Asianet News MalayalamAsianet News Malayalam

'ഷാനിമോൾ സ്വന്തം സഹോദരിയെ പോലെ'; 'പൂതന' പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി ജി സുധാകരൻ

അടുക്കളയിൽ കയറിയല്ല വാർത്ത എടുക്കേണ്ടതെന്നും ജി സുധാകരൻ പറഞ്ഞു. പത്രക്കാർ പല കാര്യങ്ങളിലും കുഴലൂത്ത് നടത്തുകയാണെന്നും ആലപ്പുഴ ബൈപാസ്സ് വാർത്തകൾ ഇതിനു ഉദാഹരണമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

g sudhakaran explanation for criticising shanimol usman
Author
Kochi, First Published Oct 5, 2019, 11:20 AM IST

കൊച്ചി: ഷാനിമോൾ ഉസ്മാനെതിരെ നടത്തിയ പൂതന പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി ജി സുധാകരൻ. ഷാനിമോൾ തനിക്ക് സഹോദരിയെ പോലെയാണെന്ന് പറഞ്ഞ സുധാകരൻ മാധ്യമങ്ങൾക്കെതിരെയും വിമർശനമുന്നയിച്ചു. ഷാനിമോളേ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. ചിലർ നുണ പ്രസിദ്ധീകരിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു. 

അടുക്കളയിൽ കയറിയല്ല വാർത്ത എടുക്കേണ്ടതെന്നും ജി സുധാകരൻ പറഞ്ഞു. പത്രക്കാർ പല കാര്യങ്ങളിലും കുഴലൂത്ത് നടത്തുകയാണെന്നും ആലപ്പുഴ ബൈപാസ്സ് വാർത്തകൾ ഇതിനു ഉദാഹരണമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. കോൺ​ഗ്രസ് ആണ് സ്ത്രീത്വത്തെ അപമാനിച്ചത്. എറണാകുളം കാരനായ കോൺഗ്രസ് എംഎൽഎ  കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയെ കുറിച്ച് പറഞ്ഞതാണ് സ്ത്രീ വിരുദ്ധതയെന്നും സുധാകരൻ പറഞ്ഞു.

ജി സുധാകരന്റെ വാക്കുകൾ..

'അടുക്കളയിൽ കയറി ന്യൂസ് പിടിക്കുന്ന ലേഖകൻ ഉണ്ടല്ലോ, അത്തരക്കാരെ പറ്റി ഞാൻ ഒന്നും പറയുന്നില്ല. നമ്മുടെ സംസാകാരം അതാണ്. നമ്മുടെ അടുക്കളയിൽ കയറി ന്യൂസ് പിടിച്ച് കൊടുക്കുന്നത് നല്ല മാധ്യമ സംസ്കാരമാണോ?  ഷാനിമോൾ എന്റെ സ്വന്തം സഹോദരിയെ പോലെയാണ്. ഇന്നും ഇന്നലെയൊന്നുമല്ല പത്ത് മൂപ്പത് വർഷമായി. അവർ സെനറ്റ് മെമ്പറും ഞാൻ സിന്റിക്കേറ്റ് മെമ്പറും ആയിരുന്നപ്പോൾ മുതലുള്ള ബന്ധമാണ്. അവരുടെ ഭർത്താവ് ഉസ്മാൻ എന്റെ അടുത്ത സുഹൃത്താണ്. ഒരു ശത്രുതയും ഇല്ല. പക്ഷേ കോൺ​ഗ്രസിലെ കുറച്ച് പേർ അവരെ തോൽപിക്കാൻ വേണ്ടി പറയാത്ത കാര്യം പറഞ്ഞുവെന്ന് പറയുകയാണ്. എന്നിട്ട് അതിന് പുറകേ അവർ പോകേണ്ട വല്ല ആവശ്യവുമുണ്ടോ?. മാധ്യമങ്ങളാണ് അടുക്കളയിൽ കയറി അനാവശ്യമായ വാർത്ത ഉണ്ടാക്കുന്നത്'- സുധാകരൻ പറഞ്ഞു.

അതേസമയം, ഷാനിമോൾ ഉസ്മാനെതിരെ ജി സുധാകരൻ നടത്തിയ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്. മന്ത്രിക്കെതിരെ തെരഞ്ഞെടുപ്പു ചട്ടലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കണമെന്നാവശ്യപ്പെട്ട് ഷാനിമോൾ ഉസ്മാൻ ഉൾപ്പെടെ യുഡിഎഫ് നേതാക്കൾ ഉപവാസ സമരം നടത്തും. മന്ത്രിക്കെതിരെ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും യുഡിഎഫ് പരാതി നൽകിയിട്ടുണ്ട്.

സുധാകരന്റെ പരാമർശത്തിനെതിരെ നേരത്തെ യുഡിഎഫ് നേതാക്കള്‍ രം​ഗത്തെത്തിയിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പേര് പറഞ്ഞ് സർക്കാർ ചെലവിൽ വനിതാ മതിൽ സംഘടിപ്പിച്ച മന്ത്രിസഭയിലെ അംഗമായ ജി സുധാകരന്റെ അരൂരിലെ വനിതാ സ്ഥാനാർത്ഥിക്ക് എതിരെയുള്ള 'പൂതന' പ്രയോഗം സിപിഎമ്മിന്റെ അധമ രാഷ്ട്രീയത്തിന്റെ വികൃതമായ പ്രതിഫലനമാണെന്നായിരുന്നു  കോൺ​ഗ്രസ് നേതാവ് വിഎം സുധീരന്‍ പറഞ്ഞത്.

ഇന്നലെ തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന്‍ പറഞ്ഞിരുന്നു. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു ഡി എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചു.  

Follow Us:
Download App:
  • android
  • ios