Asianet News MalayalamAsianet News Malayalam

ശബരിമല: സർവകക്ഷിയോഗം പാളി; യോഗം യുഡിഎഫ് ബഹിഷ്കരിച്ചു

മുഖ്യമന്ത്രിയുടെ സമാപനപ്രസംഗം കഴിഞ്ഞയുടനെയാണ് യുഡിഎഫ് യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോന്നത്. ഒരു ആവശ്യം പോലും സർക്കാർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോന്നതെന്ന് രമേശ് ചെന്നിത്തല പറ‌ഞ്ഞു.

all party meet failed udf boycotted huge criticism against government by bjp and udf
Author
Thiruvananthapuram, First Published Nov 15, 2018, 1:55 PM IST

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ സർക്കാർ വിളിച്ച സർവകക്ഷിയോഗം പാളി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് യോഗം ബഹിഷ്കരിച്ചു. ശബരിമലയിൽ പ്രശ്നം പരിഹരിക്കാനുള്ള അവസരം സർക്കാർ കളഞ്ഞു കുളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

''ഇറങ്ങിപ്പോവുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. സർക്കാർ തുടക്കം മുതലെടുത്ത നിലപാട് തെറ്റാണ്. രണ്ട് ആവശ്യങ്ങളാണ് സർക്കാരിന് മുന്നിൽ യുഡിഎഫ് മുന്നോട്ടുവച്ചത്. ഒന്ന് വിധി നടപ്പാക്കാൻ സാവകാശഹർജി നൽകണം എന്നതായിരുന്നു, രണ്ട് വിധി നടപ്പാക്കുന്നത് നിർത്തി വയ്ക്കണമെന്നതും. രണ്ട് ആവശ്യവും സർക്കാർ തള്ളിക്കളഞ്ഞു. അതുകൊണ്ടാണ് യുഡിഎഫ് ഇറങ്ങിപ്പോന്നത്. ബിജെപിയും സിപിഎമ്മും പ്രശ്നം പരിഹരിക്കപ്പെടാതിരിക്കാൻ ഒത്തു കളിയ്ക്കുകയാണ്.'' ചെന്നിത്തല സർവകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞു.

രൂക്ഷവിമർശനമാണ് ബിജെപിയും കോൺഗ്രസും സർവകക്ഷിയോഗത്തിൽ സർക്കാരിനെതിരെ ഉന്നയിച്ചത്. സർക്കാർ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്നും അപമാനിക്കുകയാണെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള യോഗത്തിൽ ആരോപിച്ചു. വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള ഹർജി നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

നിയമപരമായ കാര്യങ്ങൾ കൂടി ചർച്ച ചെയ്യുന്ന യോഗത്തിൽ നിയമമന്ത്രി എ.കെ.ബാലൻ പങ്കെടുത്തില്ല. സുപ്രീംകോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ വിട്ടുവീഴ്ച വേണമെന്ന തരത്തിൽ പ്രസ്താവന നടത്തിയതു കൊണ്ടാണ് എ.കെ.ബാലനെ യോഗത്തിലേയ്ക്ക് ക്ഷണിക്കാതിരുന്നതെന്നാണ് സൂചന. 

ശബരിമലയിൽ പ്രശ്നപരിഹാരത്തിനായി സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷിയോഗം 11 മണിയ്ക്കാണ് തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടന്നത്. 

പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചർച്ച ഇന്ന് വൈകിട്ട് നടക്കുന്നുണ്ട്. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സർവ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം മൂന്നിനായിരിക്കും തന്ത്രികുടുംബത്തിന്‍റെയും, പന്തളം കൊട്ടാരത്തിന്‍റെയും പ്രതിനിധികൾ പങ്കെടുക്കുന്ന പ്രത്യേകയോഗം.

Follow Us:
Download App:
  • android
  • ios