രാഹുൽ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നു, രജിസ്റ്റര്‍ വിവാഹം ചെയ്തത് യുവതിയെ വിദേശത്ത് കൊണ്ടുപോകാൻ: അമ്മ ഉഷ

സംഭവത്തിൽ ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം ഇന്നലെ പരാതിക്കാരിയായ യുവതിയുടെ എറണാകുളം വടക്കൻ പറവൂരിലെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു

Rahul mother Usha apologises for beating bride on Pantheerankavu domestic violence case

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസുമായി ബന്ധപ്പെട്ട് മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ. സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ലെന്നും അവര്‍ പറഞ്ഞു. രണ്ടുദിവസം മുമ്പ് വരെ മകൻ വീട്ടിൽ ഉണ്ടായിരുന്നു. വിവാഹം ചെയ്ത യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്. അവര്‍ വാക്കുതര്‍ക്കത്തിൽ ചെയ്തതാണ്. എന്റെ മകൻ്റെ ഭാഗത്ത് നിന്ന് ഒരു തെറ്റ് വന്നു. വീട്ടുകാര് പറഞ്ഞിട്ടൊന്നും ചെയ്തതല്ല അതൊന്നും.  ഈരാറ്റുപേട്ടയിൽ പെൺകുട്ടിയുമായി നിശ്ചയം നടന്നിരുന്നു. പിന്നീട് ഈ പെൺകുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. അതെവിടെ വച്ച്  എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തതയില്ല. പക്ഷെ താലികെട്ടിയിട്ടില്ല.  ഇതെല്ലാം രാഹുൽ നേരിട്ട് ചെയ്തതാണ്. മകനെ കാണാനില്ല, വിളിച്ചിട്ട് കിട്ടുന്നില്ല, എവിടെയാണെന്ന് അറിയില്ല. മകൻ മാറിനിൽക്കുന്നതല്ല. ജര്‍മ്മനിയിൽ നിന്ന് വന്നാൽ വീട്ടിൽ മാത്രമാണ് മകൻ തങ്ങാറുള്ളതെന്നും അമ്മ ഉഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രതി രാഹുൽ ബെംഗളൂരുവിലെ ഓഫീസിന് മുന്നിൽ ഒളിവിൽ കഴിയുകയാണെന്നാണ് സംശയം. പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ രാഹുലിൻ്റെ വീട്ടിലെത്തിയ പൊലീസ് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സിസിടിവിയുടെ ഡിവിആര്‍ പൊലീസ് കൊണ്ടുപോയി. രാഹുലിന്റെ ഫോൺ സ്വിച്ച് ഓഫായത് കര്‍ണാടകത്തിൽ വച്ചാണ്. ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയില്ലെന്ന് പൊലീസ് പറയുന്നു. എന്നാൽ രാഹുലിൻ്റെ ലുക്കൗട്ട് നോട്ടീസ് ഇതുവരെ പുറത്തിറക്കിയിട്ടില്ല.

സംഭവത്തിൽ ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം ഇന്നലെ പരാതിക്കാരിയായ യുവതിയുടെ എറണാകുളം വടക്കൻ പറവൂരിലെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. ഇന്നലെ വൈകിട്ട് ആറുമണിക്ക് തുടങ്ങിയ മൊഴിയെടുക്കല്‍ രാത്രി പത്ത് മണി വരെ നീണ്ടു. നവ വധു, മാതാപിതാക്കള്‍, അടുത്ത ബന്ധുക്കൾ തുടങ്ങി പലരുടെയും മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി. മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതും അസഭ്യം പറഞ്ഞതും കൊലപ്പെടുത്താൻ ശ്രമിച്ചതും അടക്കം ഭര്‍ത്താവിന്‍റെ കൊടും ക്രൂരതകള്‍ പെൺകുട്ടി പ്രത്യേക അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു. പന്തീരങ്കാവിലെ രാഹുലിന്‍റെ വീട്ടിൽ വിരുന്നിന് എത്തിയപ്പോള്‍ ഉണ്ടായ അനുഭവമടക്കമുള്ള കാര്യങ്ങള്‍ മാതാപിതാക്കളും പൊലീസിനോട് വിശദീകരിച്ചു. പരാതിക്കാരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായെന്നും അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രത്യേക അന്വേഷണ ചുമതല വഹിക്കുന്ന എസിപി സാജു പി എബ്രഹാം പറഞ്ഞു. 

പുതിയ സംഘത്തിൻ്റെ അന്വേഷണ സംഘത്തില്‍ യുവതിയുടെ മാതാപിതാക്കളും വിശ്വാസം പ്രകടിപ്പിച്ചു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ രാഹുലിന്‍റെ അമ്മയേയും സഹോദരിയേയും അന്വേഷണ സംഘം വൈകാതെ ചോദ്യം ചെയ്യും. യുവതിയും മാതാപിതാക്കളും നല്‍കിയ മൊഴിയിൽ പറയുന്ന നിലയിൽ ഉപദ്രവം ഇവരില്‍ നിന്ന് യുവതിക്കുണ്ടായെന്ന് ബോധ്യപെട്ടാല്‍ ഇവരുടെ അറസ്റ്റിലേക്കും പൊലീസ് കടക്കും.ഒ ളിവിലുള്ള പ്രതി രാഹുലിനെ കണ്ടെത്താനും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios