അതിക്രൂരം, സമൂഹത്തിനാകെ നാണക്കേട്: ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദനമേറ്റതില്‍ റിപ്പോർട്ട് തേടി ഗവര്‍ണർ
ഇത്രയും മനുഷ്യത്വരഹതിമാകാൻ എങ്ങനെയാണ് കഴിയുന്നതെന്ന് മനസിലാകുന്നില്ല. അതിക്രൂരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
തിരുവനന്തപുരം:പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റതിൽ സർക്കാറിനോട് റിപ്പോർട്ട് തേടിയെന്ന് ഗവർണ്ണർ. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. ഇത്തരം സംഭവങ്ങൾ സമൂഹത്തിനാകെ നാണക്കേടാണെന്നും ഗവർണ്ണർ തിരുവനന്തരപുരത്ത് പറഞ്ഞു.പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റ കേസ് ആദ്യം അന്വേഷിച്ച ഇൻസ്പെക്ടർക്ക് വീഴ്ച പറ്റി എന്ന കണ്ടെത്തലിന് തൊട്ടുപുറകെയാണ് രാജഭവൻ ഇടപെടൽ.
ഇന്നലെയാണ് സംഭവം അറിഞ്ഞത്. അപ്പോള്‍ തന്നെ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടാനുള്ള നിര്‍ദേശം നല്‍കുകയായിരുന്നു. നിര്‍ഭാഗ്യകരവും നാണക്കേട് ഉണ്ടാക്കുന്നതുമായ സംഭവമാണ് നടന്നത്. പറയാൻ തന്നെ തോന്നുന്നില്ല. ഇത്രയും മനുഷ്യത്വരഹതിമാകാൻ എങ്ങനെയാണ് കഴിയുന്നതെന്ന് മനസിലാകുന്നില്ല. അതിക്രൂരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കഴിഞ്ഞദിവസം അന്വേഷണം ഏറ്റെടുത്ത പുതിയ സംഘം രാഹുലിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. രാഹുലിന്റെ ബന്ധുക്കളിൽ നിന്ന് ഇന്നുതന്നെ മൊഴിയെടുക്കും. രാഹുൽ സംസ്ഥാനം വിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കർണാടകത്തിൽ ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മകൻ രാജ്യം വിട്ടതായി അറിവിൽ എന്നാണ് രാഹുലിന്‍റെ അമ്മ പറയുന്നത്.
ഫറോക്ക് അസിസ്റ്റൻറ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം പെൺകുട്ടീ, മാതാപിതാക്കൾ എന്നിവരിൽ നിന്ന് മൊഴി എടുത്തിരുന്നു. നേരത്തെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് മൊഴിയിലും ആവർത്തിച്ചത്. അതിനിടെ , ഈരാറ്റുപേട്ട സ്വദേശിയുമായുള്ള രജിസ്റ്റർ വിവാഹം നടന്നതായി രാഹുലിന്‍റെ അമ്മ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ തനിക്ക് അറിവില്ലെന്നും രാഹുലിന്റെ അമ്മ പറഞ്ഞു. പന്തീരങ്കാവ് കേസിൽ പൊലീസിന് അലംഭാവം ഉണ്ടെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.