Asianet News MalayalamAsianet News Malayalam

ഒന്നരപ്പതിറ്റാണ്ടായി ആക്ട്‌സിന്റെ കരുതല്‍പ്പൂരം, ഇത്തവണയും നാലുനാൾ അവരുണ്ടാകും, എല്ലാം സജ്ജമെന്ന് ഭാരവാഹികൾ

ആംബുലന്‍സ് സേവനവും പൂരദിനത്തില്‍ സൗജന്യ ഭക്ഷണ കുടിവെള്ള വിതരണവുമായി ആക്ട്‌സിന്റെ കരുതല്‍ പൂരം.

ACT s service in thrissur Pooram with free ambulance service and free distribution of food and drinking water on  Pooram day
Author
First Published Apr 16, 2024, 8:19 PM IST

തൃശൂര്‍: സാംപിള്‍ വെടിക്കെട്ടു മുതല്‍ ഉപചാരം ചൊല്ലി പിരിയും വരെയുള്ള തൃശൂര്‍ പൂരം നാളുകളില്‍ സൗജന്യ ആംബുലന്‍സ് സേവനവും പൂരദിനത്തില്‍ സൗജന്യ ഭക്ഷണ കുടിവെള്ള വിതരണവുമായി ആക്ട്‌സിന്റെ കരുതല്‍ പൂരം. തൃശൂര്‍ കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ആക്ട്‌സ് സാമ്പിൾ വെടിക്കെട്ട് നടക്കുന്ന 17ന് വൈകിട്ട് ഏഴ് മുതല്‍ 20നു ഉച്ചയ്ക്കു 12 വരെ നാലുനാള്‍ നീളുന്ന (65 മണിക്കൂര്‍) സമ്പൂര്‍ണ സേവനമൊരുക്കുന്നത്.

പാറമേക്കാവു ക്ഷേത്രത്തിനു സമീപം പഴയ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്ട്‌സ് തൃശൂര്‍ ബ്രാഞ്ച് ഓഫിസിനു മുന്‍വശത്ത് തൃശൂര്‍ പൂരദിവസം രാവിലെ 11ന് ആരംഭിക്കുന്ന ചപ്പാത്തിയും കറിയും അടങ്ങുന്ന ഭക്ഷണ വിതരണം പുലര്‍ച്ചെ വരെ നീളും. ദാഹിച്ചു വലഞ്ഞെത്തുന്നവര്‍ക്കു ഇവിടെ കുടിവെള്ളവും നല്‍കും. ഇലഞ്ഞിത്തറ മേളവും കുടമാറ്റവും നടക്കുന്നിടങ്ങളിലേക്കു ആക്ട്‌സ് പ്രവര്‍ത്തകര്‍ കുപ്പിവെള്ളം എത്തിക്കും. കുടമാറ്റത്തിനിടയില്‍ ആരോഗ്യവകുപ്പുമായി സഹകരിച്ച് ഒ.ആര്‍.എസ്. ലായനി വിതരണവും ഉണ്ടാകും.

അപകടമുഖങ്ങളില്‍ സൗജന്യ സന്നദ്ധ സേവനത്തിന്റെ കാല്‍നൂറ്റാണ്ടിലേക്കു പ്രവേശിച്ച ആക്ട്‌സ്, ഒന്നരപ്പതിറ്റാണ്ടിലധികമായി തൃശൂര്‍ പൂരത്തിനു കരുതലിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ആറുവര്‍ഷമായി സൗജന്യ കുടിവെള്ള വിതരണവും നടത്തുന്നുണ്ട്. ഇതു തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് സൗജന്യ ഭക്ഷണ വിതരണം. സാമൂഹിക, സാംസ്‌ക്കാരിക രംഗത്തെ അഭ്യുദയകാംക്ഷികളുടെയും വ്യാപാരി സമൂഹത്തിന്റെയും പിന്തുണയോടെയാണ് സൗജന്യ ഭക്ഷണകുടിവെള്ള വിതരണം ഒരുക്കുന്നത്.

ചൂടില്‍ തളരുന്നവരെയും ശാരീരിക അസ്വാസ്ഥ്യത്താല്‍ കുഴഞ്ഞുവീഴുന്നവരെയും ആശുപത്രിയിലേക്കെത്തിക്കാന്‍ ആക്ട്‌സിന്റെ 12 അംഗം പ്രത്യേക സ്‌ട്രെച്ചര്‍ ടീം പ്രവര്‍ത്തിക്കും. കുടമാറ്റവും ഇലഞ്ഞിത്തറ മേളവും നടക്കുന്നിടത്ത് ടീം സജ്ജരായിരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

തൃശൂര്‍ മേയര്‍ എംകെ. വര്‍ഗീസ്, ആക്ട്‌സ് ജില്ലാ വൈസ് പ്രസിഡന്റ് ടിഎ അബൂബക്കര്‍, ആക്ട്‌സ് ജില്ലാ സെക്രട്ടറി ലൈജു സെബാസ്റ്റ്യന്‍, ആക്ട്‌സ് ജില്ലാ ട്രഷറര്‍ ജേക്കബ് ഡേവിസ്, ആക്ട്‌സ് തൃശൂര്‍ ബ്രാഞ്ച് പ്രസിഡന്റ് സി.എസ് ധനന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 19ന് തൃശൂര്‍ താലൂക്ക് പരിധിയിൽ അവധി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios