Asianet News MalayalamAsianet News Malayalam

'വിട്ടു തരില്ലാ', രാത്രിയാത്രാ നിരോധനത്തിനെതിരെ പൊരിവെയിലിൽ സമരം ചെയ്ത് കുട്ടികൾ

വയനാട്ടിൽ രാത്രിയാത്രാ നിരോധനത്തിനെതിരായ സമരം ഏഴാം ദിവസവും ശക്തമായി തുടരുന്നു. സമരക്കാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ കൂറ്റൻ റാലി.

wayanad students express  solidarity to protest against night traffic ban
Author
Wayanad, First Published Oct 1, 2019, 2:37 PM IST

ബത്തേരി: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഏറ്റെടുത്ത് വിദ്യാർത്ഥികൾ. പ്രതിഷേധത്തിന്റെ 7 ആം ദിനം സഞ്ചാര സ്വാതന്ത്രം അനുവദിക്കണമെന്ന മുദ്രാവാക്യമുയർത്തി ആയിരക്കണക്കിന് വിദ്യാർത്ഥികൾ സമരമുഖത്തെത്തി. ജില്ലയിലെ നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അണിനിരന്ന കൂറ്റൻ റാലി ബത്തേരി നഗരത്തെ സ്തംഭിച്ചു. പൊരി വെയിലിലും ഗതാഗതനിരോധനത്തിനെതിരെ  ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ ഉയർത്തി സമരക്കാർക്ക്  വിദ്യാർത്ഥികൾ ഐക്യദാർഡ്യം പ്രഖ്യാപിച്ചു. കുരുന്നുകൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെയുള്ളവരുടെ പിന്തുണ സമരത്തിന് പുതിയ ഊർജം പകരുന്നതായി.

വയനാട് കൊല്ലഗല്‍ ദേശീയപാത പൂര്‍ണ്ണമായി അടക്കാനുള്ള നീക്കത്തിനെതിരായി നടത്തുന്ന സമരം ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് അഞ്ച് യുവ നേതാക്കളാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്. വിദ്യാർത്ഥികളുടെ പിന്തുണ പതിന്മടങ്ങ് ആവേശം തന്നുവെന്ന് സമരക്കാർ പ്രതികരിച്ചു. സമരം വിജയിക്കാതെ പിന്മാറില്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സമരക്കാർ. മരണം വരെയും പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. 

wayanad students express  solidarity to protest against night traffic ban

രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാക്കുകയാണ് സമരക്കാർ. കൂട്ട ഉപവാസം അടക്കമുള്ള പ്രതിഷേധ പരിപാടിയിലേക്കാണ് സമരസമിതി നീങ്ങുന്നത്. മുഖ്യമന്ത്രിയടക്കം വരും ദിവസം പിന്തുണയുമായി സമരപന്തലിലെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. രാഹുൽ ഗാന്ധി വ്യാഴാഴ്ച സമരപ്പന്തലിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രശ്നത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം നിരാഹാരസമരം ഏഴാം ദിവസത്തിലെത്തിയതോടെ യുവനേതാക്കളുടെ ആരോഗ്യം മോശമായി തുടങ്ങി.

ദില്ലിയിൽ തിരക്കിട്ട ചർച്ചകൾ

വിഷയത്തിൽ കേന്ദ്രം കേരളത്തിന് അനുകൂല  നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രഗതാഗതമന്ത്രിയെ കാണുകയാണ്. നീക്കം ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വയനാട് എംപി രാഹുല്‍ഗാന്ധി മുഖ്യമന്ത്രിക്ക് ദില്ലിയില്‍ നിവേദനം നല്‍കി. രാത്രിയാത്രാ നിരോധനത്തിന്‍റെ  പ്രശ്നങ്ങള്‍  ഉന്നയിച്ചുള്ള വിശദമായ നിവേദനം നല്‍കിയാണ് മുഖ്യമന്ത്രിയുമായി രാഹുല്‍ഗാന്ധി  കൂടിക്കാഴ്ച നടത്തിയത്. 

Read More: വയനാട്ടിലെ രാത്രിയാത്രാ നിരോധനം: രാഹുൽ ഗാന്ധി എംപി മുഖ്യമന്ത്രിയെ കണ്ടു

ബന്ദിപ്പൂരിനേക്കാള്‍ നിബിഡമായ ആസാം, മധ്യപ്രദേശ് വനപാതകളില്‍ യാത്ര നിരോധനമില്ലെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഭൂഗര്‍ഭ പാത, പരിസ്ഥിതി സൗഹൃദ എലിവേറ്റഡ് പാത തുടങ്ങിയ സാധ്യതകള്‍ സർക്കാർ പരിശോധിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. പാത പൂര്‍ണ്ണമായി അടച്ചിടാനുള്ള  നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന്  ഇതിനോടകം കര്‍ണ്ണാടകത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പ്രതികരിച്ചു. കേരളം നിർദേശിച്ച എലിവേറ്റഡ് പാതയെന്ന ആശയം കര്‍ണ്ണാടകം അംഗീകരിച്ചിട്ടില്ലെന്നതും രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പെടുത്തി. ശക്തമായ നിയമപോരാട്ടത്തിന് സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കണമെന്ന രാഹുല്‍ഗാന്ധിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ട്.

Read More: ബന്ദിപ്പൂര്‍; രാത്രിയാത്രാ നിരോധനം നീക്കാന്‍ സാധ്യമായ എല്ലാം ചെയ്യുമെന്ന് എ.കെ.ശശീന്ദ്രന്‍

കര്‍ണ്ണാടക സര്‍ക്കാരിന്റെ നിലപാട് മാത്രം പരിഗണിച്ച് മുന്‍പോട്ട് പോകരുതെന്നാണ്  കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെടുന്നത്. തീരുമാനം കേരളത്തെ ഗുരുതരമായി ബാധിക്കുമെന്ന് കേന്ദ്രവനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. വയനാട് - കൊല്ലഗല്‍ ദേശീയപാതയിലെ പൂര്‍ണ്ണ ഗതാഗത  നിയന്ത്രണത്തെ  കുറിച്ച് വരുന്ന പതിനാലിന് കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാനിരിക്കേയാണ് തിരിക്കിട്ട നീക്കങ്ങള്‍ ദില്ലിയില്‍ നടക്കുന്നത്. പ്രദേശിക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാരും, കോണ്‍ഗ്രസും വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

Read More: ബന്ദിപ്പൂര്‍; സമരത്തിന് ഐക്യദാര്‍ഢ്യം, സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല

ദേശീയ പാതയില്‍ കഴിഞ്ഞ 10 വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരിഗണിക്കവേ പകൽകൂടി പാത അടയ്ക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ സംയുക്ത സമരസമിതി സമരം ആരംഭിച്ചത്. നൂറുകണക്കിന് പേരാണ് ദിവസവും സമരപന്തലിൽ എത്തുന്നത്. കർഷകരെ അണിനിരത്തി ഇന്ന് സമരക്കാർ ലോങ്മാർച്ചും സംഘടിപ്പിച്ചിരുന്നു. 
 

Follow Us:
Download App:
  • android
  • ios