Asianet News MalayalamAsianet News Malayalam

മരിച്ചവരുടെ കൂട്ടില്‍ ജീവനോടെ!

column haris kannur cemetery keeppers autobiography
Author
Thiruvananthapuram, First Published Jan 8, 2018, 3:22 PM IST

പുതിയ ഒരു കോളം തുടങ്ങുന്നു. സ്പന്ദനം-ഒരു ശ്മശാനം കാവല്‍ക്കാരന്റെ ആത്മകഥയില്‍നിന്ന് 
column haris kannur cemetery keeppers autobiography

ഒരാള്‍ അയാളുടെ ആത്മകഥ എവിടെ നിന്നാണ് ആരംഭിക്കേണ്ടത്. ഓര്‍മ്മവെച്ച നാള്‍ തൊട്ട് എന്നു പറയാം. അതിനപ്പുറത്ത് അജ്ഞാതമാണ്. വെറും പറഞ്ഞുകേട്ട അറിവുകള്‍ മാത്രം. അതില്‍ എത്രത്തോളും ശരിയുടെ അംശം കലര്‍ന്നിട്ടുണ്ടെന്ന് എങ്ങനെ തിട്ടപ്പെടുത്തും. തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ നല്ല ആത്മകഥയെ പാകപ്പെടുത്തിയെടുക്കും. 

വര്‍ഷങ്ങള്‍ക്കപ്പുറത്ത് കറുത്ത ട്രൗസറും കറുത്ത ഷര്‍ട്ടും ധരിച്ച ഒരു ഏഴു വയസ്സുകാരന്‍ കുട്ടി വാടക വീടിന്റെ തുറന്നിട്ട ജാലകത്തിലൂടെ പാതി തുരുമ്പിച്ച ജനലഴികളില്‍ പിടിച്ച് പുറം കാഴചകളിലേക്ക് നോക്കി നില്‍ക്കുമായിരുന്നു. തൊട്ടടുത്ത വീട്ടിലെ കുട്ടികളും അവരുടെ കൂട്ടുകാരും കളിക്കുന്നത് നോക്കി നില്‍ക്കുക എന്നതാണ് അവന്റെ പ്രധാന വിനോദം. അവരോടൊത്ത് കളിക്കുവാനോ, ആഹ്ലാദിക്കുവാനോ ആ കുട്ടിക്ക് കഴിയുമായിരുന്നില്ല അഥവാ അങ്ങനെയൊരു അനുവാദം അവന് കിട്ടിയിരുന്നില്ല. രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ച് ഓടുവാനും വയ്യ. വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ തികച്ചും ബന്ധനസ്ഥന്‍. അയല്‍വാസികളായ രണ്ടു വീട്ടുകാര്‍ തമ്മിലുള്ള പൊരിഞ്ഞ വഴക്കായിരുന്നു പ്രധാന കാരണം. മുതിര്‍ന്നവര്‍ തമ്മിലുള്ള വഴക്ക് ആ കുട്ടിയെ തുറുങ്കിലടച്ചതിനു സമാനമായ ജീവിതത്തിലേക്കാണ് നയിച്ചത്. തികച്ചും ഏകാന്തമായ ജീവിതം. അവന്‍ അവനോട് തന്നെ സംവദിക്കുകയും അവനെ തന്നെ സുഹൃത്താക്കുകയും ചെയ്തു. പല  പേരുകള്‍ നല്‍കി അവന്‍ അവനെ തന്നെ മാറി മാറി വിളിച്ചു. സമപ്രായക്കാരായ കുട്ടികള്‍ ആര്‍ത്തുല്ലസിക്കുമ്പോള്‍ വെറുമൊരു കാഴ്ചക്കാരന്റെ വേഷം അണിയാന്‍ വിധിക്കപ്പെട്ട ആ കുട്ടി ഞാനായിരുന്നു.

കണ്ണൂര്‍ ആനയിടുക്ക് എല്‍ പി സ്‌കൂളിലെ പഠനം കഴിഞ്ഞ് നേരെ പോകുന്നത്, അവിടെ നിന്നും പതിനഞ്ച് മിനിറ്റ് നടക്കാവുന്ന ദൂരത്തുള്ള മദ്രസ സിറാജുല്‍ ഉലൂം യു പി സ്‌കൂളിലേക്കായിരുന്നു. നീണ്ടു കിടക്കുന്ന റെയില്‍പ്പാളങ്ങള്‍ക്ക് അരികെയുള്ള ഒരു പഴയ ഇരുനില കെട്ടിടത്തിലായിരുന്നു ആ സ്‌കൂള്‍. കാതടപ്പിക്കുന്ന ശബ്ദത്തില്‍ തീവണ്ടി എഞ്ചിന്‍ കുതിച്ചോടുമ്പോള്‍ കെട്ടിടം പ്രകമ്പനം കൊള്ളും. കെട്ടിടത്തിന്റെ ഉത്തരത്തിലെ മൂലോടുകള്‍ ഇളകിയാടും. അപ്പോള്‍ അധ്യാപകര്‍ കുറച്ചു നേരത്തേക്ക്  ക്ലാസ് നിര്‍ത്തി വെക്കും. ഞങ്ങള്‍ കുട്ടികള്‍ ജനാലയിലൂടെ പുറംകാഴ്ചകള്‍ നോക്കിയിരിക്കും. തീവണ്ടിയുടെ വേഗതയില്‍ ജനല്‍ക്കാഴ്ചകള്‍ ഒരു മിന്നായം പോലെ നിമിഷങ്ങള്‍ക്കകം കടന്നു പോകും. അതുകഴിഞ്ഞ് വീണ്ടും ക്ലാസ് തുടരും.

പാളങ്ങളില്‍ ഒടുങ്ങിയവരുടെ ചിന്നിച്ചിതറിയ ശവശരീരങ്ങള്‍ കാണാന്‍ കുട്ടികളില്‍ ചിലര്‍ പോകുമായിരുന്നു

ആ കാലത്ത് ഒരുപാടുപേര്‍ പാളങ്ങളില്‍ ജീവനൊടുക്കിയിരുന്നു. അവര്‍ കൂടുതലും  തെരഞ്ഞെടുത്തിരുന്നത് സ്‌കൂളിനു തൊട്ടടുത്തുള്ള പാളങ്ങളായിരുന്നു. കാരണം അവിടെ രണ്ട് പ്രധാന വളവുകളുണ്ടായിരുന്നു. മരിക്കാനാഗ്രഹിച്ചവര്‍ തങ്ങള്‍ ഒരിക്കലും രക്ഷപ്പെടരുതെന്നും തിരിച്ചു ജീവിതത്തിലേക്ക് കടന്നു വരരുതെന്നും  ദൃഢനിശ്ചയമെടുത്തവരായിരിക്കണം. പാളങ്ങളില്‍ ഒടുങ്ങിയവരുടെ ചിന്നിച്ചിതറിയ ശവശരീരങ്ങള്‍ കാണാന്‍ കുട്ടികളില്‍ ചിലര്‍ പോകുമായിരുന്നു. ഞാനാകട്ടെ ഭയന്നു വിറച്ച് ദൂരെ മാറി നില്‍ക്കും. അക്കാലത്ത് ഒട്ടും ധൈര്യമില്ലാത്ത ഒരു കുട്ടിയായിരുന്നു ഞാന്‍. സ്‌കൂളും വീടും തമ്മില്‍ വലിയ ദൂരമില്ലാത്തതിനാല്‍ രാത്രി കാലങ്ങളിലെ തീവണ്ടിയുടെ ചൂളംവിളി എന്റെ ഉറക്കം കെടുത്തിയിരുന്നു. ചിലപ്പോള്‍ നിര്‍ത്താതെ ചൂളംവിളി തുടരും. അന്ന് ആരോ ഒരാള്‍ പാളങ്ങളില്‍ ജീവനൊടുക്കി എന്നു ഉറപ്പിക്കാം.

ജീവിത പ്രയാണത്തില്‍, വര്‍ഷങ്ങള്‍ പിന്നിട്ട് മെഡിക്കല്‍ സെയില്‍സ്മാന്റെ വേഷം കെട്ടിയാടുമ്പോഴാണ് ആ വേഷം അഴിച്ചു വെച്ച് മരുഭൂമിയിലെ കാവല്‍ക്കാരന്റെ വേഷം എടുത്തണിയാന്‍ കാലം ആവശ്യപ്പെടുന്നത്. 

മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശീതീകരിച്ച കാത്തിരിപ്പു മുറിയുടെ ജനാലയിലൂടെ പുറത്തേക്ക് കണ്ണുകളെ വെറുതെ മേയാന്‍ വിട്ടു. നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന യന്ത്രപ്പക്ഷികള്‍. അവയുടെ ഭിത്തികള്‍ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും  സ്പന്ദനങ്ങള്‍ക്കായി തുടിക്കുന്നു...

column haris kannur cemetery keeppers autobiography

ഒരിക്കല്‍ മാനേജര്‍ വിളിച്ചു പറഞ്ഞു: 'നിനക്ക് ഒരു സ്ഥിരം ഡ്യൂട്ടി തരാം'. 

ഇവിടെ വന്നിറങ്ങിയ ആദ്യത്തെ ഒരു മാസം ഡൃൂട്ടിയേ ഉണ്ടായിരുന്നില്ല. ജോലി സംബന്ധിയായ ട്രെയിനിംഗ്, തുടര്‍ന്നുള്ള പരീക്ഷ... അങ്ങനെ നീണ്ടുപോയി. പിന്നെ പകരക്കാരനായ കാവല്‍ക്കാരനായി കുറെ സ്ഥലങ്ങളില്‍ മാറി മാറി ഡ്യൂട്ടി ചെയ്തു. ഒന്നും സ്ഥിരമായിരുന്നില്ല. ഒരു ലൊക്കേഷന്‍ ഏതാണ്ട് പഠിച്ചും മനസ്സിലാക്കിയും വരുമ്പോഴായിരിക്കും മറ്റൊരു ലൊക്കേഷനിലേക്ക് പറഞ്ഞയക്കുക. ഒരു തരം നിരാശ തോന്നും അപ്പോള്‍.

ഒരിക്കല്‍ മാനേജര്‍ വിളിച്ചു പറഞ്ഞു: 'നിനക്ക് ഒരു സ്ഥിരം ഡ്യൂട്ടി തരാം'. 

കേള്‍ക്കാനാഗ്രഹിച്ച കാര്യം. ഇനിയദ്ദേഹം പറയാന്‍ പോവുന്ന വാചകങ്ങള്‍ ഉള്ളിലെ എല്ലാ സന്തോവും കെടുത്താന്‍ പോകുമെന്ന് ധാരണയില്ലാതെ,  ഉള്ളില്‍ സന്തോഷം പതഞ്ഞു. 

'രാത്രിയിലാണ്. മോര്‍ച്ചറിയില്‍. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ , സുഹൃത്തുക്കള്‍, കമ്പനി അധികാരികള്‍,  പോലീസുകാര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടാല്‍ ബോഡി കാണിച്ചു കൊടുക്കുക. ശ്രദ്ധിക്കുക ,  ബോഡി മിസ്സാവരുത്. കുറ്റകരമാണ്. നടപടി വരും'.

ഞെട്ടിപ്പോയി. പണ്ട് റെയില്‍പ്പാളങ്ങള്‍ക്കു മീതെ ചിതറിത്തെറിച്ച  ശവശരീരങ്ങള്‍ കാണുന്നതിനെ ഭയന്നിരുന്ന എന്നോട് ഇന്ന് ശവശരീരങ്ങളുമായി അടുത്തിടപഴകുവാനാണ് കാലം നിര്‍ബ്ബന്ധിക്കുന്നത്. എന്തു ചെയ്യണമെന്നറിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിറ്റേന്ന് ചെയ്യാന്‍ പോവുന്ന ഡ്യൂട്ടിയുടെ കാര്യങ്ങള്‍ ഓര്‍ത്ത് അന്ന് രാത്രി ഉറക്കം വന്നതേയില്ല

കാലത്ത് ഒരു ഫോണ്‍ കോള്‍ കേട്ടായിരുന്നു ഉറക്കം ഞെട്ടിയത്. ഫോണെടുത്തു. മറുതലയ്ക്കല്‍ മാനേജരുടെ ശബ്ദം: 'നിങ്ങള്‍ മോര്‍ച്ചറി ഡ്യൂട്ടിക്ക് പോകേണ്ട. ഞാന്‍ മറ്റൊരു ലൊക്കേഷന്‍ കണ്ടുവെച്ചിട്ടുണ്ട്'-അയാളുടെ വാക്കുകള്‍ മനസ്സില്‍ ആശ്വാസത്തിന്റെ അലയുണര്‍ത്തി. 

തീര്‍ന്നില്ല. ആശ്വാസത്തിന്റെ അലകള്‍ അടുത്ത വാചകത്തില്‍ പിഞ്ഞിപ്പോയി.

അയാള്‍ തുടര്‍ന്നു: 'ഇവിടെ പബ്ലിക്ക് സെമിത്തേരിയില്‍ ഒരൊഴിവുണ്ട്. രാത്രിയില്‍ അങ്ങോട്ടു പൊയ്‌ക്കോളൂ. ഭയപ്പെടാനൊന്നുമില്ല. ഒന്ന് രണ്ട് ആഴ്ച കൊണ്ട് ശരിയായിക്കോളും'. 

'രാത്രിയില്‍ ഒറ്റയ്ക്കാണ്, പേടിയാകുമോ'...?

മനസ്സിലെ സമാധാനം നിമിഷ നേരം കൊണ്ട് ആവിയായിപ്പോയി. എരിതീയില്‍ നിന്നും വറച്ചട്ടിയിലേക്ക് എന്ന അവസ്ഥയിലായി ഞാന്‍.

വര്‍ഷങ്ങള്‍ക്കു മുമ്പത്തെ ഒരു ഡിസംബര്‍ സന്ധ്യ. ഏതാണ്ട് ഒരു കിലോമീറ്റര്‍ നീളവും അത്ര തന്നെ വീതിയുമുള്ള അബുദാബി പബ്ലിക്ക് സെമിത്തേരിയുടെ മുന്‍പില്‍ ഞാന്‍ ഡ്യൂട്ടിക്ക് അവിടെ ആദ്യമായി എത്തിച്ചേര്‍ന്നു. മുനിസിപ്പാലിറ്റിയുടെ മാനേജര്‍ ഒരു യമന്‍ പൗരനായിരുന്നു. വെളുത്ത നിറത്തിലുള്ള കൂര്‍ത്ത നീളന്‍ വസ്ത്രം ധരിച്ച ആജാനുബാഹുവായ അയാള്‍ എന്നെ ഒന്ന് തുറിച്ചു നോക്കി. പിന്നെ ഇപ്രകാരം ചോദിച്ചു.

'രാത്രിയില്‍ ഒറ്റയ്ക്കാണ്, പേടിയാകുമോ'...?

മനസ്സ് വീര്‍പ്പു മുട്ടി. എന്ത് മറുപടി പറയണമെന്നുള്ള ആശങ്കയില്‍ കലങ്ങി മറിഞ്ഞു. സ്ഥിരം ഡൃൂട്ടിയാണ്. സ്വീകരിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ചൂടു പിടിച്ചു. ഒടുവില്‍ മനസ്സ് പറഞ്ഞു. ധൈര്യപൂര്‍വ്വം സ്വീകരിക്കുക. എല്ലാം വരുന്നിടത്തു വെച്ച് നേരിടുക. 

പിന്നെ ഞാന്‍ അയാളോട് ഇപ്രകാരം പറഞ്ഞു: 'എനിക്ക് പേടിയൊന്നുമില്ല സര്‍. ഇവിടെ ആദ്യം ഉണ്ടായിരുന്ന ആള്‍ എവിടെ പോയി'..?

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി കാറിനടുത്തേക്ക് നടന്നടുക്കുകയായിരുന്ന അയാള്‍ പെട്ടെന്ന് നിന്നു. എന്നെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം ഇപ്രകാരം പറഞ്ഞു.

'അയാള്‍ക്ക് മാനസികമായ എന്തോ അസുഖം പിടിപെട്ടു. ഇപ്പോള്‍ നാട്ടിലുള്ള  ആശുപത്രിയിലാണ് എന്നാണ് എനിക്ക് കിട്ടിയ വിവരം. ഇതിനിടയില്‍ പലരും വന്നു പോയി. ആരും സ്ഥിരപ്പെട്ടില്ല'.

കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഗിയര്‍ മാറ്റുന്നതിനിടയില്‍ പുകയിലക്കറ പുരണ്ട പല്ലുകള്‍ വെളിയില്‍ കാട്ടി അയാളൊന്നു ചിരിച്ചു. പിന്നെ പൊടി പറത്തിക്കൊണ്ട് കാര്‍ മുന്നോട്ടു കുതിച്ചു. എന്റെ ഉള്ളൊന്നു കാളി. നെഞ്ചിടിപ്പ് കൂടുകയും  തളര്‍ച്ച തോന്നുകയും ചെയ്തു.

പബ്ലിക്ക് സെമിത്തേരിയിലെ രാത്രികാല ഡ്യൂട്ടി ഒരു കാവല്‍ക്കാരനെ സംബന്ധിച്ചിടത്തോളും പല വെല്ലുവിളികളും നിറഞ്ഞതാണ്. അവയൊക്കെ ധൈര്യപൂര്‍വ്വം ഏറ്റെടുത്തു കൊണ്ട് അവിടെ മൂന്ന് വര്‍ഷം കടന്നു പോയി. അതിനിടയില്‍ പല സംഭവങ്ങളും അരങ്ങേറി. അവയില്‍ ഒന്ന് എന്റെ ഉള്ളുലച്ചു കളഞ്ഞു. അത് പബ്ലിക്ക് സെമിത്തേരിയോട് വിട പറയേണ്ടുന്ന തരത്തിലുള്ള മാനസികാവസ്ഥയില്‍ എന്നെ കൊണ്ടെത്തിച്ചു. (അതേക്കുറിച്ച് തുടര്‍ ലക്കങ്ങളില്‍ വായിക്കാവുന്നതാണ്).

അവിടെ നിന്നും ട്രാന്‍സ്ഫര്‍ വാങ്ങി നേരെ എത്തിച്ചേരുന്നത് അബുദാബിയിലെ ബത്തീന്‍ എന്ന സ്ഥലത്തെ സെമിത്തേരിയിലേക്കാണ്. ഇപ്പോള്‍ ഇവിടെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. അങ്ങനെ സെമിത്തേരി ജീവിതം ആറാം വര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി അനുഭവങ്ങള്‍, വേദനകള്‍ , പ്രയാസങ്ങള്‍. 

ഏഴു മണിയോടെ മോര്‍ച്ചറിയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു. ഒരു ബോഡി വരുന്നുണ്ട്.

ഇനി കുറച്ചു നേരത്തേക്ക് ആറു വര്‍ഷം മുന്‍പത്തെ  പബ്ലിക്ക് സെമിത്തേരി ജീവിതത്തിലേക്ക് തന്നെ തിരിച്ചു പോകാം. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് സെമിത്തേരിയിലെ സന്ദര്‍ശന സമയം. ഈ സമയത്ത്  മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിക്കാം. സങ്കടവും സന്തോഷവും പങ്കുവെക്കാം. വൈകീട്ട് ആറു മണിയോടെ സെമിത്തേരി ഗ്രൗണ്ടില്‍ പട്രോളിംഗ് നടത്തണം. ഗ്രൗണ്ടിന് ഒരു കിലോമീറ്റര്‍ നീളവും അത്ര തന്നെ വീതിയുമുണ്ടെന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചുവല്ലോ. അതുകൊണ്ട് നടന്നു പോവുക വയ്യ. അതിനായി പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രിക്ക് കാറുണ്ട്. അത് ഓടിച്ചു വേണം പട്രോളിംഗ് നടത്താന്‍. സന്ദര്‍ശകര്‍ ആരും അകത്തില്ലെന്ന് നിരീക്ഷിച്ച ശേഷം ഗെയിറ്റ് അടച്ചു പൂട്ടാം. അതാണ് നിയമം. 

അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം ഏഴു മണിയോടെ മോര്‍ച്ചറിയില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു. ഒരു ബോഡി വരുന്നുണ്ട്. ശവക്കുഴി തയ്യാറാക്കുന്നവരെ എത്രയും വേഗം വിവരം അറിയിക്കുക. ഞാന്‍ പെട്ടെന്ന് തന്നെ അതുമായി ബന്ധപ്പെട്ടവര്‍ക്ക് മെസ്സേജ് ചെയ്തു. പിന്നെ പുറത്തിറങ്ങി കറുത്ത പെയിന്റടിച്ച വലിയ ഇരുമ്പു ഗെയ്റ്റിനു വിടവിലൂടെ വെറുതെ പാളിനോക്കി. അകത്ത് തികഞ്ഞ നിശ്ശബ്ദത. നനുത്ത മണല്‍ക്കാറ്റ് ചെറുതായി ഉള്ളം കുളിര്‍പ്പിക്കുന്നു. കല്ലറകള്‍ക്കു മീതെ വീഴുന്ന നേരിയ വെളിച്ചം പിന്‍നിലാവിന്റെ വരവറിയിക്കുന്നു....


അടുത്ത ലക്കം: നവജാത ശിശുവും മണല്‍ക്കാറ്റും

Follow Us:
Download App:
  • android
  • ios