Asianet News MalayalamAsianet News Malayalam

ഹൂതികളുടെ ആക്രമണം; സൗദിയിൽ കൂടുതൽ സൈന്യത്തെ അയക്കാനൊരുങ്ങി അമേരിക്ക

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ദമാമിനടുത്ത് ബുഖയ്ഖിലുള്ള എണ്ണ സംസ്കരണ കേന്ദ്രമായ അരാംകോയ്ക്ക് നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയത്. 

drone attacks on saudi aramco facility US to ramp up defensive capabilities
Author
Washington D.C., First Published Sep 21, 2019, 9:57 PM IST

റിയാദ്: എണ്ണ ശുദ്ധീകരണശാലയായ അരാംകോയ്ക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്ക് കൂടുതൽ സൈനിക സംഘത്തെ അയക്കാൻ അമേരിക്ക തീരുമാനിച്ചു. എന്നാൽ, സംഘത്തിൽ എത്ര സൈനികരെയാണ് അധികം അയയ്ക്കുന്നതെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ വ്യക്തമാക്കിയില്ല.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് ദമാമിനടുത്ത് ബുഖയ്ഖിലുള്ള എണ്ണ സംസ്കരണ കേന്ദ്രമായ അരാംകോയ്ക്ക് നേരെ ഹൂതികൾ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തിൽ വൻ സ്ഫോടനവും തീപ്പിടിത്തവും ഉണ്ടായതിനെ തുടർന്ന് അരാകോയിലെയും അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്കരണ പ്ലാന്‍റിൽ നിന്നുള്ള എണ്ണ ഉത്പാദനവും താൽക്കാലികമായി നിർത്തിവച്ചിരുന്നു.

അരാംകോ ആക്രമണത്തിന് ശേഷം സൗദിയുടെ എണ്ണ ഉത്പാദനത്തില്‍ 57 ലക്ഷം ബാരലിന്റെ കുറവാണ് ഉണ്ടായത്. ഇതില്‍ 45 ലക്ഷവും ബഖീഖ് പ്ലാന്റില്‍ നിന്ന് ഉത്പാദിച്ചിരുന്നതാണ്. ഈമാസം അവസാനത്തോടെ പ്രതിദിന ഉത്പാദനം 11 ദശലക്ഷം ബാരലാക്കി ഉയര്‍ത്തുമെന്നാണ് സൂചന. നവംബര്‍ അവസാനത്തോടെ ഉത്പാദനം 12 ദശലക്ഷം ബാരലാക്കുമെന്നും സൗദി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ ശാലകളിലൊന്നാണ് അരാംകോയുടെ പ്ലാന്‍റ്.

ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ തന്നെയാണെന്നതിന് 'തെളിവുകൾ' സൗദി അറേബ്യയും പുറത്തുവിട്ടിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളുടെ അവശിഷ്ടങ്ങളും കഴിഞ്ഞ കുറച്ചു കാലമായി സൗദിക്ക് നേരെ 'ഇറാൻ പിന്തുണയ്ക്കുന്ന' ഹൂതി വിമതരുടെ ആക്രമണങ്ങളുടെ കണക്കുകളും സൗദി പ്രതിരോധവക്താവ് തുർക്കി-അൽ-മാലിക്കി വാർത്താസമ്മേളനത്തിൽ അവതരിപ്പിച്ചു. ആക്രമണം നടന്ന സ്ഥലത്തു നിന്നും ശേഖരിച്ച ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങളും വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചിരുന്നു.  

അതേസമയം, അരാംകോയുടെ രണ്ട് എണ്ണ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തിലും അതീവജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും എണ്ണ ടെര്‍മിനലുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വെള്ളിയാഴ്ച അറിയിച്ചു. വാണിജ്യ-വ്യവസായ മന്ത്രി ഖാലിദ് അല്ഡ റൗദാന്റെ നിര്‍ദേശപ്രകാരമാണ് സുരക്ഷ ശക്തമാക്കിയത്. 

Follow Us:
Download App:
  • android
  • ios