Asianet News MalayalamAsianet News Malayalam

മണല്‍ക്കാറ്റില്‍ ചോരക്കുഞ്ഞിന്റെ  മൃതദേഹവുമായി ഒരു രാത്രി!

Haris Kannur Column grave yard keepers autobiography
Author
Thiruvananthapuram, First Published Jan 15, 2018, 7:30 PM IST

സ്പന്ദനം-ഒരു ശ്മശാനം കാവല്‍ക്കാരന്റെ ആത്മകഥയില്‍നിന്ന്. 

Haris Kannur Column grave yard keepers autobiography

ജീവജാലങ്ങളെ ബാധിക്കുന്ന, എല്ലാ അസുഖങ്ങളും മാറ്റാന്‍ കഴിവുള്ള ഒരേയൊരു ഡോക്ടറേയുള്ളൂ. മരണം. ചില വേണ്ടപ്പെട്ടവരുടെ മരണം നമ്മെ ദുഖത്തിലാഴ്ത്താറുണ്ട്. എന്നാല്‍ ആരുടെയെങ്കിലും മരണം ഇന്നേ വരെ നമ്മെ സന്തോഷിപ്പിച്ചിട്ടുണ്ടോ. ഇല്ല എന്ന് നിസ്സംശയം പറയാം. ഒരു പക്ഷെ അത് ശത്രുവിന്‍േറതായാല്‍ പോലും. കാരണം മരണം എന്ന പ്രഹേളിക ആരെയും വെറുതെ വിടുന്നില്ല.

നവംബറിലെ ഒരു സന്ധ്യാ സമയം. പതിവിലും വളരെ വൈകിയാണ് അന്ന് ഡ്യൂട്ടിക്കായി എത്തിച്ചേര്‍ന്നത്. ശക്തമായ കാറ്റ് റോഡില്‍ നിറയെ ചെറു മണല്‍കൂനകള്‍ സൃഷ്ടിച്ചിരുന്നതിനാല്‍ വണ്ടി വളരെ വേഗത കുറച്ചായിരുന്നു മുന്നോട്ടു നീങ്ങിയിരുന്നത്. അങ്ങനെ ഒരു മണിക്കൂറോളും വൈകി. സമയം ഏഴു മണിയാവാന്‍ അഞ്ച് മിനിറ്റ് കൂടി നില നില്‍ക്കുന്നുവെന്ന് കമ്പനി വണ്ടിയിലെ ഡിജിറ്റല്‍ ക്ലോക്ക് അറിയിച്ചു. വണ്ടിയില്‍ നിന്നും പുറത്തിറങ്ങി സെക്യൂരിറ്റി കാബിനിലേക്ക് ധൃതിയില്‍ നടന്നടുക്കവേ മാനേജര്‍ ഓഫീസില്‍ നിന്നും വെളിയിലേക്കിറങ്ങി വന്നു. 

ഒരു കൈയ്യില്‍ ചായ കപ്പും മറു കൈയ്യില്‍ പേനയുമായി ചവിട്ടു പടിയില്‍ നിന്നു കൊണ്ട് അയാള്‍ ഇപ്രകാരം പറഞ്ഞു: 'ഒരു ബോഡി വരുന്നുണ്ട്. കുഴിവെട്ടാനുള്ളവര്‍ ഇപ്പോള്‍ വരും. നീ കൂടെ പോകണം. സംസ്‌കാരം കഴിയുന്നതു വരെ കൂടെ നില്‍ക്കണം. എനിക്ക് അര്‍ജന്റായി ഒരിടം വരെ പോകാനുണ്ട്. അതുകൊണ്ട് ഞാന്‍ ഇത്തിരി നേരത്തെ പോകും'

അത്രയും പറഞ്ഞ് ഓഫീസിലേക്കുള്ള പടികള്‍ തിരിച്ചു കയറുന്നതിനിടെ അയാള്‍ ഒന്നു കൂടി സൂചിപ്പിച്ചു: 'ബോഡി നോണ്‍ മുസ്ലിം ഗ്രേവ് യാര്‍ഡിലേക്കാണ്. മറക്കരുത്'-പിന്നെ കപ്പില്‍ ശേഷിക്കുന്ന ചായ ഒറ്റവലിക്ക് അകത്താക്കിയ ശേഷം അയാള്‍  ഓഫീസിനകത്തേക്ക് കടന്നു.

സെക്യൂരിറ്റി കാബിനിലെ ടേബിളില്‍ കിടന്ന അറ്റന്‍ഡന്‍സ് റജിസറ്ററില്‍ ഒപ്പിട്ട് ലോഗ് ബുക്ക് എഴുതുമ്പോഴേക്കും കുഴിവെട്ടുകാരുടെ മിനി പിക്കപ്പ് ഡോറിനടുത്ത് വന്ന് ഹോണ്‍ മുഴക്കി. ഞൊടിയിടയില്‍ ഡ്യൂട്ടി വിവരണങ്ങള്‍ എഴുതിയ ശേഷം ഡ്രൈവറടക്കം അഞ്ചു പേര്‍ക്ക് സഞ്ചരിക്കാവുന്ന നിസാന്‍ മിനി പിക്കപ്പിന്റെ മുന്‍ സീറ്റില്‍ ഞാന്‍ കയറിയിരുന്നു. 

പബ്ലിക്ക് സെമിത്തേരിയെ ഇവിടെ രണ്ടായി ഭാഗിച്ചിരിക്കുന്നു. മുസ്ലിം ആന്റ് നോണ്‍ മുസ്ലിം ഗ്രേവ് യാര്‍ഡ്. ഒരു കിലോമീറ്ററോ അതില്‍ കൂടുതലോ ആണ് സെമിത്തേരി വ്യാപിച്ചു കിടക്കുന്നതെന്ന് ഞാന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നുവല്ലോ. ഇതില്‍ നോണ്‍ മുസ്ലിം ഗ്രേവ് യാര്‍ഡ് ഗ്രൗണ്ടിന്റെ കിഴക്കേ അറ്റത്താണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ നടന്നു പോകുക അസാധ്യം. ദൂരം കൂടുതലാണ്.  ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ടെടുത്തപ്പോള്‍ ഒരു സംശയം ബാക്കിയായി. ഇത്ര തിരക്കിട്ട് പോയിട്ട് എന്തുകാര്യം. ബോഡിയുമായി ആംബുലന്‍സ് എത്തിയിട്ടില്ലല്ലോ. വരുന്നുണ്ടാവാം , മണല്‍ക്കാറ്റ് കാരണം ലേറ്റ് ആവുന്നതാവാം എന്ന നിഗമനത്തില്‍ ഞാന്‍ സീറ്റില്‍ അമര്‍ന്നിരുന്നു. 

'ബോഡിയുടെ അടുത്തല്ലേ നിങ്ങള്‍ ഇരുന്നത്...?' ഡ്രൈവറുടെ വാക്കുകള്‍ കേട്ട് ഞാന്‍ ഒന്ന് ഞെട്ടി. 

ഒരു പാക്കിസ്ഥാനി ഡ്രൈവറായിരുന്നു വണ്ടിയോടിച്ചിരുന്നത്. പുറകിലെത്തെ സീറ്റില്‍ മൂന്ന് ഈജിപ്റ്റുകാരും. അവര്‍ നാട്ടുവിശേഷങ്ങള്‍ പലതും പരസ്പരം പറഞ്ഞു ചിരിച്ചു. വണ്ടി സാമാന്യം തരക്കേടില്ലാത്ത വേഗതയിലായിരുന്നു. ഞാന്‍ മുന്നിലെ റിയര്‍ വ്യൂ മിററിലേക്ക് നോക്കി. ഒന്നോ രണ്ടോ കാറുകള്‍ പുറകിലുണ്ടെന്നതൊഴിച്ചാല്‍ റോഡ് തീര്‍ത്തും ശൂന്യമായിരുന്നു. അപ്പോള്‍ ആംബുലന്‍സ് എവിടെ എന്ന ചോദ്യം എന്റെ ഉള്ളില്‍ നിന്നും ഉയര്‍ന്നു വന്നു. സമയം ഏഴ് കഴിഞ്ഞെന്നും വേഗം പണി തീര്‍ക്കണമെന്നും പിന്നിലുള്ളവര്‍ ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ വണ്ടിയുടെ  വേഗത ഒന്ന് കൂട്ടി. സെമിത്തേരിയിലേക്കുള്ള വളവ് എത്താറായപ്പോള്‍ റോഡരികില്‍ നാട്ടി നിര്‍ത്തിയിരിക്കുന്ന നോണ്‍ മുസ്ലിം ഗ്രേവ് യാര്‍ഡ് എന്ന ബോര്‍ഡ് കാണാറായി. ഡ്രൈവര്‍ തിടുക്കപ്പെട്ട് സ്റ്റിയറിംഗ് ഇടത്തോട്ട് തിരിക്കുന്നതിനിടയില്‍ റോഡിലെ മണല്‍ക്കൂനയിലമര്‍ന്ന് വണ്ടി ഒന്ന് ഉലഞ്ഞു. പിന്നെ റോഡില്‍ നിന്നും തെന്നിമാറി മുന്‍ ചക്രങ്ങള്‍ രണ്ടും മണല്‍പ്പാടത്ത് അമര്‍ന്ന് താഴ്ന്നു.

ഞങ്ങള്‍ വണ്ടിയില്‍ നിന്നും പുറത്തേക്കിറങ്ങി. ആകാശം കരിമ്പടം പുതച്ചതിനാല്‍ മങ്ങിയ വെളിച്ചത്തില്‍ വണ്ടി നേരെയാക്കാനുള്ള ശ്രമം വൃഥാ പാളിപ്പോയി. ഈജിപ്ഷ്യന്‍മാര്‍ കഷ്ടം എന്തൊരു നാശമാണിത് എന്നൊക്കെ പരസ്പരം പറഞ്ഞ് ഒച്ചയിടാന്‍ തുടങ്ങി. പാക്കിസ്ഥാനിയായ ഡ്രൈവറോടായിരുന്നു അവര്‍ക്ക് കൂടുതല്‍ ദേഷ്യം. 

അതിനിടെ ഞാന്‍ അവരോടു പറഞ്ഞു: 'നിങ്ങള്‍ ഇങ്ങനെ ധൃതിപ്പെട്ടിട്ട് എന്തുകാര്യം. ഇതേ വരെ ബോഡി എത്തിയില്ലല്ലോ..?'

എന്റെ ചോദ്യം കേട്ട് ആശ്ചര്യഭാവത്തില്‍ അവര്‍ എന്നെ നോക്കി.

'ബോഡിയുടെ അടുത്തല്ലേ നിങ്ങള്‍ ഇരുന്നത്...?'

ഡ്രൈവറുടെ വാക്കുകള്‍ കേട്ട് ഞാന്‍ ഒന്ന് ഞെട്ടി. 

എന്റെ അമ്പരപ്പ് കണ്ടിട്ടാവണം ചിരിച്ചു കൊണ്ടിരുന്ന ഈജിപ്ഷ്യന്‍മാരില്‍ ഒരാള്‍ എന്നോട് ഇങ്ങനെ പറഞ്ഞു: 'സുഹൃത്തേ , നിങ്ങളുടെ സീറ്റിനരികെ ചെറിയൊരു തുണിക്കെട്ട് കണ്ടില്ലേ. അതു തന്നെയാണ് ബോഡി. നവജാത ശിശുവാണ്'

അപ്പോഴാണ് ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞതെന്തോ എന്റെ  ശ്രദ്ധയില്‍ പെട്ടിരുന്നു എന്ന കാര്യം എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞത്. ജോലിക്കാരുടെ ഡ്രസ്സോ മറ്റോ ആണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. 

അപ്പോള്‍ ആംബുലന്‍സ് വന്നിരുന്നില്ലേ എന്ന എന്റെ   ചോദ്യത്തിന് ഉത്തരമായി. അതൊക്കെ നേരത്തെ തന്നെ വന്നെന്നും വിവരം പറഞ്ഞപ്പോള്‍ മാനേജര്‍ക്ക് തെറ്റിയതാണെന്നും നിങ്ങള്‍ താമസിച്ചതിനാലാണ് കാണാതെ പോയതെന്നും അവര്‍ അറിയിച്ചു.

'കല്ലറകളില്‍ കിടന്നുറങ്ങുന്നവരേ എന്ത് സ്വപ്നം ബാക്കിവെച്ചാണ് നിങ്ങള്‍ മടങ്ങിപ്പോയത്..?'

ഇനി എന്ത് ചെയ്യും എന്ന് എല്ലാവരും കൂടി ചിന്തിച്ചു. 

വണ്ടി എന്തായാലും പുറത്തെടുക്കാനാവില്ല. അതിന് റിക്കവറി വാനിന്റെ സഹായം വേണം. ഒടുവില്‍ ഒരു തീരുമാനത്തില്‍ എത്തി. ബോഡിയുമായി നടന്നു പോകുക. ഇവിടെ അടുത്തായി ഒരു ഷോര്‍ട്ട് കട്ട് ഉണ്ടെന്നും അതു വഴി പോയാല്‍ പത്തു മിനിറ്റു കൊണ്ട് ഗ്രേവ് യാര്‍ഡില്‍ എത്തിച്ചേരാവുന്നതേയുള്ളുവെന്നും ഡ്രൈവര്‍ പറഞ്ഞപ്പോള്‍ നടക്കാന്‍ തീരുമാനിച്ചു. മണ്‍വെട്ടിയും പിക്കാസുമൊക്കെയായി ജോലിക്കാര്‍ മുന്‍പിലും ബോഡിയുമായി ഞാന്‍ പുറകിലും യാത്ര തുടര്‍ന്നു. 

നേരം നന്നേ ഇരുട്ടി വന്നു. സമയം ഏഴര കഴിഞ്ഞു. ശക്തമായ കാറ്റ് മൂക്കിലും വായിലും ഇരച്ചു കയറി മണലിന്റെ രുചി അറിയിച്ചു. നവജാത ശിശുവിന്റെ ജഡവും പേറി മണല്‍ക്കാട്ടിലൂടെ, മണല്‍ക്കാറ്റേറ്റ് രാത്രിയില്‍ ഒരു യാത്ര. ഏതാണ്ട് പത്ത് മിനിറ്റോടെ ഗ്രേവ് യാര്‍ഡിന്റെ ഗെയിറ്റിനു മുന്‍പാകെ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. പാക്കിസ്ഥാനി ഡ്രൈവര്‍ അയാളുടെ തലപ്പാവ് ഊരി ഒന്ന് കുടഞ്ഞു. ചിതറിത്തെറിച്ച മണല്‍ തരികള്‍ ബോഡിയില്‍ തെറിച്ചു വീഴാതിരിക്കാന്‍ വെള്ളത്തുണിക്കൊണ്ട് ഭദ്രമായി ഒന്ന് പൊതിഞ്ഞു നെഞ്ചോടു ചേര്‍ത്തു പിടിച്ചു.

സെമിത്തേരിക്കകം കനത്ത ഇരുട്ട്. അങ്ങ് ദൂരെയെവിടെയോ പൂച്ചകളുടെ കലഹത്തെ തുടര്‍ന്നുള്ള ശബ്ദം നിശ്ശബ്ദതയെ ചെറുതായൊന്നു കീറിമുറിക്കുന്നു. നിര നിരയായി ഒരുക്കിയിട്ടുള്ള കല്ലറകളുടെ ഒരറ്റത്ത് നവജാത ശിശുവിന് കുഴിയൊരുക്കി. 

സംസ്‌കാര നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കിയ ശേഷം മുനിസിപ്പാലിറ്റിയുടെ ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് വണ്ടി മണലില്‍ പുതഞ്ഞു പോയെന്നും , പകരം മറ്റൊരു വണ്ടി അയച്ചു തരണമെന്നും അറിയിച്ചു. ഞാന്‍ അന്ധകാരത്തിലേക്ക് തന്നെ തുറിച്ചു നോക്കി. ഒരു കാലത്ത് ഒരുപാട് സ്വപ്നങ്ങള്‍ നെയ്തു കൂട്ടി മരുഭൂമിയില്‍ സ്വര്‍ണ്ണം കൊയ്യാന്‍ വന്നവര്‍. പലരുടെയും സ്വപ്നങ്ങള്‍ പൂവണിഞ്ഞിരുന്നുവോ. അറിയില്ല. അതിരുകളില്ലാത്ത മോഹങ്ങളെയും പ്രതീക്ഷകളെയും കടിഞ്ഞാണിട്ടു നിര്‍ത്താന്‍ ആര്‍ക്കാണ് കഴിയുക.
 
'കല്ലറകളില്‍ കിടന്നുറങ്ങുന്നവരേ എന്ത് സ്വപ്നം ബാക്കിവെച്ചാണ് നിങ്ങള്‍ മടങ്ങിപ്പോയത്..?' എന്ന് ഉറക്കെ വിളിച്ചു ചോദിക്കണമെന്നു തോന്നി.

'ഇവിടെ ആരും ഉറങ്ങുന്നില്ല. മഞ്ഞില്‍ അസ്ഥികള്‍ തുടിക്കുന്നതും അവ പാതിരാക്കാറ്റില്‍ പുളകം കൊള്ളുന്നതും നീ അറിയുന്നില്ലല്ലോ കാവല്‍ക്കാരാ'

ചെവികളില്‍ അങ്ങനെയൊരു പ്രതിധ്വനി മുഴങ്ങുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഒരു നിമിഷം ഏതോ സ്വപ്നലോകത്ത് എത്തപ്പെട്ട പ്രതീതിയിലായിരുന്നു ഞാന്‍.

മുനിസിപ്പാലിറ്റി വണ്ടിയുടെ ഹോണ്‍ മുഴക്കം ഉപബോധ മനസ്സിന്റെ അനന്ത സഞ്ചാരത്തിന് കടിഞ്ഞാണിട്ടു. 

ജീവസ്പന്ദനം നഷ്ടപ്പെട്ടവരോട്  താല്‍ക്കാലിക യാത്ര  പറഞ്ഞ ശേഷം തുരുമ്പിച്ച ആ കൂറ്റന്‍  ഗെയിറ്റ് താഴിട്ടു പൂട്ടി. പിന്നെ എപ്പോള്‍ വേണമെങ്കിലും നിലച്ചു പോയേക്കാവുന്ന സ്പന്ദനവുമായി  ഞങ്ങള്‍ വണ്ടിയില്‍ കയറിയിരുന്നു. മുന്നോട്ടു നീങ്ങവേ ഗെയിറ്റ് ഇരുളില്‍ മറഞ്ഞു. മണല്‍ക്കാറ്റ് അപ്പോഴും വീശിയടിച്ചു കൊണ്ടേയിരുന്നു...

(അടുത്ത ലക്കം അഹമ്മദാജിയുടെ മരണവും ഡിസംബറിലെ തണുത്ത രാത്രിയും)

ആദ്യഭാഗം:മരിച്ചവരുടെ കൂട്ടില്‍ ജീവനോടെ!

Follow Us:
Download App:
  • android
  • ios