Asianet News MalayalamAsianet News Malayalam

സംശയം തോന്നാതിരിക്കാൻ യാത്ര ബസിൽ, അതും 2 റൂട്ടിൽ; എല്ലാ പ്ലാനും പൊളിഞ്ഞ് രണ്ടുപേരും പിടിയിലായത് 40 ലക്ഷവുമായി

ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ കുഴൽപ്പണം പാലക്കാട്ട് പിടികൂടി

40 lakh rupees money that was tried to be smuggled  seized in Palakkad
Author
First Published Apr 21, 2024, 11:47 PM IST

പാലക്കാട്: ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുടെ കുഴൽപ്പണം പാലക്കാട്ട് പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ രണ്ടാളുകളാണ് രേഖകളില്ലാത്ത പണവുമായി ലഹരി വിരുദ്ധ സ്ക്വാഡിന്‍റെ പിടിയിലായത്. പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് കസബ പൊലീസ് അന്വേഷണം തുടങ്ങി. തെരഞ്ഞെടുപ്പിന് മുന്നോടിയായി ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് അതിർത്തി മേഖലയിൽ നടത്തിയ പരിശോധനയിലാണ് പണവുമായി മഹാരാഷ്ട്ര സ്വദേശികളായ വിശാൽ ബബാസോ ബിലാസ്ക‍ർ , ചവാൻ സച്ചിൻ ജയ് സിംഗ് എന്നിവ‍ർ രണ്ടിടങ്ങളിലായി പിടിയിലായത്.

ഇരുവരും ഏറെ നാളായി പട്ടാമ്പിയിലാണ് താമസം. കോയമ്പത്തൂരിൽ നിന്ന് കുഴൽപ്പണം കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുട‍ർന്ന് നടത്തിയ പരിശോധനയിലാണ് ബസ് യാത്രക്കാരായ ഇരുവരും കുടുങ്ങിയത്. പൊലീസിനെ വെട്ടിക്കാൻ രണ്ട് റൂട്ടുകളിയാലിരുന്നു യാത്ര. വാളയാർ പൊലീസ് സ്റ്റേഷന് സമീപം വച്ച് വിശാലാണ് ആദ്യം പിടിയിലായത്. ഇയാളിൽ നിന്ന് കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊഴിഞ്ഞാമ്പാറ വഴി യാത്രചെയ്യുകയായിരുന്ന ചവാൻ സച്ചിനും കുടുങ്ങി. 

ഇരുവരുടെയും ബനിയന്റെ അകത്ത് സജ്ജീകരിച്ച പ്രത്യേക അറയിലായിരുന്നു നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നത്. പട്ടാമ്പി മേഖലയിൽ വിതരണത്തിനുളള പണമാണിതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നേരത്തെയും ഇവർ കുഴൽപ്പണ വാഹകരായിരുന്നെന്നാണ് പൊലീസിന് കിട്ടിയ വിവരം. സംശയം തോന്നാതിരിക്കാനാണ് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുളള പണമൊഴുക്ക് ഗൗരവമായാണ് പൊലീസ് കാണുന്നത്. പട്ടാമ്പിയിലെയും കോയമ്പത്തൂരിലെയും കുഴൽപ്പണ ഇടപാടുകാരെ കേന്ദ്രീകരിച്ച് കസബ പൊലീസ് അന്വേഷണം തുടങ്ങി.

ജോഷിയുടെ വീട്ടിലെത്തിയത് 'വലിയ പുള്ളി', വൻ മോഷണം നടത്താൻ വിദഗ്ധൻ, പറഞ്ഞു വീഴ്ത്താനും മിടുക്കനെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios