Asianet News MalayalamAsianet News Malayalam

അഴിമതിക്കാരനെന്ന് തെളിവില്ല - എന്നിട്ടും സിബിഐയിൽ നിന്ന് അലോക് വർമ പുറത്തായതെങ്ങനെ?

അലോക് വർമ വീണ്ടും സിബിഐയ്ക്ക് പുറത്തേക്ക് പോകുമ്പോൾ, അതിന്‍റെ പിന്നാമ്പുറക്കഥകളെന്ത്? സിബിഐ ഡയറക്ടർ എന്ന ഉന്നതസ്ഥാനത്ത് നിന്ന് ഫയർ സർവീസസിന്‍റെ ഡയറക്ടർ ജനറലെന്ന ജൂനിയർ പോസ്റ്റിലേക്കാണ് വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അലോക് വർമ സ്ഥലം മാറ്റപ്പെട്ടത്. 

how alok verma was ousted from cbi as director
Author
New Delhi, First Published Jan 11, 2019, 1:22 PM IST

ദില്ലി: സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമ വീണ്ടും പുറത്താക്കപ്പെട്ടു. പുതിയ ഇടക്കാല ഡയറക്ടറായി നാഗേശ്വർ റാവുവിനെ ഇന്നലെ തന്നെ നിയമിച്ചതായും കേന്ദ്രസർക്കാർ വ്യക്തമാക്കി. സിബിഐ ഡയറക്ടർ എന്ന ഉന്നതസ്ഥാനത്ത് നിന്ന് ഫയർ സർവീസസിന്‍റെ ഡയറക്ടർ ജനറലെന്ന ജൂനിയർ പോസ്റ്റിലേക്കാണ് വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അലോക് വർമ സ്ഥലം മാറ്റപ്പെട്ടത്.

അഴിമതിക്കാരനെന്ന് തെളിവില്ലെന്ന് പറയുമ്പോഴും എന്താണ് വർമയെ മാറ്റാൻ കേന്ദ്രസർക്കാരിന് മുന്നിലുണ്ടായിരുന്ന കാരണങ്ങൾ?കേന്ദ്രവിജിലൻസ് കമ്മീഷന്‍റെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് വർമയെ സിബിഐയിൽ നിന്ന് മാറ്റാൻ ഇന്നലെ ചേർന്ന സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസിന്‍റെ പ്രതിനിധിയായി സമിതിയിലെത്തിയ ജസ്റ്റിസ് എ കെ സിക്രി, പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരായിരുന്നു സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ.

സിബിഐ ഡയറക്ടറെ നിയമിക്കാൻ അധികാരമുള്ള സെലക്ഷൻ കമ്മിറ്റി അറിയാതെ അദ്ദേഹത്തെ മാറ്റാനും അധികാരമില്ല എന്ന് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു അലോക് വർമയുടെ ഹർജിയിൽ സുപ്രീംകോടതി വിധിച്ചത്. ഭരണഘടനാസ്ഥാപനങ്ങളെ മറികടന്ന് കേന്ദ്രസർക്കാർ തന്ത്രപ്രധാനമായ തീരുമാനങ്ങളെടുക്കരുത് എന്ന് മാത്രം ഓർമിപ്പിച്ച സുപ്രീംകോടതി ഡയറക്ടറെ മാറ്റണോ വേണ്ടയോ എന്ന് നിയമിച്ച അതേ സെലക്ഷൻ കമ്മിറ്റി തന്നെ തീരുമാനമെടുക്കട്ടെ എന്നാണ് പറഞ്ഞത്. കേന്ദ്രസർക്കാരിന് അനുകൂലമോ പ്രതികൂലമോ ആയിരുന്നില്ല ആ വിധി. ഒരു മധ്യപാതയിലൂടെ പ്രശ്നപരിഹാരത്തിനാണ് സുപ്രീംകോടതി ശ്രമിച്ചതും. 

ഇതനുസരിച്ച് ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ സിവിസിയുടെ റിപ്പോർട്ടിലുള്ള പല ആരോപണങ്ങളും, അഴിമതിയാരോപണമുൾപ്പടെ തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെ ചൂണ്ടിക്കാട്ടിയത്. 

സിവിസിയുടെ റിപ്പോർട്ടിലെ പ്രധാനആരോപണങ്ങൾ എന്തൊക്കെ?

 # ആരോപണം 1: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു. ഹരിയാനയിൽ വർമ വാങ്ങിക്കൂട്ടിയ ഭൂമി അനധികൃതസ്വത്താണെന്ന ആരോപണമുണ്ട് - എന്ന് മാത്രമാണ് സിവിസി റിപ്പോർട്ടിൽ പറയുന്നത്. ഈ ആരോപണം വിശദമായി അന്വേഷിക്കേണ്ടതാണെന്നും ഇപ്പോഴുള്ളത് പ്രാഥമിക അന്വേഷണറിപ്പോർട്ട് അടിസ്ഥാനപ്പെടുത്തി മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ സ്വത്ത് സമ്പാദന ആരോപണമാണ് സിബിഐ ഉപഡയറക്ടറും വൈരിയുമായ രാകേഷ് അസ്താന  അലോക് വർമയ്ക്കെതിരെ പ്രധാനമായി ഉയർത്തിയിരുന്നത്. 

# ആരോപണം 2: മോയിൻ ഖുറേഷിയിൽ നിന്ന് കോഴ വാങ്ങി: പ്രമുഖ മാംസവ്യാപാരിയായ മോയിൻ ഖുറേഷിയിൽ നിന്ന് 2 കോടി രൂപ സതീഷ് ബാബു സന എന്ന ഇടനിലക്കാരൻ വഴി കോഴ വാങ്ങിയെന്നതാണ് രണ്ടാമത്തെ ആരോപണം. സതീഷ് സനയുടെ മൊഴിയാണ് കേസിലെ പ്രധാനതെളിവെന്നും എന്നാൽ രണ്ട് കോടി വാങ്ങിയതിന് നേരിട്ട് തെളിവ് കിട്ടിയി‍ട്ടില്ലെന്നും സിവിസി പറയുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ വർമയ്ക്കെതിരെ കേസെടുക്കാവുന്നതാണെന്നും സിവിസി ചൂണ്ടിക്കാട്ടുന്നു.

# ആരോപണം 3: മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദും മകൻ തേജസ്വിയും പ്രതികളായ IRCTC അഴിമതിക്കേസിൽ രാകേഷ് സക്സേന എന്നയാളെ പ്രതിയാക്കാതിരിക്കാൻ ഇടപെടൽ നടത്തി. ഇങ്ങനെ ഒരു നടപടിയുണ്ടായെങ്കിൽ ഗുരുതര അച്ചടക്കലംഘനമാണെന്നും നടപടി നേരിടേണ്ടി വരുമെന്നും പറയുന്ന സിവിസി എന്നാൽ ഇതിന് തെളിവ് ഇതുവരെ കിട്ടിയിട്ടില്ലെന്നും പറയുന്നു.

# ആരോപണം 4: റാഞ്ചിയിലെ ഒരു ബാങ്ക് തട്ടിപ്പിൽ പങ്ക്: സിബിഐയിലെ ജോയന്‍റ് ഡയറക്ടർമാരിലൊരാളായ രാജീവ് സിംഗും സഹോദരനും നടത്തിയ വായ്പാ വെട്ടിപ്പിലെ അന്വേഷണം വൈകിപ്പിച്ചു. കേസിലെ അന്വേഷണറിപ്പോർട്ട് വൈകിയിട്ടുണ്ടെന്നും ഇത് പ്രതികളെ സഹായിക്കാനാണെന്ന ആരോപണം ബലപ്പെടുത്തുന്നതാണെന്നും സിവിസി കണ്ടെത്തുന്നു.

# ആരോപണം 5: റാഞ്ചിയിൽത്തന്നെയുള്ള സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് അന്വേഷണം കൈമാറിയത് അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ സഹായിക്കാനാണ്. ഇത് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സിവിസി പറയുന്നു.

# ആരോപണം 6: രണ്ട് പ്രധാനവ്യവസായപ്രമുഖർക്കെതിരായ ഇന്‍റലിജൻസ് വിവരങ്ങൾ മറ്റ് ഏജൻസികൾക്ക് കൈമാറിയില്ല. ഈ ആരോപണവും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സിവിസി പറയുന്നു.

# ആരോപണം 7: ഒരു സ്വർണക്കടത്തുകാരനെ സഹായിച്ചു. ഈ ആരോപണത്തിനും വേണ്ട തെളിവുകളില്ലെന്നാണ് സിവിസി പറയുന്നത്. 

# ആരോപണം 8: കന്നുകാലിക്കടത്തിൽ പങ്ക് - സിവിസിയുടെ കണ്ടെത്തൽ: വേണ്ടത്ര തെളിവുകളില്ല. 

# ആരോപണം 9: ഒരു എൻഫോഴ്സ്മെന്‍റ് ഡയറക്ടർക്കെതിരായ അനധികൃതസ്വത്ത് സമ്പാദനക്കേസിൽ ഇടപെടൽ നടത്തിയെന്നും കൂടുതൽ അന്വേഷിക്കണ്ടെന്ന് തന്നോട് പറഞ്ഞെന്നുമാണ് രാകേഷ് അസ്താന ആരോപിച്ചത്. ഇത് തെളിയിക്കപ്പെട്ടിട്ടില്ലെന്നും കൂടുതൽ അന്വേഷണം വേണമെന്നും സിവിസി.

# ആരോപണം 10: ആർ പി ഉപാധ്യായ, രാജീവ് കൃഷ്ണ എന്നീ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സിബിഐയിലേക്ക് കൊണ്ടുവരാൻ അനധികൃത ഇടപെടൽ നടത്തി. ഇവരുടെ വിശ്വാസ്യതയും സത്യസന്ധതയും സംബന്ധിച്ച് ആരോപണങ്ങളുണ്ടായിട്ടും ഇടപെട്ട് ഇവരെ കൊണ്ടുവരണമെന്ന് തന്നെ നിർബന്ധിച്ചു. രാകേഷ് അസ്താനയുടെ മറ്റൊരു ആരോപണമാണ്. തെളിവുകളില്ലെന്ന് സിവിസി കണ്ടെത്തുന്നു. 

ഇത്രയും ആരോപണങ്ങളിൽ കൃത്യമായ തെളിവുകളില്ലെന്ന് കണ്ടെത്തിയിട്ടും വർമയെ മാറ്റുന്നതിനെതിരെയാണ് ഖർഗെ നിലപാടെടുത്തത്. 

ഇന്നലെ വൈകിട്ട് നാലരയോടെ സെലക്ഷൻ കമ്മിറ്റി യോഗം പുരോഗമിക്കുമ്പോൾത്തന്നെ മുൻ സിബിഐ ഡയറക്ടറായിരുന്ന നാഗേശ്വർ റാവു നടത്തിയ സ്ഥലം മാറ്റ ഉത്തരവുകളെല്ലാം അലോക് വർമ റദ്ദാക്കിയിരുന്നു. ഉപഡയറക്ടറായ രാകേഷ് അസ്താനയ്ക്കെതിരായ കേസുകളെല്ലാം പുതിയ ഉദ്യോഗസ്ഥർ അന്വേഷിക്കാനും അലോക് വർമ ഉത്തരവിട്ടു. ഇതോടെ റഫാൽ ഉൾപ്പടെയുള്ള  കേസുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പോലും വർമ മടിക്കില്ലെന്ന സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് വർമയെ മാറ്റാൻ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി തീരുമാനിക്കുന്നത്. ഇത് തന്നെയാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണത്തിന്‍റെ കുന്തമുനയും. റഫാൽ ഇടപാടിലെ അന്വേഷണം പ്രധാനമന്ത്രി ഭയപ്പെട്ടിരുന്നോ? അതാണോ തെളിവുകളില്ലെന്നും അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയിട്ടും വർമയെ മാറ്റാൻ പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്?

Follow Us:
Download App:
  • android
  • ios