Asianet News MalayalamAsianet News Malayalam

കേരളം ഭീകരവാദികളുടെ നാടെന്ന് പ്രചരിപ്പിക്കുന്നവരോട് ചില ചോദ്യങ്ങള്‍

Prof Suku Maman George article against RSS

Prof Suku Maman George article against RSS

കേരളത്തിലെ നിയമവാഴ്ചയും ലിബറല്‍ ജനാധിപത്യബോധവും അതിനനുസൃതമായ സമൂഹ്യജനാധിപത്യവല്‍ക്കരണവും ഉത്തരേന്ത്യന്‍/ തമിഴ്‌നാട് അവസ്ഥയുമായി താരതമ്യം ചെയ്യുക. ജാതി മാറി ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും വിവാഹം ചെയ്താല്‍ അവരെ ദുരഭിമാനകൊലയ്ക്ക് ഖാപ് പഞ്ചായത്ത്തന്നെ വിധിയ്ക്കുക, വീട്ടുകാര്‍തന്നെ നടപ്പാക്കുക, ഊരുവിലക്കുക, തെറ്റ് ചെയ്തന്ന് പഞ്ചായത്ത് തീരുമാനിക്കുന്ന സ്ത്രീകളെ ഔദ്യോഗികമായി തന്നെ ബലാല്‍സംഗം ചെയ്യുക, ഇതൊക്കെ കേരളത്തില്‍ നടക്കുമോ ? 

കിണറ്റില്‍ നിന്നും വെള്ളം എടുക്കുന്ന ദളിതനെ തല്ലിക്കൊല്ലുക

കിണറ്റില്‍ നിന്നും വെള്ളം എടുക്കുന്ന ദളിതനെ തല്ലിക്കൊല്ലുക, തീട്ടം കോരാനോ ചത്ത മൃഗത്തെ കുഴിച്ചിടാനോ ദളിതര്‍ ചെന്നില്ലങ്കില്‍ അവരെ തല്ലിക്കൊല്ലുക ഒക്കെ കേരളത്തില്‍ നടക്കുമോ ? വോട്ട് ചെയ്യേണ്ടത് ആര്‍ക്കെന്നു നാട്ടുപ്രമാണി തീരുമാനിക്കുക, ബാങ്ക് ലോണ്‍ കൊടുക്കേണ്ടത് ആര്‍ക്കെന്നു നാട്ടുപ്രമാണി തീരുമാനിക്കുക എന്നതൊക്കെ ഒക്കെ കേരളത്തില്‍ നടക്കുമോ ?
 
ദേവദാസി സമ്പ്രദായം ഒരാചാരമായി ഇന്നും മറ്റു സംസ്ഥാനങ്ങളില്‍ ഉണ്ട്. കേരളത്തില്‍ നടക്കുമോ ? ഉത്തരേന്ത്യയില്‍ ട്രയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതോ, പരസ്യമായി പരീക്ഷയ്ക്ക് കോപ്പിയടിയ്ക്കുന്നതോ ഒന്നും സംഭവമായി ആരും കാണുന്നില്ല. കുളിയില്ല, നനയില്ല, കക്കൂസ് ഇല്ല, കുറച്ച് വലിയ പണക്കാരും ഭൂരിപക്ഷം ദരിദ്രരും. കേരളത്തിലെ ഗ്രാമങ്ങള്‍ പോലും മധ്യവല്‍കൃതമാണ്. തൊഴിലാളികളും ആ സാമ്പത്തിക വികാസത്തിന്‍ പങ്കു പറ്റുന്നു. അതിനനുസൃതമായ ഇന്‍ഫ്രാസ്ട്രക്ച്ചറുകള്‍ ( സ്‌കൂള്‍, മാര്‍ക്കറ്റ്, പൊതുവിതരണം, ആശുപത്രികള്‍, റോഡുകള്‍ ,പത്രങ്ങളും ചാനലുകളും, പുതിയതരം സര്‍വ്വീസ് ബിസിനസ്സ് സ്ഥാപനങ്ങള്‍ മുതലായവ) ഗ്രാമാന്തരങ്ങളില്‍ പോലും വികസിച്ചിരിയ്ക്കുന്നു. ഉത്തരേന്ത്യയിലെ പട്ടണങ്ങളില്‍ പോലും ഇപ്പോഴും കാളവണ്ടിയും കുതിരവണ്ടിയുമാണ്. 

ഉത്തരേന്ത്യയില്‍ സ്വതന്ത്രമായ പത്രപ്രവര്‍ത്തനവും എഴുത്തും സാദ്ധ്യമോ ?

കേരളത്തിലെ ഓണം കേറാ മൂലകളില്‍ പോലും ഓട്ടോറിക്ഷായും ബസും ഒക്കെയാണുള്ളത്. കേരളത്തില്‍ ഗ്രാമവും പട്ടണവും തമ്മിലുള്ള അന്തരവും കുറവ്. ഉത്തരേന്ത്യയില്‍ സ്വതന്ത്രമായ പത്രപ്രവര്‍ത്തനവും എഴുത്തും സാദ്ധ്യമോ ? അവിടെ എല്ലാ പാര്‍ട്ടികളുടെയും നേതാക്കന്‍മാര്‍ക്ക് സായുധരായ ഗുണ്ടാപടയുടെ പിന്‍ബലത്തിലെ നടക്കാനാവൂ. ബി.ജെ.പിയുടെ മാത്രമല്ല, എല്ലാ പാര്‍ട്ടിയുടെയും. അതാണ് അവിടത്തെ ഫ്യൂഡല്‍ പിന്നോക്ക സാമൂഹ്യാവസ്ഥ. ബി.ജെ.പിക്കാര്‍ കൂടുതലായി ചെയ്യുന്നത് ഈ പിന്നോക്ക സാമൂഹ്യ-സാംസ്‌കാരിക അവസ്ഥയെ ഇന്നത്തെ ജനാധിപത്യ രാഷ്ട്രകൂടക്കിന് പകരമായി ഒരു രാഷ്ട്രീയ ക്രമമായി പരിവര്‍ത്തിപ്പിക്കുന്നതാണ്. 

ക്രിസ്ത്യന്‍ മത പരിവര്‍ത്തന വാദവും ഒരു തരം സാംസ്‌കാരിക തീവ്രവാദം തന്നെ

കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ പ്രശ്‌നം സാമൂഹിക പ്രശ്‌നമല്ല. സി.പി. എമ്മും, ആര്‍.എസ്. എസും തമ്മിലുള്ള ഗാങ്ങ് യുദ്ധമാണ്. അതില്‍ രണ്ടു ഗ്യാങ്ങുകളും ഒരു പോലെ കുറ്റക്കാരനാണ്. കേരളത്തില്‍ ഒരു കോടി മുസ്‌ളീംങ്ങള്‍ ഉണ്ട്. അതില്‍ വിരലില്‍ എണ്ണാവുന്ന ചില വ്യക്തികളും ഗ്രൂപ്പുകളും തീവ്രവാദ സ്വാധീനത്തില്‍ പെടുന്നുണ്ട്. വര്‍ഗീയ/സാംസ്‌കാരിക/ രാഷ്ട്രീയ തീവ്രവാദം വളര്‍ത്തുന്നതില്‍ സംഘപരിവാര്‍ ഹിന്ദു സംഘടനകളും മുസ്‌ളീം സംഘടനകളും ഉണ്ട്. ക്രിസ്ത്യന്‍ മത പരിവര്‍ത്തന വാദവും ഒരു തരം സാംസ്‌കാരിക തീവ്രവാദം തന്നെ. ഇതിനെയെല്ലാം സര്‍ക്കാര്‍ നിയന്ത്രിക്കേണ്ടതുമാണ്. പക്ഷെ ഈ കാര്യത്തിലെക്കെ കേരളത്തിലെ സ്ഥിതി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെക്കാള്‍ വളരെ മെച്ചമാണ്.
    
ഗള്‍ഫ് പണം കൊണ്ടുമാത്രമല്ല കേരളം സാമ്പത്തികമായും സാമൂഹ്യമായും മുന്നേറിയത്. വിദ്യാഭ്യാസംമൂലം മദ്ധ്യവല്‍ക്കരണമുണ്ടാവുകയും , അതു മൂലം സര്‍വ്വീസ് വ്യവസായങ്ങള്‍ ( ഒരു ചെറുപട്ടണത്തിലൂടെ നടന്ന് അവിടത്തെ സ്ഥാപനങ്ങളുടെ വൈവിധ്യം ശ്രദ്ധിക്കുക. കച്ചവട കടകള്‍ മാത്രമല്ല ഉള്ളത് )  വളര്‍ന്നതും, വിദ്യാഭ്യാസം സിദ്ധിച്ചവര്‍ കേരളത്തിനു പുറത്ത് നിന്ന് അയക്കുന്ന പണം പുനര്‍വിതരണം ചെയ്യപ്പെടുകയും പുനര്‍ജനിയ്ക്കുകയും ചെയ്യുന്നതുകൊണ്ടും ഒക്കെ കൂടയാണ് ഇത് സംഭവിച്ചത്. 

ഈ പുനര്‍വിതരണത്തിലൂടെയും പുനര്‍ നിര്‍മ്മിതിയിലൂടെയുമാണ് കേരളത്തില്‍ സര്‍വ്വീസ് വ്യവസായങ്ങള്‍ വളരുന്നത്. ഉല്‍പ്പാദനപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുന്നതിനു കാരണവും മേല്‍ പറഞ്ഞ തരത്തില്‍ മറ്റു വരുമാന സ്രേതസ്സുകള്‍ വികസിക്കുന്നതാണ്. മൂന്നുകോടി ജനങ്ങളുള്ള കേരളത്തില്‍ ഒരു കോടി റജിസ്റ്റേര്‍ഡ് മോട്ടോര്‍ വാഹനങ്ങള്‍ ഉണ്ട്. അതായത് മൂന്നിലൊരാള്‍ക്ക് എന്നു കണക്ക്. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളിലെ  നഗരങ്ങളില്‍ പോലും അത്തരം ഒരവസ്ഥയില്ല. തൊഴിലിന്റെകാര്യം എടുക്കുക, പലതരം വിദ്യഭ്യാസ ഇന്‍പുട്ടുകളിലൂടെ കേരളീയ യുവജനങ്ങള്‍ കേരളത്തിലോ കേരളത്തിനു വെളിയിലോ ഇന്ത്യക്കു വെളിയിലോ തൊഴില്‍ കണ്ടെത്തുന്നു. 

മെച്ചപ്പെട്ട തൊഴിലുകള്‍ തേടി തൊഴിലാളികളുടെ മക്കള്‍ പോലും  പോകുന്ന ഗ്യാപ്പിലാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ വരുന്നത്

ഐ.ടി തൊട്ടു എല്ലാ സര്‍വ്വീസ്  മേഖലകളിലും. സ്വയം തൊഴിലോ അല്ലാതയോ. കേരളത്തില്‍ തൊഴിലില്ലാഴ്മയുണ്ടെങ്കില്‍ ഇത്രയധികം അന്യസംസ്ഥാനതൊഴിലാളികള്‍ ഇവിടെ വരുമോ ?സര്‍ക്കാര്‍ കണക്കിലെ തൊഴിലില്ലാഴ്മ സര്‍ക്കാര്‍ ജോലി ഇല്ലാത്തവരുടേതാണ്. കേരളത്തില്‍ കാണുന്ന ഭിക്ഷാടകരും നാടോടികളും മലയാളികളല്ല, തമിഴരും ഉത്തരേന്ത്യക്കാരുമാണ്. മെച്ചപ്പെട്ട തൊഴിലുകള്‍ തേടി തൊഴിലാളികളുടെ മക്കള്‍ പോലും വിദ്യാഭ്യാസത്തിനു ശേഷം പോകുന്ന ഗ്യാപ്പിലാണ് അന്യ സംസ്ഥാന തൊഴിലാളികള്‍ വരുന്നത്.

ഇതൊന്നും കമ്യൂണിസ്റ്റുപാര്‍ട്ടികളുടെ മാത്രം സൃഷ്ടിയല്ല. കേരളത്തിലെ സാമൂഹ്യ നവോത്ഥാനങ്ങള്‍, സാംസാകാരിക മുന്നേറ്റങ്ങള്‍ (ലൈബ്രറി പ്രസ്ഥാനങ്ങളൊക്കെ),സാമുദായക സംഘടനകളുടെ പ്രവര്‍ത്തനത്തിലൂടെ സൃഷ്ടമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കര്‍ഷക പ്രസ്ഥാനം, ഭൂപരിഷ്‌കരണം, തൊഴിലാളി പ്രസ്ഥാനം,ജനകീയ ശാസ്ത്ര സാഹിത്യ പ്രസ്ഥാനം,  കേരളത്തിലെ സര്‍ക്കാരുകള്‍ സൃഷ്ടിച്ച പൊതുവിതരണ സമ്പ്രദായങ്ങള്‍ ഒക്കെ ഇതിലെ ഘടകങ്ങളാണ്. തീര്‍ച്ചയായും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുന്നേറ്റങ്ങള്‍ ഈ പരിവര്‍ത്തനത്തിലെ ഘടകമാണ്.

കേരളത്തിലെ ബി.ജെ.പിക്കാര്‍ മലന്നുകിടന്നു തുപ്പാതിരിക്കുക, കേരളത്തെ പുറകോട്ടുകൊണ്ടുപോകുവാന്‍ ശ്രമിക്കാതിരിക്കുക

കേരളത്തിലെ ബി.ജെ.പിക്കാര്‍ മലന്നുകിടന്നു തുപ്പാതിരിക്കുക, കേരളത്തെ പുറകോട്ടുകൊണ്ടുപോകുവാന്‍ ശ്രമിക്കാതിരിക്കുക. കേരളത്തിലെ ഭൂപരിഷ്‌കരണവും ജാതിനിര്‍മൂലനവും,  ജനാധിപത്യവും, മതേതരത്വവും, ദാരിദ്ര നിര്‍മ്മാര്‍ജനവും  തീര്‍ച്ചയായും അപൂര്‍ണവും പുതിയ പ്രശ്‌നങ്ങള്‍ ഉള്ളവയുമാണ്. പക്ഷെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം വളരെ മുന്‍പിലാണെന്ന് സംഘപരിവാറുകാര്‍ ഓര്‍ക്കുന്നത് നല്ലതാണ്.


 

Follow Us:
Download App:
  • android
  • ios