദേഹത്തെ ഇന്ന് കോടതിയിൽ എത്തിച്ചത്. ഒന്നുകിൽ കോടതിയുടെ പരിസരത്തുവച്ച് ചിദംബരത്തെ ചോദ്യം ചെയ്തതിന് ശേഷം മറ്റ് നടപടികളിലേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കടക്കാം. ഇല്ലെങ്കിൽ തിഹാർ ജയിലിൽ വച്ച് ചിദംബരത്തെ ചോദ്യം ചെയ്യാം, തുടങ്ങിയ രണ്ട് നിർദ്ദേശങ്ങളാണ് കോടതി നൽകിയത്.

എന്നാൽ, കോടതിയിൽ വച്ച് തന്നെ ചോദ്യം ചെയ്യലും അറസ്റ്റും ഒഴിവാക്കുന്നത് ഉചിതമാകുമെന്ന് മുതിർന്ന അഭിഭാഷകനായ കബിൽ സിബൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് നാളെ തിഹാർ ജയിലിൽ വച്ച് ചിദംബരത്തെ ചോദ്യം ചെയ്യാൻ സിബിഐ കോടതി അനുമതി നൽകിയിരിക്കുന്നത്. ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ചിദംബരത്തിന്റെ അറസ്റ്റും രേഖപ്പെടുത്താം. ശേഷം കസ്റ്റഡിക്ക് വേണ്ടിയുള്ള അപേക്ഷ നൽകാനുമാണ് കോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.

ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വാദം കേൾക്കാൻ തുടങ്ങിയതിനിടെയാണ് എൻഫോഴ്സ്മെന്‍റും ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്. സിബിഐ കേസിൽ സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയാലും ഇഡി കേസിൽ വീണ്ടും കസ്റ്റഡിയും റിമാന്‍റും ചിദംബരത്തിന് നേരിടേണ്ടിവരും. 

ഓ​ഗസ്റ്റ് 21മുതൽ അഴിമതിക്കേസിൽ സിബിഐ കസ്റ്റഡിയിലെടുത്ത പി ചിദംബരം സെപ്റ്റംബർ അഞ്ചാം തീയതി മുതൽ തിഹാറിലെ ഏഴാം നമ്പർ ജയിലിലാണ് ഉള്ളത്. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യുപിഎ സർക്കാരിൽ പി ചിദംബരമായിരുന്നു ധനമന്ത്രി. ഈ ഇടപാട് നടക്കാൻ വഴിവിട്ട സഹായം നൽകുകയും ധനവകുപ്പിൽ നിന്ന് ക്ലിയറൻസ് നൽകിയതും പി ചിദംബരമാണെന്നാണ് കേസ്. 
 

Follow Us:
Download App:
  • android
  • ios