Asianet News MalayalamAsianet News Malayalam

പരീക്ഷ ക്രമക്കേട്: ഉത്തരക്കടലാസ് തിരുത്തിയ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

വി മുഹമ്മദിനെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. തുടർ നടപടിക്കായി നോട്ടീസ് മുക്കം പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി.

look out notice against teacher on kozhikkode exam fraud
Author
Kozhikode, First Published May 18, 2019, 6:25 PM IST

കോഴിക്കോട്: മുക്കം നീലേശ്വരം ഗവണ്‍മെന്‍റ്  ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവത്തില്‍ ഒളിവില്‍ പോയ രണ്ട് പ്രതികൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പരീക്ഷയെഴുതിയ അധ്യാപകൻ നിഷാദ് മുഹമ്മദ്, പരീക്ഷ ഡെപ്യൂട്ടി ചീഫ് പി കെ ഫൈസൽ എന്നിവർക്കെതിരെയാണ് നോട്ടീസ് പുറപ്പെടുവിച്ചത്. 

പ്രതികൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പാസ്പോർട്ട് ഇല്ലാത്തതിനാൽ സ്കൂൾ പ്രിൻസിപ്പൽ കെ റസിയക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല. നോട്ടീസ് തുടർ നടപടിക്കായി മുക്കം പൊലീസ് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി. ഇവരുടെ സിം കാർഡുകൾ പരിശോധിക്കാൻ പൊലീസ് സൈബർ സെല്ലിന്‍റെ സഹായം തേടിയിട്ടുണ്ട്. സിം കാർഡുകൾ മറ്റാരോ ഉപയോഗിച്ച് പൊലീസിനെ കബളിപ്പിക്കാൻ ശ്രമം നടക്കുന്നു എന്ന് സംശയിക്കുന്ന സാഹചര്യത്തിലാണിത്.

അധ്യാപകൻ പരീക്ഷ എഴുതിക്കൊടുത്തു എന്ന് കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥികളുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. രണ്ട് പ്ലസ് ടു വിദ്യാർത്ഥികളുടെ പരീക്ഷ പൂർണമായും ഒരാളുടെ നാല് ഉത്തരങ്ങളും എഴുതുകയും 32 പ്ലസ് വണ്‍  വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. ഫലം തടഞ്ഞു വച്ച മൂന്ന് പേരിൽ ഒരാളുടെ റിസൽറ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. അധ്യാപകൻ എഴുതിയ നാല് ഉത്തരങ്ങൾ ഒഴിവാക്കിയാണ് മാർക്ക് കണക്കാക്കിയത്. ഈ വിദ്യാർത്ഥിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടി. 

മറ്റ് രണ്ട് വിദ്യാർത്ഥികൾ സേ പരീക്ഷ എഴുതും. അന്വേഷണത്തിന്‍റെ ഭാഗമായി അധ്യാപകൻ എഴുതിയ ഉത്തരക്കടലാസ്സുകൾ കസ്റ്റഡിയിലെടുത്ത് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. തിരുവനന്തപുരത്തെ പരീക്ഷ ഭവനിലാണ് ഉത്തരക്കടലാസുകൾ ഇപ്പോഴുള്ളത്. അതേസമയം നിഷാദ് മുഹമ്മദും പി കെ ഫൈസലും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ  പരിഗണിക്കുന്നത് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ആ മാസം 234 ലേക്ക് മാറ്റി. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

Follow Us:
Download App:
  • android
  • ios