Asianet News MalayalamAsianet News Malayalam

യൂണിവേഴ്സിറ്റി കോളജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനിയുടെ മൊഴിയെടുത്തു

എസ്എഫ്ഐ പ്രവർത്തകരെ പേരെടുത്ത് പറഞ്ഞ് ആത്മഹത്യാ കുറിപ്പിൽ കുറ്റപ്പെടുത്തിയ പെൺകുട്ടി പൊലീസിനോട് പരാതിയില്ലെന്ന് പറയാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല

cantonment police took the statement of the student who attempt suicide
Author
Thiruvananthapuram, First Published May 6, 2019, 5:36 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനുള്ളിൽ ആത്മഹത്യക്കു ശ്രമിച്ച വിദ്യാർത്ഥിനിയിൽ നിന്നും കന്‍റോൺമെന്‍റ് പൊലീസ് മൊഴിയെടുത്തു. ആത്മഹത്യ ശ്രമത്തിന് പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മൊഴിയെടുത്തത്. സമരങ്ങളിൽ പങ്കെടുക്കാൻ സമ്മതിക്കാത്തതിന്‍റെ പേരിലുള്ള എസ്എഫ്ഐ പ്രവർത്തകരുടെ സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുന്നുവെന്നായിരുന്നു ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പ്. 

ആത്മഹത്യയുടെ ഉത്തരവാദികൾ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളും പ്രിൻസിപ്പലുമാണെന്ന് കുട്ടി ആത്മഹത്യാക്കുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു. ഇന്‍റേണൽ പരീക്ഷയുടെ തലേ ദിവസം പോലും ജാഥയിൽ പങ്കെടുക്കാൻ എസ്എഫ്ഐക്കാർ നിർബന്ധിച്ചു, എതിർപ്പ് അറിയിച്ചപ്പോൾ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി, ക്ലാസിൽ ഇരിക്കാൻ അനുവദിച്ചില്ല, ചീത്തവിളിച്ചു, ശരീരത്തിൽ പിടിക്കാനും ശ്രമിച്ചു എന്നൊക്കെയാണ് കുറ്റപ്പെടുത്തൽ.

എസ്എഫ്ഐയുടെ ഭീഷണിയെ കുറിച്ച് പരാതിപ്പെട്ടിട്ടും പ്രിൻസിപ്പൽ ഒരു നടപടിയും എടുത്തില്ലെന്നും കത്തിൽ ആരോപണമുണ്ട്. ദുഷ്ടന്മാരെ എന്‍റെ ആത്മാവ് നിങ്ങളോട് പൊറുക്കില്ലെന്ന് പറഞ്ഞാണ് കുറിപ്പ് നിർത്തുന്നത്. എന്നാൽ, മജിസ്ട്രേറ്റിന് മുന്നിൽ നൽകിയ രഹസ്യമൊഴിയിലും പൊലീസിന് കൊടുത്ത മൊഴിയിലും ആർക്കെതിരെയും പരാതിയില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്. ക്ലാസ് മുടങ്ങിയതിലെ മനോവിഷമമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് രഹസ്യമൊഴിയിൽ പറയുന്നു. ആരുടെയും പേരെടുത്ത് പറയുന്നില്ല. പരാതി ഇല്ലാത്ത സാഹചര്യത്തിൽ പൊലീസ് തുടർനടപടികൾ അവസാനിപ്പിച്ചിരുന്നു. 

എസ്എഫ്ഐ പ്രവർത്തകരെ പേരെടുത്ത് പറഞ്ഞ് ആത്മഹത്യാ കുറിപ്പിൽ കുറ്റപ്പെടുത്തിയ പെൺകുട്ടി പൊലീസിനോട് പരാതിയില്ലെന്ന് പറയാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. മാധ്യമങ്ങളോട് പ്രതികരിക്കാൻ ബന്ധുക്കളാരും തയ്യാറല്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസമന്ത്രി കെടി ജലീൽ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണങ്ങളെല്ലാം എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് നിഷേധിച്ചു.

Follow Us:
Download App:
  • android
  • ios