Asianet News MalayalamAsianet News Malayalam

അറബിക്കടലിൽ പാക്കിസ്ഥാന്റെ നാവികാഭ്യാസം: യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലും സജ്ജമാക്കി ഇന്ത്യ

  • കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ഏത് സമയവും ആക്രമണം ഉണ്ടായേക്കുമെന്നാണ് ഇന്ത്യ കരുതുന്നത്
  • വടക്കൻ അറബിക്കടലിൽ നടക്കുന്ന നാവികാഭ്യാസത്തിൽ വെടിവയ്പ്പും മിസൈൽ-റോക്കറ്റ് വിക്ഷേപണവും ഉണ്ടാകുമെന്ന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്
To keep tabs on Pakisthan naval exercise, India deploys warships
Author
New Delhi, First Published Sep 26, 2019, 7:14 PM IST

ദില്ലി: വടക്കൻ അറബിക്കടലിൽ പാക്കിസ്ഥാൻ നാവികാഭ്യാസം നടത്തുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതയോടെ ഇന്ത്യ. പശ്ചിമ നാവിക സേനയുടെ നേതൃത്വത്തിലാണ് ഇന്ത്യ പട്രോളിംഗ് നടത്തുന്നത്. യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലും പോർവിമാനങ്ങളുമായി ഇന്ത്യ നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

പാക്കിസ്ഥാന്റെ നാവികാഭ്യാസത്തിൽ മിസൈൽ, റോക്കറ്റ് വിക്ഷേപണം അടക്കമുണ്ടെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ആക്രമണം ഉണ്ടാവുമോയെന്ന് ഇന്ത്യ ഉറ്റുനോക്കുന്നുണ്ട്. അതിനാൽ തന്നെ തിരിച്ചടിക്കാനും പ്രതിരോധിക്കാനും തക്ക സന്നാഹമാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്.

പാക്കിസ്ഥാന്റെ സൈനികാഭ്യാസം സാധാരണ നടക്കുന്നതാണ്. എന്നാൽ എല്ലാ വർഷവും നടക്കുന്നതാണെങ്കിലും സാഹചര്യം എപ്പോൾ വേണമെങ്കിലും മാറാമെന്നാണ് ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞത് പാക്കിസ്ഥാന്റെയും ഭീകരരുടെയും ഭാഗത്ത് നിന്ന് ഏത് സമയത്തും ആക്രമണം ഉണ്ടാകാനുള്ള ഭീഷണി വർദ്ധിപ്പിച്ചിട്ടുമുണ്ട്.

വടക്കൻ അറബിക്കടലിൽ കൂടി പോകുന്ന ചരക്കു കപ്പലുകൾക്ക് പാക്കിസ്ഥാൻ നൽകിയ മുന്നറിയിപ്പിൽ സെപ്തംബർ 25 മുതൽ 29 വരെ വെടിവയ്പ്പും മിസൈൽ വിക്ഷേപണവും മറ്റും ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. ജാഗ്രത പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാക്കിസ്ഥാന്റെ നാവികാഭ്യാസം ഇന്ത്യൻ വ്യോമസേനയും നിരീക്ഷിക്കുമെന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios