Asianet News MalayalamAsianet News Malayalam

ചിദംബരത്തിനും ലാലുവിനെതിരെയും വ്യാപക റെയ്ഡുകള്‍

As Modi government nears 3 years CBI IT raids shock P Chidambaram Lalu Yadav Politics
Author
First Published May 16, 2017, 9:23 AM IST

ചെന്നൈ: മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെയും മകൻ കാർത്തി ചിദംബരത്തിന്‍റെയും വീടുകളിലും സ്ഥാപനങ്ങളിലും രാജ്യവ്യാപകമായി സിബിഐ റെയ്ഡ് നടത്തുന്നു. ഷീനാ ബോറ വധക്കേസ് പ്രതികളായ പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും ഉടമകളായിരുന്ന ഐഎന്‍എക്സ് മീഡിയയ്ക്ക് വഴിവിട്ട് വിദേശനിക്ഷേപം സ്വീകരിയ്ക്കാൻ അനുമതി നൽകിയെന്ന കേസിലാണ് റെയ്ഡ്. 

ആര്‍ ജെ ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന്‍റെ പേരിലുള്ള 1000 കോടി രൂപയുടെ ബിനാമി ഭൂമി ഇടപാട് കേസിൽ ആദായ നികുതി വകുപ്പ് ദില്ലിയടക്കമുള്ള  22 സ്ഥലങ്ങളിലും റെയ്ഡ‍് നടത്തി. പീറ്റർ മുഖർജിയുടെയും ഭാര്യ ഇന്ദ്രാണി മുഖർജിയുടെയും ഉടമസ്ഥതയിലായിരുന്ന ഐഎൻഎക്സ് മീഡിയയ്ക്ക് വിദേശനിക്ഷേപം സ്വീകരിയ്ക്കാൻ അന്നത്തെ ധനമന്ത്രിയും വിദേശനിക്ഷേപങ്ങൾക്ക് അനുമതി നൽകുന്ന കേന്ദ്രബോർഡ് അദ്ധ്യക്ഷനുമായിരുന്ന പി ചിദംബരം വഴിവിട്ട് സഹായിച്ചുവെന്നാണ് കേസ്. 

മകൻ കാർത്തി ചിദംബരത്തിന്‍റെ ഗുരുഗ്രാമിലെ കൺസൽട്ടൻസി വഴിയാണ് ഐഎൻഎക്സ് മീഡിയ ബോ‍‍ർഡിന് അപേക്ഷ നൽകിയത്. 4.6 കോടി രൂപയുടെ നിക്ഷേപമായിരുന്നു കാണിച്ചിരുന്നതെങ്കിലും നൂറുകണക്കിന് കോടിയാണ് കമ്പനിയ്ക്ക് ലഭിച്ചത്. കാർത്തി ചിദംബരത്തിന്‍റെ ചെന്നൈ നുങ്കമ്പാക്കത്തുള്ള വസതിയിലടക്കം പതിനാറോളം ഇടങ്ങളിൽ റെയ്ഡ് തുടരുകയാണ്. എന്നാൽ കേന്ദ്രസർക്കാർ തന്നെ നിശ്ശബ്ദനാക്കാൻ ശ്രമിയ്ക്കുകയാണെന്നായിരുന്നു പി ചിദംബരത്തിന്‍റെ പ്രതികരണം. 

സിബിഐ ഉൾപ്പടെയുള്ള ഏജൻസികളെ തനിയ്ക്കെതിരെ ഉപയോഗിക്കുകയാണെന്നും ചട്ടം പാലിച്ച് മാത്രമേ വിദേശനിക്ഷേപത്തിന് അനുമതി നൽകിയിട്ടുള്ളൂവെന്നും ചിദംബരം പുറത്തിറക്കിയ പ്രസ്താവനയിൽ പറ‍ഞ്ഞു. റെയ്ഡിനു ശേഷം പ്രതികരിയ്ക്കാമെന്നാണ് കാർത്തി ചിദംബരത്തിന്‍റെ നിലപാട്. 

അതേസമയം, 1000 കോടി രൂപയുടെ ബിനാമി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആർ ജെ ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി ബന്ധമുണ്ടെന്ന് ആരോപിയ്ക്കപ്പെടുന്ന റിയൽ എസ്റ്റേറ്റ് ഓഫീസുകളിൽ ആദായനികുതി വകുപ്പും റെയ്ഡുകൾ നടത്തി. ദില്ലിയുൾപ്പടെ 22 ഇടങ്ങളിലായിരുന്നു റെയ്ഡ്.

Follow Us:
Download App:
  • android
  • ios