Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാറെന്ന് വാർത്ത; ഓൺലൈൻ മാധ്യമത്തിനെതിരെ ജില്ലാ കളക്ടർ പരാതി നൽകി

ജില്ലയിലെ ഏതു കേന്ദ്രത്തിലാണ് ഇത്തരം ഒരു പരാതി ഉണ്ടായതെന്ന് ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയിൽ ഒരിടത്തും പറയുന്നില്ല. വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ലെന്നും കളക്ടർ അറിയിച്ചു.

trivandrum district collector complains against an online media on a news of voting machine malpractice
Author
First Published Apr 19, 2024, 11:45 AM IST

തിരുവനന്തപുരം ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളിലെ പോളിംഗ് കേന്ദ്രങ്ങളിൽ സജ്ജമാക്കുന്ന വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന രീതിയിൽ ഒരു ഓൺലൈൻ മാധ്യമത്തിൽ നൽകിയിരിക്കുന്ന വാർത്ത വ്യാജമെന്ന് ജില്ലാ ജില്ലാ കളക്ടർ അറിയിച്ചു. മോക്പോളിങ്ങിൽ വിവിപാറ്റ് സ്ലിപ്പുകളിൽ ബിജെപിക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചതായി കാണിക്കുന്നു എന്നാണ് വാർത്തയിൽ ആരോപിക്കുന്നതെന്നും എന്നാൽ ഇത്തരത്തിൽ ഒരു സംഭവം ജില്ലയിൽ എവിടെയും കണ്ടെത്തിയിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. 

വോട്ടെടുപ്പിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ സജ്ജമാക്കുന്ന കമ്മിഷനിങ് പ്രക്രിയ ഏപ്രിൽ 16നാണ് ആരംഭിച്ചത്. ഏപ്രിൽ 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ഉള്ള കമ്മീഷനിങ് പൂർത്തിയാവുകയും ചെയ്തു. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ഉൾപ്പെടുന്ന ബാലറ്റ് പേപ്പറുകൾ ക്രമീകരിക്കുകയും വിവിപാറ്റ് മെഷീനിൽ സ്ലിപുകൾ സജ്ജീകരിക്കുകയും ചെയ്യുന്ന പ്രക്രിയ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് നടന്നത്. ഇത്തരത്തിൽ ഒരു പരാതി ജില്ലയിൽ എവിടെ നിന്നും ഉയർന്നുവന്നിട്ടില്ലെന്നാണ് ജില്ലാ കളക്ടർ അറിയിച്ചത്. 

ജില്ലയിലെ ഏതു കേന്ദ്രത്തിലാണ് ഇത്തരം ഒരു പരാതി ഉണ്ടായതെന്ന് ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയിൽ ഒരിടത്തും പറയുന്നില്ല. വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല. ഫോട്ടോയിലുള്ള ഉദ്യോഗസ്ഥർ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്നവരും അല്ല. ആദ്യ വരിയിൽ മാത്രമാണ് തിരുവനന്തപുരത്ത് ഇത്തരമൊരു പരാതി ഉണ്ടായെന്ന് വാർത്തയിൽ പറയുന്നതെന്നും യാതൊരുവിധ പരാതിയും ഇല്ലാതെ വിജയകരമായി ജില്ലയിലെ വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് പൂർത്തീകരിച്ചിട്ടുണ്ട് എന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഓൺലൈൻ വന്ന വാർത്ത ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ പരാതി നൽകിയിട്ടുണ്ട്. പ്രസ്തുത വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ജില്ലാ കളക്ടറുടെ ആവശ്യം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

Follow Us:
Download App:
  • android
  • ios