Asianet News MalayalamAsianet News Malayalam

സാവകാശ ഹര്‍ജി: ദേവസ്വം ബോര്‍ഡ് ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടില്ല

സാവകാശ ഹര്‍ജി നല്‍കാനിരിക്കെ ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡ് ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടില്ല. വിധി നടപ്പാക്കുന്നതിന് സമയപരിധിയും തേടില്ല. അതേസമയം, സ്പെഷ്യല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടും എന്നും ദേവസ്വം ബോര്‍ഡ്.

dewasom board s new decision
Author
Thiruvananthapuram, First Published Nov 17, 2018, 11:02 AM IST

 

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിക്കെതിരെ ദേവസ്വം ബോർഡ് മറ്റന്നാൾ സുപ്രീം കോടതിയിൽ നൽകുന്ന സാവകാശ ഹർജിയിൽ ക്രമസമാധാനപ്രശ്നം ഉന്നയിക്കില്ല. പുന:പരിശോധനാ ഹ‍ർജിയിലെ തീർപ്പിന് കാത്തിരുന്നതാണ് സാവകാശം തേടിയുള്ള അപേക്ഷ വൈകാൻ കാരണമെന്ന് ബോധിപ്പിക്കും.

സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങൾ മാറ്റണമെന്ന് ദേവസ്വം മന്ത്രിയും ബോർഡും ഡിജിപിയോട് ആവശ്യപ്പെട്ടു. സാവകാശ ഹർജിയുടെ ഉള്ളടക്കത്തിൽൽ ധാരണയായി. ദേവസ്വം ബോർഡും അഭിഭാഷകരുമായി ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. ക്രമസമാധാന പ്രശ്നം ഉന്നയിക്കാൻ ഇന്നലെ ആലോചിച്ചെങ്കിലും അത് വേണ്ടെന്ന് വെച്ചു. ശബരിമലയിൽ നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാൽ സർക്കാറിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, തുലാമാസ പൂജക്കും ചിത്തിര ആട്ട വിശേഷനാളിലും ഉണ്ടായ സംഭവവികാസങ്ങളെ കുറിച്ച് ദേവസ്വം സ്പെഷ്യൽ കമ്മീഷണ‌ർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട് ഹർജിയിൽ ഉന്നയിക്കും. ശബരിമല എംപവേർഡ് കമ്മിറ്റി നിർദ്ദേശിച്ച പ്രകാരം പമ്പയിൽ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ആയില്ല എന്ന് പറയും. പ്രളയക്കെടുതി മൂലം പമ്പയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടും. ഈ സാഹചര്യത്തിൽ യുവതികളെത്തുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അറിയിക്കും. വിധി വന്ന് അൻപത് ദിവസം കഴിഞ്ഞുള്ള ഹർജി തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ടെങ്കിലും സാവകാശം തേടലല്ലാതെ സമവായത്തിന് മറ്റ് വഴിയില്ലെന്നാണ് ദേവസ്വം ബോർഡിന്‍റെ നിലപാട്.

അതിനിടെ നട അടച്ചാൽ സന്നിധാനത്ത് നിന്നും തീർത്ഥാടകർ ഇറങ്ങിപോകണമെന്ന പോലീസിന്‍റെ നിയന്ത്രണം മാറ്റണമെന്നാണ് ബോർഡിന്‍റെ നിലപാട്. ദേവസ്വം മന്ത്രിയും ഡിജിപിയോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിപി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ഇന്ന് തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകാനിടയുണ്ട്. സന്നിധാനത്ത് തീർത്ഥാടകർക്ക് വിരിവെക്കാൻ അനുവദിക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്


 

Follow Us:
Download App:
  • android
  • ios