Asianet News MalayalamAsianet News Malayalam

'പുൽവാമ രക്തസാക്ഷികൾക്ക് വേണ്ടി കന്നിവോട്ട്', നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസിന്‍റെ പരാതി

മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ റാലിയിലാണ് പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ജവാൻമാർക്കും  ബാലാകോട്ട് ആക്രമണം നടത്തിയ സൈനികർക്കും വേണ്ടി ഒരു വോട്ട് തരൂ - എന്ന് മോദി പ്രസംഗിച്ചത്. 

modi speech citing pulwama congress files complaint
Author
Latur, First Published Apr 10, 2019, 3:44 PM IST

ദില്ലി: പുൽവാമ ഭീകരാക്രമണവും ബാലാകോട്ട് പ്രത്യാക്രമണവും ചൂണ്ടിക്കാട്ടി പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

സൈനികരുടെ പേരിൽ വോട്ട് ചോദിക്കരുതെന്നും കർശനനടപടിയുണ്ടാകുമെന്നും നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. സിപിഎമ്മടക്കമുള്ള പാർട്ടികൾ പരാതി നൽകിയ സാഹചര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ പ്രസംഗത്തിന്‍റെ പേരിൽ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് തേടിയിരുന്നു. പ്രസംഗത്തിന്‍റെ ദൃശ്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

മഹാരാഷ്ട്രയിലെ ഔസയിൽ ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി വേദി പങ്കിട്ട തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചതിങ്ങനെയാണ്: 

''കന്നി വോട്ട് ചെയ്യുന്നവരേ. നിങ്ങളുടെ ആദ്യവോട്ട് വീരജവാൻമാർക്ക് നൽകൂ (ബാലാകോട്ടിൽ പ്രത്യാക്രമണം നടത്തിയ ജവാൻമാർക്ക്), നിങ്ങളുടെ ആദ്യവോട്ട് പുൽവാമയിൽ വീരമൃത്യു വരിച്ച വീര രക്തസാക്ഷികൾക്ക് നൽകൂ''

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായി സൈന്യത്തെ ഉപയോഗിച്ച് ഒരു തരത്തിലുള്ള രാഷ്ട്രീയപ്രചാരണങ്ങളും നടത്തരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കർശനനിർദേശം നൽകിയിരുന്നു. മാർച്ച് 19-ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ നിർദേശങ്ങളിൽ ഇങ്ങനെ പറയുന്നു. ''...പാർട്ടിയുടെ പ്രചാരകരോ സ്ഥാനാർത്ഥികളോ, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എന്തെങ്കിലും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി പ്രതിരോധസേനകളെ ഉപയോഗിക്കുകയോ പരാമർശങ്ങൾ നടത്തുകയോ ചെയ്യരുത്.''

Follow Us:
Download App:
  • android
  • ios