Asianet News MalayalamAsianet News Malayalam

അനൂജയുടെയും ഹാഷിമിന്റെയും മരണം: മൊബൈൽ ഫോണുകളുടെ ലോക്കഴിക്കാൻ ഫൊറൻസിക് പരിശോധന

അനുജയെ കൊലപ്പെടുത്തിയ ശേഷം, ജീവനൊടുക്കാൻ ഹാഷിം തീരുമാനിച്ച് ഇറങ്ങിയതാണോ എന്നതിൽ ദുരൂഹത മാറണം

Anuja Hashim death police search for scientific evidence kgn
Author
First Published Mar 30, 2024, 6:00 AM IST

പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയ സംഭവത്തിൽ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്. രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പൊലീസ് വീണ്ടെടുക്കും. മരിച്ച ഹാഷിമിന്റെ മൃതദേഹം ഇന്നലെ രാത്രി തന്നെ സംസ്കരിച്ചു. അനുജയുടെ സംസ്കാരം ഇന്ന് നടക്കും.

നാടിനെയാകെ ഞെട്ടിച്ച പട്ടാഴിമുക്ക് അപകടത്തിൽ ദുരൂഹത നീക്കാൻ ഒരുങ്ങുകയാണ് അടൂർ പോലീസ്. വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജ രവീന്ദ്രനെ വഴിമധ്യെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ഹാഷിം എന്തിന് മരണത്തിലേക്ക് കാർ ഓടിച്ചു കയറ്റിയെന്നതാണ് പൊലീസിന് മുന്നിലെ ചോദ്യം. ബന്ധുക്കൾക്ക് ഇവരുടെ സൗഹൃദത്തെ കുറിച്ച് പോലും ഒന്നും അറിയില്ലെന്ന് മറുപടി നൽകിയിട്ടുണ്ട്. ഇത് ഇരു കുടുംബങ്ങളും ആവർത്തിക്കുമ്പോൾ ശാസ്ത്രിയ പരിശോധനയിലൂടെ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് പൊലീസ്.

കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം രാസ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങളിൽ നിന്ന് ശേഖരിച്ചു. വാഹനാപകടം നടന്ന സമയത്ത് ഇരുവരും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ഫോണിന്റെ ലോക്കഴിച്ച് വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ വിദഗ്ധ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കും. വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുക്കാനാണ് ശ്രമം.

അനുജയെ കൊലപ്പെടുത്തിയ ശേഷം, ജീവനൊടുക്കാൻ ഹാഷിം തീരുമാനിച്ച് ഇറങ്ങിയതാണോ എന്നതിൽ ദുരൂഹത മാറണം. അതോ ജീവനൊടുക്കാൻ ഇരുവരും ഒന്നിച്ച് തീരുമാനിച്ചതാണോ എന്നതിലും ദുരൂഹത നീക്കുകയാണ് ലക്ഷ്യം. അപകടം ഉണ്ടാകും മുൻപ് അനുജ അവസാനമായി സംസാരിച്ച തുമ്പമൺ സ്കൂളിലെ അധ്യാപകരുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios