Asianet News MalayalamAsianet News Malayalam

സദ്ദാമിനെ ആദ്യം പിന്താങ്ങി; പിന്നെ ശത്രുവാക്കി; മറഞ്ഞത് കേരളം നിര്‍ത്താതെ ചര്‍ച്ച ചെയ്ത യുഎസ് പ്രസിഡന്റ്

1990 മുതല്‍ 91 വരെ നടന്ന ഗള്‍ഫ് യുദ്ധ കാലത്ത് കേരളത്തിലെ ഏത് കൊച്ചുകുട്ടിക്ക് പോലും സുപരിചിതനായ അമേരിക്കന്‍ പ്രസിഡന്റാണ് ഇന്ന് വിടവാങ്ങിയ ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ്. മലയാളികള്‍ ഭൂരിഭാഗവും പ്രവാസ ജീവിതം നയിക്കുന്ന ഗള്‍ഫില്‍ നടന്ന യുദ്ധം കേരളത്തിന്റെ കൂടി വിഷയമായിരുന്നു. 

george bush senior whom keralites discussed during gulf war
Author
Washington, First Published Dec 1, 2018, 3:18 PM IST

വാഷിങ്ടണ്‍: 1990 മുതല്‍ 91 വരെ നടന്ന ഗള്‍ഫ് യുദ്ധ കാലത്ത് കേരളത്തിലെ ഏത് കൊച്ചുകുട്ടിക്ക് പോലും സുപരിചിതനായ അമേരിക്കന്‍ പ്രസിഡന്റാണ് ഇന്ന് വിടവാങ്ങിയ ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ്. മലയാളികള്‍ ഭൂരിഭാഗവും പ്രവാസ ജീവിതം നയിക്കുന്ന ഗള്‍ഫില്‍ നടന്ന യുദ്ധം കേരളത്തിന്റെ കൂടി വിഷയമായിരുന്നു. സദ്ദാമും ബുഷും ആ കാലങ്ങളില്‍ കേരളത്തിലെ ചര്‍ച്ചകളിലെ പ്രധാന താരങ്ങളുമായിരുന്നു. 

ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കന്‍ ഇടപെടല്‍ ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു. 1980 സെപ്തംബര്‍ 22നാരംഭിച്ച് 1988 ഓഗസ്റ്റ് 20 ന് അവസാനിച്ച ഇറാന്‍ ഇറാഖ്  യുദ്ധം, അമേരിക്ക അന്ന് ഇറാഖിന്റെ ഭരണാധികാരി സദ്ദാം ഹുസൈനൊപ്പമായിരുന്നു. ആയത്തുല്ലാ ഖുമൈനിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്‌ലാമിക വിപ്ലവാനന്തരം അമേരിക്കയും ഇറാനും തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായിരുന്നു എട്ടു വര്‍ഷം നീണ്ടുനിന്ന ആ യുദ്ധം.  അമേരിക്കന്‍ ചാര സംഘടനയായ സിഐഎയാണ് ഇറാനിലെ ചാരപ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തിരുന്നതെന്നും അന്ന് വിമര്‍ശനമുണ്ടായിരുന്നു.  ആ യുദ്ധം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് യുദ്ധത്തില്‍ സാമ്പത്തികമായി തകര്‍ന്ന ഇറാഖ് അയല്‍ രാജ്യമായ കുവൈത്തിനെ അക്രമിച്ച് കീഴടക്കിയത്. എണ്ണ സമ്പത്തിന്റെ കരുത്തുണ്ടായിരുന്നുവെങ്കിലും സൈനികമായി അത്ര ശക്തരായിരുന്നില്ല അന്ന് കുവൈത്ത്. 

george bush senior whom keralites discussed during gulf war

സദ്ദാം ഹുസൈന്റെ നിര്‍ദേശാനുസരണം നടന്ന കുവൈത്ത് ആക്രമണം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ആയിരക്കണക്കിന് മലയാളികള്‍ പ്രവാസ ജീവിതം നയിക്കുന്ന രാജ്യമായിരുന്നു കുവൈത്ത്. പ്രശ്‌നം വ്യാപിച്ചാല്‍, സമീപത്തെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളെയും അവരെ ആശ്രയിച്ച് ജീവിക്കുന്ന കേരളത്തെയും അത് ബാധിക്കുമായിരുന്നു. അതിനാലാണ്, വിദേശ രാജ്യത്ത് സംഭവിക്കുന്ന കാര്യമായിട്ടും കുവൈത്ത് അക്രമണവും അതിനെ തുടര്‍ന്നുണ്ടായ ഗള്‍ഫ് യുദ്ധവും കേരളത്തിലെ സാധാരണക്കാര്‍ ഉറ്റുനോക്കുന്ന ഒന്നായി മാറിയത്. 

george bush senior whom keralites discussed during gulf war

1990 ആഗസ്റ്റ് 2നായിരുന്നു ഇറാഖിന്റെ സൈന്യം കുവൈറ്റിലേക്ക് പ്രവേശിച്ചത്. ഒരു ലക്ഷം പട്ടാളക്കാരെയും 700 ടാങ്കുകളുമായിരുന്നു ഇറാഖ് കുവെത്തിലേക്കു അയച്ചത്. എന്നാല്‍ യുദ്ധശേഷം ഇവരാരും മടങ്ങി സ്വന്തം നാടുകളില്‍ എത്തിയില്ലെന്നതാണ് വസ്തുത. സഖ്യസേനയുടെ ആക്രമണത്തില്‍ ഇറാഖി സൈന്യം തകര്‍ന്ന് അടിയുകയായിരുന്നു. നാടകീയ സംഭവ വികാസങ്ങളിലൂടെ കടന്നു പോകുന്ന സമയങ്ങളില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ നാല്പത്തിയൊന്നാമത്തെപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് ബുഷ് സീനിയറിന്റെ നിലപാടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതായിരുന്നു.   ഗള്‍ഫ് യുദ്ധത്തില്‍ അദ്ദേഹം സ്വീകരിച്ച സമീപനം ഏറെ വിമര്‍ശനത്തിന് ഹേതുവായിരുന്നു.

1992 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബില്‍ ക്ലിന്റണോട്  പരാജയപ്പെട്ടതിന് പിന്നില്‍ ജോര്‍ജ് ബുഷ് സീനിയറിന്റെ ഗള്‍ഫ് യുദ്ധത്തിലെ നിലപാടുകള്‍ ആയിരുന്നു. ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ജോര്‍ജ് ബുഷ് സീനിയറിന്റെ തീരുമാനമായിരുന്നുവെന്നും അമേരിക്കയിലെ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ ബുഷ് സീനിയറിന് കഴിഞ്ഞില്ല എന്ന വിമര്‍ശനവും ആഭ്യന്തര തലത്തില്‍ ശക്തമായിരുന്നു. റഷ്യയടങ്ങുന്ന സോവിയറ്റ് യൂണിയനുമായുള്ള ശീതസമരം അവസാനിച്ചതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്.  ഇറാക്ക് യുദ്ധ സമയത്തു അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്, ഖത്തര്‍ ഭരണാധികാരിയോട് അമേരിക്കന്‍ സംരക്ഷണം നിങ്ങള്‍ക്ക് ഉണ്ടായിരിക്കും എന്ന് ഉറപ്പ് നല്‍കിയിരുന്നു.

1924 ജൂണ്‍ 12 നായിരുന്നു ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ് എന്ന ജോര്‍ജ്  ബുഷ് സീനിയറിന്റെ  ജനനം. മാതാപിതാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ജോര്‍ജ് ബുഷ് സീനിയര്‍ അവരുമായുള്ള അടുപ്പത്തെക്കുറിച്ച് പലപ്പോഴും പരാമര്‍ശിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നല്‍കിയ മൂല്യങ്ങള്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. 

george bush senior whom keralites discussed during gulf war

രണ്ടാംലോകയുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ളയാളാണ് ജോര്‍ജ് ബുഷ് സീനിയര്‍. പൈലറ്റായായിരുന്നു യുദ്ധസമയത്തെ പ്രവര്‍ത്തനം. എണ്ണക്കച്ചവടത്തിലൂടെ സമ്പന്നനായിത്തീര്‍ന്ന ഇദ്ദേഹം സ്വന്തമായി എണ്ണക്കമ്പനി തുടങ്ങിയതിനു പിന്നാലെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1964ലായിരുന്നു  ആദ്യമായി ഇദ്ദേഹം സെനറ്റിലേക്ക് മല്‍സരിച്ചത്. എന്നാല്‍ ഈ മല്‍സരത്തില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ജോര്‍ജ്  ബുഷ് സീനിയര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലായിരുന്നു പ്രവര്‍ത്തിച്ചത്. 

1989 മുതല്‍ 1993 വരെ അമേരിക്കയുടെ രാഷ്രപതി ആയിരുന്നു. 1981 മുതല്‍ 1989 വരെ അദ്ദേഹം അമേരിക്കയുടെ ഉപരാഷ്ട്രപതിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios