Asianet News MalayalamAsianet News Malayalam

വോട്ട് ഫ്രം ഹോമില്‍ ആശങ്ക വേണോ; വിവാദ ചിത്രങ്ങളില്‍ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടെടുപ്പിന് ആവശ്യമായ സ്റ്റേഷനറി വസ്തുക്കള്‍ കൊണ്ടുപോകുന്ന ക്യാരി ബാഗുകളുടെ ചിത്രങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് എന്ന് വിശദീകരണം

Lok Sabha Elections 2024 Chief Electoral Officer Kerala reacted to home voting allegations
Author
First Published Apr 18, 2024, 10:29 AM IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 'വോട്ട് ഫ്രം ഹോം' ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നത് എന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തുന്ന സംവിധാനം കാര്യക്ഷമമായാണ് പുരോഗമിക്കുന്നത് എന്ന് അദേഹം വ്യക്തമാക്കി. 

'വീട്ടിലിരുന്ന് വോട്ട് ചെയ്തവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത ബോക്‌സുകളില്‍ ശേഖരിക്കാനുള്ള നിര്‍ദേശം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടിയായ ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇത് പ്രകാരമാണ് സംസ്ഥാനത്ത് ഹോം വോട്ട് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വോട്ടെടുപ്പിന് ആവശ്യമായ സ്റ്റേഷനറി വസ്തുക്കള്‍ കൊണ്ടുപോകുന്ന ക്യാരി ബാഗുകളുടെ ചിത്രങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടുകയും ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു' എന്നുമാണ് സഞ്ജയ് കൗളിന്‍റെ പ്രതികരണം. 

Read more: വോട്ട് പോകുന്നത് ഉദ്ദേശിച്ച സ്ഥാനാർഥിക്കോ, നേരത്തെ പെട്ടിയില്‍ വല്ലതും വീണോ? ഉറപ്പിക്കാൻ മോക്ക്‌പോൾ

സുഗമവും സുതാര്യവുമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മാധ്യമങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ഥിച്ചു. സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍ ഏപ്രില്‍ 26-ാം തിയതിയാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന്‍റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ് 'വോട്ട് ഫ്രം ഹോം' അഥവാ 'ഹോം വോട്ടിംഗ്'. 85 വയസിന് മുകളില്‍ പ്രായമായവര്‍ക്കും 40 ശതമാനത്തിലേറെ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള അവസരമാണ് ഹോം വോട്ടിംഗിലൂടെ ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ട് ഫ്രം ഹോം സംവിധാനം തയ്യാറായത്. ഹോം വോട്ടിംഗ് സംവിധാനത്തിലൂടെ രാജ്യത്ത് 85 ലക്ഷത്തിലേറെ മുതിര്‍ന്ന പൗരന്‍മാര്‍ക്കും 88.4 ലക്ഷം ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ ബാലറ്റിലൂടെ വോട്ട് ചെയ്യാനാകും.

Read more: വീടൊരു കൊച്ചു പോളിംഗ് ബൂത്താകും! എന്താണ് 'വോട്ട് ഫ്രം ഹോം'; അര്‍ഹര്‍ ആരൊക്കെ- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios