Asianet News MalayalamAsianet News Malayalam

'എടാ പാപ്പി, അപ്പി, മാത്താ, പോത്താ, ഇറങ്ങിവാടാ; വിളിക്കുന്നത് കുഞ്ഞച്ചനാണ്' സ്വീപ് കളറാക്കി കളക്ടറുടെ ഡാൻസും

സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷന്റെ(സ്വീപ്) ബോധവൽക്കരണ പരിപാടിയുടെ ജില്ലയുടെ ഭാഗ്യചിഹ്നമാണ് കോട്ടയം വോട്ടർ കുഞ്ഞച്ചൻ

Kottayam Kunjachan requested everyone to vote during the election
Author
First Published Apr 16, 2024, 3:34 PM IST

കോട്ടയം: എടാ പാപ്പി, അപ്പി, മാത്താ, പോത്താ, ഇറങ്ങിവാടാ വോട്ട് ചെയ്യാം... വിളിക്കുന്നത് കുഞ്ഞച്ചനാണ്, സാക്ഷാൽ കോട്ടയം കുഞ്ഞച്ചൻ. ഈ തെരഞ്ഞെടുപ്പുകാലത്ത് എല്ലാവരും വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം കുഞ്ഞച്ചൻ വരും, വോട്ടർ കുഞ്ഞച്ചനായി. 

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള സിസ്റ്റമാറ്റിക് വോട്ടർ എഡ്യുക്കേഷൻ ആൻഡ് ഇലക്ട്രറൽ പാർട്ടിസിപ്പേഷന്റെ(സ്വീപ്) ബോധവൽക്കരണ പരിപാടിയുടെ ജില്ലയുടെ ഭാഗ്യചിഹ്നമാണ് കോട്ടയം വോട്ടർ കുഞ്ഞച്ചൻ എന്ന കഥാപാത്രം.  കുമരകത്തെ ബാക്ക് വാട്ടർ റിപ്പിൾസിലെ കായലോരത്ത് ഹൗസ് ബോട്ടിൽ വന്നിറങ്ങിയ വോട്ടർ കുഞ്ഞച്ചന്റെ മാസ് എൻട്രിയും വേറിട്ടതായി. 

മലയാളസിനിമയിലെ സൂപ്പർതാരം മമ്മൂട്ടിയുടെ ഐക്കണിക് കഥാപാത്രങ്ങളിലൊന്നായ കോട്ടയം കുഞ്ഞച്ചനെപ്പോലെ തലയിൽ തോർത്തും ചുറ്റി കൂളിംഗ് ഗ്ലാസും വച്ച് വിദ്യാർഥികൾ വോട്ടർ കുഞ്ഞച്ചനെ നൃത്തച്ചുവടുകളോടെ വരവേറ്റു. അവർക്കൊപ്പം ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയും ചുവടുവച്ചപ്പോൾ വോട്ടർ കുഞ്ഞച്ചന്റെ വരവ് കളറായി. 

വോട്ടർ കുഞ്ഞച്ചന്റെ ബോധവൽക്കരണ മാസ്‌കോട്ട് ജില്ലാ കളക്ടർ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ കോട്ടയം ബസേലിയസ് കോളജിലെ വിദ്യാർഥികൾ മമ്മൂട്ടി സിനിമയിലെ ഗാനങ്ങൾ കോർത്തിണക്കിയ നൃത്തച്ചുവടുകളൊരുക്കി.   പോളിങ് ശതമാനം ഉയർത്തുന്നതിന്റെ ഭാഗമായി നിരവധി പരിപാടികൾ ജില്ലാ ഭരണകൂടവും സ്വീപും നടത്തുന്നുണ്ടെന്നും കൂടുതൽ പേരെ ആകർഷിക്കുന്നതിനായാണ് കോട്ടയം വോട്ടർ കുഞ്ഞച്ചനെന്ന വ്യത്യസ്തമായ ആശയം നടപ്പാക്കിയതെന്നും ജില്ലാ കളക്ടർ പറഞ്ഞു. 

ആരായിരിക്കും കോട്ടയത്തിന്റെ വോട്ട് കഥാപാത്രം എന്ന ചർച്ച കഴിഞ്ഞദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സ്വീപ് നോഡൽ ഓഫീസറും പുഞ്ച സ്‌പെഷൽ ഓഫീസറുമായ എം. അമൽ മഹേശ്വർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത്, ഇലക്ടറൽ ലിറ്ററസി ക്ലബ് കോഡിനേറ്റർ വിപിൻ വർഗീസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios