Asianet News MalayalamAsianet News Malayalam

പത്തനംതിട്ട ലക്ഷ്യമിട്ട് കെ സുരേന്ദ്രനും ശ്രീധരൻ പിള്ളയും; ബിജെപി കോര്‍ കമ്മിറ്റി തിങ്കളാഴ്ച

തലസ്ഥാനത്ത് നോട്ടമുണ്ടായിരുന്ന പിഎസ് ശ്രീധരൻപിള്ള കുമ്മനത്തിൻറെ വരവോടെ ശ്രമം പത്തനംതിട്ടയിലേക്ക് മാറ്റി. ജില്ലാ ഘടകത്തിനാകട്ടെ പിള്ളയെക്കാൾ താൽപര്യം ശബരിമല സമരം നയിച്ച കെ.സുരേന്ദ്രനെ

bjp core committee on Monday to discuss candidate list
Author
Trivandrum, First Published Mar 9, 2019, 6:06 PM IST

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്യാൻ ബിജെപിയുടെ നിര്‍ണ്ണായക കോര്‍ കമ്മിറ്റിയോഗം തിങ്കളാഴ്ച ചേരും. മിസ്സോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരൻ കേരളത്തിലെത്തിയപ്പോൾ തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് കഴിഞ്ഞു. ഇതോടെ തിരുവനന്തപുരം മണ്ഡലം ലക്ഷ്യമിട്ടിരുന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള അടക്കമുള്ളവര്‍ മത്സരിക്കാൻ വേറെ ഇടം അന്വേഷിക്കേണ്ട അവസ്ഥയിലാണ്.

തലസ്ഥാനത്ത് നോട്ടമുണ്ടായിരുന്ന പിഎസ് ശ്രീധരൻപിള്ള കുമ്മനത്തിൻറെ വരവോടെ ശ്രമം പത്തനംതിട്ടയിലേക്ക് മാറ്റിയിരിക്കുകയാണ്. ജില്ലാ ഘടകത്തിനാകട്ടെ പക്ഷെ പിള്ളയെക്കാൾ താൽപര്യം ശബരിമല സമരം നയിച്ച കെ.സുരേന്ദ്രനെയാണ്. സംസ്ഥാന അധ്യക്ഷൻ മത്സരിക്കുന്നതിൽ അന്തിമതീരുമാനം എടുക്കേണ്ടത് ദേശീയ നേതൃത്വമാണ്.

പത്തനംതിട്ട കഴിഞ്ഞാൽ പിന്നെ സുരേന്ദ്രന് താൽപര്യം തൃശൂര്‍ മണ്ഡലമാണ്. പക്ഷെ തുഷാർ വെള്ളാപ്പള്ളി മത്സരിക്കാൻ തയ്യാറായാൽ തൃശൂർ ബിഡിജെഎസിന് വിട്ടുകൊടുക്കേണ്ടിവരും. തുഷാറിനോട് മത്സരിക്കാൻ അമിത്ഷാ രണ്ട് തവണ ആവശ്യപ്പെട്ടിട്ടുമുണ്ട്. ദില്ലിക്ക് പോയ തുഷാർ അമിത്ഷായുമായി നാളെയോ മറ്റന്നാളോ വീണ്ടും ചർച്ച നടത്തും. ഷാ നിലപാട് ആവർത്തിച്ചാൽ തുഷാറിന് സ്ഥാനാ‍‍ർത്ഥിയാകേണ്ടിവരും.

അങ്ങിനെയെങ്കിൽ കെ സുരേന്ദ്രന് സീറ്റ് കണ്ടെത്തുകയാണ് ബിജെപിക്ക് മുന്നിലെ പ്രധാന പ്രശ്നം. കാസർക്കോട് പികെ കൃഷ്ണദാസ്, കണ്ണൂരിൽ സികെ പത്മനാഭൻ, കോഴിക്കോട് എംടി രമേശ്, ചാലക്കുടി എ എൻ രാധാകൃഷ്ണൻ, പാലക്കാട് ശോഭാസുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. ജനറൽ സെക്രട്ടറിമാരുടെ പരിവർത്തനയാത്ര തീർന്നശേഷം പാർട്ടി അന്തിമ ചർച്ചകളിലേക്ക് കടക്കും. 

Follow Us:
Download App:
  • android
  • ios