ആ മഴ ഇനിയും തോര്‍ന്നിട്ടില്ല ജില്‍ന ജന്നത്ത്.കെ.വി എഴുതുന്നു  

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.



പകല്‍വെളിച്ചത്തില്‍ നിന്ന ഏതോ കാല്‍പനിക കഥാകാരന്‍ ഇരുട്ടില്‍ നില്‍ക്കുന്ന എനിക്കായി സ്‌നേഹപൂര്‍വ്വം വെച്ചു നീട്ടിയ ഒരു കുടയായിരുന്നില്ല എന്റെ മഴക്കാലം. ലോകത്തെ മുഴുവന്‍ ചിരിപ്പിച്ച ഒരുവന് തന്റെ കണ്ണുനീര്‍ത്തുള്ളികളെ എല്ലാവരില്‍ നിന്നും മറച്ചു വെക്കാനുള്ള ആശ! കൊടിയ തണുപ്പില്‍, മൂന്ന് കുഞ്ഞുങ്ങളെ കമ്പിളി പുതപ്പിച്ച്, ഓരത്തുറങ്ങാതിരുന്ന ഉമ്മയുടെ മുഖമുണ്ട്, ഞാന്‍ കാണുന്ന ഓരോ തുള്ളിയിലും. ജോലി കഴിഞ്ഞ് മഴ നനഞ്ഞൊട്ടി വിറച്ച് നടന്നുവരുന്ന ഉപ്പ ഞങ്ങളെ ചേര്‍ത്ത് പിടിച്ച രാവുകളും ഇടവപ്പാതിയുടെ ഇടവഴികളില്‍ എനിക്ക് കാണാം. 

എല്ലാറ്റിലുമുപരി, മഴ എനിക്ക് പഠിപ്പിച്ചു തന്നത്, അതിജീവനത്തിന്റെ ഉറുമ്പുപാഠങ്ങള്‍.

വാടകവീടിന്റെ കരി പിടിച്ച ഓടിനിടയിലൂടെ ഊര്‍ന്നിറങ്ങി എന്റെ ജൂണ്‍കാലരാത്രികളെ ഉറക്കത്തിന് വിട്ടു കൊടുക്കാതെ, എന്റെ ഉറക്കങ്ങളുടെ മോഷ്ടാവായി മഴ മാറി. വീടിനുള്ളില്‍ നിലത്ത് ചോര്‍ന്നൊലിക്കുന്ന വെള്ളം ശേഖരിക്കാനായി പാത്രങ്ങള്‍ വെക്കുന്നതും, അവയെയൊക്കെ അതിവേഗം നിറച്ച് മഴ കരുത്തോടെ മുന്നേറുന്നതും ഞാന്‍ ഓര്‍ക്കുന്നു. അങ്ങനെ, എന്റെ കഥകളില്‍ ഏറ്റവും വില്ലത്തരമുള്ള എതിരാളിയായി മഴ വളര്‍ന്നു. ഞങ്ങള്‍ തമ്മില്‍ കനത്ത മത്സരം നടന്നു. 

വാടകവീടിനോട് ചേര്‍ന്ന പള്ളിയുടെ സ്ഥലത്ത് ഞാന്‍ നട്ടു വളര്‍ത്തിയ ചീരയിലും പയര്‍ ചെടിയിലുമൊക്കെ ഉര്‍വരതയില്‍ പൊതിഞ്ഞ വിളവിന്റെ സമ്മാനങ്ങള്‍ എനിക്കായി കമഴ കാത്തു വെച്ചു. വറുതിയുടെ ഊഷരതകളിലും, അക്ഷരങ്ങളുടെ ചിറകിലിരുന്ന് പറന്നുകൊണ്ടിരുന്ന ഞങ്ങള്‍ വാടകവീടുകള്‍ മാറിക്കൊണ്ടിരുന്നു. മറ്റൊരു വാടകവീടിന്റെ മാറാലപിടിച്ച മുറിയില്‍ കിടന്നുറങ്ങുന്ന ഞാന്‍ ഇപ്പോഴും ഒരു മഴരാത്രിയോര്‍ത്ത് ഞെട്ടി ഉണരുന്നു. 

എന്റെ കഥകളില്‍ ഏറ്റവും വില്ലത്തരമുള്ള എതിരാളിയായി മഴ വളര്‍ന്നു.

ഇടിക്കനത്തില്‍, തകര്‍ന്നു വീണ ചുറ്റുമതില്‍. വീട്ടിനകത്തേക്ക് ഇരച്ചു കയറി എന്റെ 'പഠിപ്പുര,വിദ്യ' കെട്ടുകളെയൊക്കെ നനച്ചു കുതിര്‍ത്ത്, എന്നെ നോക്കി കൊഞ്ഞനം കുത്തിയ മഴ. അന്നത്തെ നാലാം ക്ലാസ്സുകാരി ആ മഴയെ നന്നേ വെറുത്തു. പിന്നെ, പത്താം ക്ലാസ്സിലെ ഊര്‍ജതന്ത്ര പാഠപുസ്തകത്തിന്റെ പേജിലേക്ക് കരിവെള്ളം ഇറ്റിച്ചും മഴ എന്നെ ദേഷ്യം പിടിപ്പിച്ചു. വടശ്ശേരിപ്പുറം ഗവണ്മെന്റ് ഹൈസ്‌കൂളിന്റെ ക്ലാസ്സ്മുറിയില്‍, ലീഡറായിരുന്നു കൊണ്ട്, കൂട്ടുകാരുടെ പ്രൊജക്റ്റ് വര്‍ക്ക് ശേഖരിച്ചു കൊണ്ടിരിക്കുമ്പോള്‍, പുറത്ത് നിര്‍ത്താതെ പെയ്ത്, ജനലഴികളിലൂടെ വെള്ളം മുഖത്തേക്ക് ചീറ്റിക്കൊണ്ട് വാശിക്കാരിയായി പിന്നെ മഴ. കോഴിക്കോട്ടെ കടപ്പുറത്ത് അലക്ഷ്യമായി നടന്നു നീങ്ങുമ്പോള്‍ അവിചാരിതമായി വന്ന് അറിയാത്ത വഴികളിലൂടെയൊക്കെ എന്നെ ഓടിച്ച മഴ. പിന്നെ, എന്റെ കടലാസുതോണികളെ ടൈറ്റാനിക്കുകളാക്കിയ കല. ഉമ്മൂമ്മയുടെ പ്രിയപ്പെട്ട മൈലാഞ്ചിമരത്തിന് പുതുനാമ്പുകള്‍ കൊടുത്ത് അവരെ പുളകിതയാക്കിയ മഴ.

'വിരലുകള്‍ ചെമന്ന് പൂത്ത് 
കിനാവ് പരത്തിയ പെണ്‍കൊടി 
പ്രണയമായിരുന്നു.
മീസാന്‍ കല്ലിനോടുരുമ്മി നിന്ന് 
വേരുകള്‍ കൊണ്ട് 
പുണരുന്ന 
മൈലാഞ്ചിച്ചെടി 
മരണവും'

എന്ന് പിന്നീടെന്നെക്കൊണ്ട് എഴുതിച്ചതും അതേ മഴയല്ലാതെ മറ്റാരാണ്? 

കറുത്ത കാലത്തിന്റെ കത്തിയുടെ ആ മുനക്കണ്ണ് ഞങ്ങളെ ഭയപ്പെടുത്തി

പ്രണയവും മരണവും മൈലാഞ്ചിയും കടന്ന്, ഒരനുസ്മരണ പ്രസംഗവേദിയിലേക്ക്, ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ ഓര്‍മയായി, മരണത്തെ മാത്രം ഓര്‍മിപ്പിച്ച്, വാക്കുകളിലേക്ക് പെയ്തിറങ്ങി എന്നെ ഏറെ നിസ്സഹായയാക്കിയ മഴ. ആ മഴയുടെ വിരല്‍ത്തുമ്പില്‍ പിടിച്ച്, പിന്നിലോട്ട് നടന്നു നീങ്ങിയപ്പോള്‍, മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജിലെ ഒരു ഗുല്‍മോഹര്‍ മരത്തിനു കീഴെ, കവിതയിലൊക്കെപ്പറയും പോലെ, ഋതുഭേദങ്ങളറിയാതെ, കരഞ്ഞു നില്‍ക്കുന്നൊരു പെണ്‍കുട്ടിയെ കണ്ടു. 'ജീവിതത്തില്‍ മരണത്തേക്കാള്‍ അനിശ്ചിതത്വം സ്‌നേഹത്തിനു മാത്രമേയുള്ളൂ' എന്ന കെ.ആര്‍ മീരയുടെ വാക്കുകള്‍ അവളുടെ കണ്ണില്‍ ഞാന്‍ കണ്ടു. കരഞ്ഞ് കരഞ്ഞ് ഇളംറോസ് നിറത്തിലായ അവളുടെ കവിളുകളില്‍ നനയാതെ പോയ ഒരു മഴക്കാലം തുടുത്തു നിന്നു. മഴ വീണ കോളേജ് നിരത്തിലൂടെ ആ പെണ്‍കുട്ടിയുടെ കൈ പിടിച്ച് ഞാന്‍ നടന്നപ്പോള്‍, ഒരു ഫെബ്രുവരിക്കാറ്റ് അലസമായി ഞങ്ങളെ കടന്നു പോയി. കോളേജിലെ നെല്ലിമരങ്ങളൊക്കെ കയ്പു മാത്രം നിറച്ച് ഞങ്ങളെ ഉറ്റുനോക്കുകയും, മധുരത്തിന്റെ നാവോര്‍മയെ ഞങ്ങളില്‍ നിന്ന് അടര്‍ത്തി വെക്കുകയും ചെയ്തു.

'ഒരു ദൂതന്‍ വരും.
അവനു നിന്നോടു
പറയുവാനെന്റെ മരണവാര്‍ത്തയും 
ശിശിരപത്രത്തില്‍പ്പൊതിഞ്ഞു 
നല്‍കാനെന്‍ 
ചിതയില്‍ നിന്നവന്‍ 
ചികഞ്ഞെടുത്തൊരു 
പ്രണയത്തിന്‍ ചാമ്പല്‍ക്കുളിരും 
മാത്രം.'

എന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികള്‍ കോളേജ് കാന്റീന്റെ ചുമരുകളിലെവിടെയോ അവള്‍ക്കായി എഴുതി വെച്ചപോല്‍ എന്റെ കൂട്ടുകാരന്‍ മരണത്തിലേക്ക് അപ്രത്യക്ഷനായി. ഈ വരുന്ന വര്‍ഷകാലത്തേക്ക് തെളിവുകളൊന്നും ബാക്കി വെക്കാത്ത വിധം കാലം കോളേജ് കാന്റീനെ തന്നെ പൊളിച്ചു പണിയുന്നു. എന്റെ കൈ പിടിച്ച ആ പെണ്‍കുട്ടിയുടെ പെരികാര്‍ഡിയല്‍ സ്തരങ്ങളില്‍ വരെ, നിര്‍ത്താതെ പെയ്ത ഒരു മഴക്കാലത്തിന്റെ ചുവപ്പുണ്ട്. പറന്നു നടക്കുന്ന അവളിലേക്ക് നന്മയുടെ കഥകളിലൂടെ മാത്രം ഒഴുകി വന്ന ഒരുവന്‍. അവന്‍ സ്‌നേഹമായിരുന്നു. നിരാലംബരെ ആശ്ലേഷിച്ച്, എല്ലാവരിലേക്കും കരുതലിന്റെ കരങ്ങളായി നീണ്ട ഒരു മനുഷ്യന്‍. കുഞ്ഞനുജന്മാര്‍ക്ക് കളിച്ചു വളരാന്‍ ഫുട്‌ബോള്‍, ക്രിക്കറ്റ് സാമഗ്രികള്‍ ഒരു കൈ കൊണ്ട് വാങ്ങിക്കൊടുത്തപ്പോള്‍, മറുകയ്യില്‍ പാഠപുസ്തകങ്ങളുമായി അവരെ സ്‌നേഹപൂര്‍വ്വം ശകാരിച്ചിരുന്നൊരു വല്യേട്ടന്‍. ഉറക്കെ മുദ്രാവാക്യം വിളിച്ച് ക്യാമ്പസ്സിന്റെ വികാരമായവന്‍. പറഞ്ഞുതീര്‍ക്കാവുന്ന കലഹങ്ങളിലേക്ക്, കൊടികളുടെ നിറങ്ങള്‍ കൂടിക്കലര്‍ന്ന് കലപില കൂട്ടിയപ്പോള്‍ ഒരു ഇരുണ്ട രാത്രിയില്‍, ഒരു കത്തിയുടെ മുനയില്‍ കിടന്ന് അവന്‍ അവസാനമായി പിടഞ്ഞു. ആ പിടച്ചിലിന്റെ വേദനയെ കൂടുതല്‍ ശക്തമാക്കുംവണ്ണം എന്റെയരികിലേക്ക് പറയാന്‍ ബാക്കിവെച്ച ഏറ്റവും പ്രിയതരമായതിന്റെ ഓര്‍മയായി ആ പെണ്‍കുട്ടി കടന്നുവന്നു. അവള്‍ 'മഴ'യായിരുന്നു. അവള്‍ കരഞ്ഞുകൊണ്ടേയിരുന്നു. 

ഞങ്ങളുടെ പ്രിയകൂട്ടുകാരന്റെ മരണം എല്ലാവരും ചര്‍ച്ചചെയ്തു. 'നീതി'യുടെ തുലാസില്‍ അവനെ ഇരുത്തി ഓരോരുത്തരായി തൂക്കിനോക്കി. കറുത്ത കാലത്തിന്റെ കത്തിയുടെ ആ മുനക്കണ്ണ് ഞങ്ങളെ ഭയപ്പെടുത്തി. തെളിവുകളൊക്കെ പുതിയ രസതന്ത്രങ്ങളുടെ കൃത്രിമമഴയില്‍ നനഞ്ഞില്ലാതാവുന്നത് നിസ്സഹായരായി ഞങ്ങള്‍ നോക്കിനിന്നു. ആരും ചര്‍ച്ച ചെയ്യാതെ കിടന്ന, ആരോരുമറിയാത്ത ആ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ എനിക്കൊരു കടങ്കഥയായി. അവളെയാലോചിച്ച് കിടന്ന രാത്രികളില്‍ ഞാന്‍ പുറത്ത് മഴ പെയ്യുന്നതറിഞ്ഞു. ദൂരെ അമ്പലത്തില്‍ നിന്നും അവ്യക്തമായ മന്ത്രോച്ചാരണങ്ങള്‍ ഞാന്‍ കേട്ടു. പതിവില്ലാത്തവണ്ണം, മൂടിക്കെട്ടിയ മാനമുള്ള ഒരു ദിവസം ഞാന്‍ വീണ്ടും അവളെ കണ്ടു. ഒരല്പം ഉത്സാഹവതിയായ പോലെ അവളഭിനയിച്ചു. എഴുതിവെക്കാന്‍ കഴിയാത്തവണ്ണമുള്ള, കറുത്തിരുണ്ട് പെയ്ത ഒരു 

പെരുമഴക്കാലത്തിന്റെ ബാക്കി അവളുടെ കണ്ണുകളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. ചുമ്മാതെയായിരുന്നില്ല, ഇവിടെയീ രാത്രിമഴ കേണതും ചിരിച്ചതും വിതുമ്പിയതുമെല്ലാം. ഉണ്ണി ആറിന്റെ ഭാഷയില്‍; 'ചില ശൂന്യതകള്‍ അങ്ങനെയാണ്. ഭൂമിയിലെ യാതൊന്നിനും നിറക്കാനാവാത്തത്'. അതെ.'കുള്ളന്റെ ഭാര്യ'യില്‍ 
മഴയത്ത് ഒരൊഴിഞ്ഞ കുടയ്ക്കു കീഴെ കാണുന്ന ആ ശൂന്യതയുടെ അര്‍ത്ഥം, വികാരങ്ങള്‍ക്ക് മാത്രം മനസ്സിലാക്കിത്തരാന്‍ കഴിയുന്നതാണെന്ന് ഞങ്ങള്‍ പഠിച്ചു. രക്തവര്‍ണ്ണമുള്ള മഴ ദേഹമാസകലം പെയ്ത് തീര്‍ന്ന്, ഒടുക്കം അതിന്റെ പനിച്ചൂടില്‍ അവള്‍ വിറച്ചു കിടക്കുന്നത് ഞാന്‍ മാത്രം കണ്ടു. ഭ്രാന്തന്റെ കാലിലെ 
ഒറ്റമുറിവിനോട് 'മാത്രം' ബന്ധമുള്ള ആ ചങ്ങലയാവാന്‍ കൊതിച്ചവളെ, അകാരണമായി ഞാന്‍ ഓര്‍ത്തു.

പിന്നെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ആ പ്രിയസുഹൃത്തിന്റെ വീട്ടിലേക്ക് ഒരു ദിവസം ഞങ്ങള്‍ പോയി. അവിടെ അവന്റെ ഉമ്മയുടെയും അനിയത്തിയുടെയും കണ്ണുകളില്‍ ആഴ്ന്നിറങ്ങിയ രണ്ടു പെണ്‍മഴക്കാലങ്ങളെ ഞാന്‍ കണ്ടു. ആ കാലങ്ങളില്‍ അവന്‍ ഒരു മകനും ജ്യേഷ്ഠനും ഒക്കെ ആയി വലിയ മേല്‍ക്കൂരയാവുന്നത് ഞാന്‍ കണ്ടു. പെങ്ങളൂട്ടിയുടെ കുഞ്ഞുപരിഭവങ്ങള്‍ക്കൊത്ത് അവളെ കൊഞ്ചിച്ചിരുന്ന കുറുകുന്ന കാലമായി അവന്‍ അവിടെ പെയ്തു തീര്‍ന്നത് നിശ്ശബ്ദം കേട്ടുനിന്നു. 

വരും കാലങ്ങളിലേക്ക് അവന്റെ സാന്നിധ്യം ഒരു ചാറ്റല്‍മഴപോലെ പെയ്തിറങ്ങുന്നു.

ഋതുക്കള്‍ക്കു മീതെ ഉണക്കാനിട്ടിരിക്കുന്ന വരും കാലങ്ങളിലേക്ക് അവന്റെ സാന്നിധ്യം ഒരു ചാറ്റല്‍മഴപോലെ പെയ്തിറങ്ങുന്നു. അവരുടെ നെടുവീര്‍പ്പുകള്‍ എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. ഞാന്‍ വികാരങ്ങളുടെ കുത്തൊഴുക്കില്‍ ദുര്‍ബലയായ ഒരു പെണ്‍കുട്ടിയായി മാറി. എന്റെ ധൈര്യങ്ങളുടെ ഉരുക്കുതോണികള്‍ കടലാസ്പരുവത്തില്‍ അലിഞ്ഞില്ലാതാവുന്നത് ഞാന്‍ കണ്ടു. പ്രാര്‍ത്ഥനകള്‍ കൊണ്ട് ദൈവത്തെ നിരന്തരം ശല്യപ്പെടുത്തിയതുകൊണ്ടോ എന്തോ എന്റെ ജനലഴിയോരത്തേക്ക് ദൈവം കനത്തില്‍ മഴയെ കടത്തിവിട്ടു. ചിലപ്പോള്‍ ഞാന്‍ ഒരുന്മാദിയാവുകയും എല്ലാം മറന്ന് എന്റെ നന്ത്യാര്‍വട്ടപ്പൂക്കളെയും പേരമരങ്ങളെയും ഉമ്മവെക്കുന്ന മഴയെക്കുറിച്ച് പ്‌ളേസ്റ്റോറില്‍ ലഭ്യമായ ഏതൊക്കെയോ ആപ്പുകളില്‍ കുത്തിക്കുറിക്കുകയും ചെയ്തു. 

'പൂമര'ത്തിലെ 'മഴയോര്‍മ ചൂടും ഇല പോലെ നമ്മള്‍' എന്ന വരി എടുത്ത് വാട്‌സ്ആപ് സ്റ്റാറ്റസാക്കി. മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകള്‍ ചിലത് മണ്ണിന്‍ മനസ്സിലുണ്ടെന്ന് കോളേജില്‍ പ്രസംഗിച്ചു നടന്നു. വെയില്‍പ്പാറ്റകളുടെ ചിറകില്‍ പാറിനടക്കുന്ന എന്നെ ഞാന്‍ ഒരുള്‍ഭയത്തോടെ ശ്രദ്ധിച്ചു. എല്ലാ ഉന്മാദങ്ങളുടെയും അടിയില്‍ വേരൂന്നിക്കിടക്കുന്ന നനവുള്ള ഭൂതകാലം എന്നിലേക്ക് ജാഗ്രതയുടെ കുളിര് പടര്‍ത്തി. ഞാന്‍ തലതാഴ്ത്തി നടക്കുകയും, ഭൂതകാലത്തിന്റെ ദാരിദ്ര്യം പിടിച്ച പടവുകളില്‍ പലപ്പോഴായി നനഞ്ഞിരിക്കുകയും ചെയ്തു. എനിക്ക് ഒരു കവിതാപുരസ്‌കാരം നേടിത്തന്ന കവിതയിലേക്ക് കൂടി എന്നിലെ ആ പ്ലസ്-വണ്‍കാരി മഴയെ കടത്തിവിട്ടത് ഞാന്‍ മാറിനിന്ന് നോക്കി. പെട്രിക്കര്‍ (പുതുമഴ പെയ്താല്‍ മണ്ണിനുണ്ടാകുന്ന പ്രത്യേക മണം)മ ക്കുന്ന കാലത്തെക്കുറിച്ച് എഴുതിയത്, ഓരോ മഴമണങ്ങളിലും ഞാന്‍ ഓര്‍ത്തു. 

എവിടെയോ വീണ്ടും ഒരു മേഘമല്‍ഹാര്‍ അടര്‍ന്നുവീഴുന്നത് ഞാന്‍ അറിഞ്ഞു. എന്റെ മുറ്റത്ത് പിടിതരാത്ത ഒരു കാട്ടുവള്ളി കണക്കെ മഴ താഴേക്ക് പടര്‍ന്നിറങ്ങുന്നു. ഞാനപ്പോള്‍ പഴയ ആ കുഞ്ഞുപെണ്‍കുട്ടിയായി എവിടേക്കോ ഓടിയൊളിക്കുന്നു. എന്റെ കണ്ണുകളില്‍ നനഞ്ഞുതീര്‍ത്ത നാനാതരം മഴക്കാലങ്ങള്‍. 

അപ്പോള്‍ അങ്ങനെയുള്ള എന്നെ ആര്‍ക്കും കിട്ടാത്തവിധം കുറേ ആഴത്തില്‍ ശ്രമകരമായി ഒളിപ്പിച്ച് വെച്ച്, ഞാന്‍ പുഞ്ചിരിച്ച് പെയ്തുകൊണ്ട് നിറഞ്ഞൊഴുകുന്നു. ഞാനും നീയും നമ്മളുമൊക്കെ ഇങ്ങനെ പുഞ്ചിരിച്ചു പെയ്യുന്നതു കാണുമ്പോള്‍, മഴയോര്‍മകള്‍, ഉരുക്കിന്റെ കരുത്തുള്ള അതിജീവനത്തിന്റെ കവിതകളാവുന്നു.