Asianet News MalayalamAsianet News Malayalam

കാസർകോട് ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കും; എ പീതാംബരനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയ ശേഷമാകും കാഞ്ഞങ്ങാട് മജിസ്ട്രേറ്റ്  കോടതിയിൽ ഹാജരാക്കുക

kasargode twin murder case accused a peethambaran will be produced in court today
Author
Kasaragod, First Published Feb 20, 2019, 5:37 AM IST

കാസർകോട്: കാസർകോട് ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റിലായ സിപിഎം മുൻലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയ ശേഷമാകും കാഞ്ഞങ്ങാട് മജിസ്ട്രേറ്റ്  കോടതിയിൽ ഹാജരാക്കുക. കസ്റ്റഡിയിലുള്ള മറ്റ് ആറുപേരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കൃത്യത്തിൽ പങ്കുള്ള മൂന്ന് പേരുടെ അറസ്റ്റും ഇന്നുണ്ടായേക്കും. 

അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് രാവിലെ കൃപേഷിന്‍റെയും ശരത്‍ ലാലിന്‍റെയും വീടുകൾ സന്ദർശിക്കും. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മറ്റി ഇന്ന് കലക്ട്രേറ്റിൽ ഉപവാസമിരിക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ ഉപവാസത്തിൽ പങ്കെടുക്കും.
 
ഇന്നലെ രാത്രിയാണ് പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകങ്ങൾക്ക് ശേഷം കല്ലിയോട്ടെ വീട്ടിൽ നിന്ന് ഒളിവിൽ പോയ പീതാംബരനെ കാസർകോട്-കർണാടക അതിർത്തിപ്രദേശത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. എ പീതാംബരനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം തീരുമാനിച്ചു. പാർട്ടി നേതൃത്വത്തിന് ഈ കൊലപാതകത്തെക്കുറിച്ച് ഒരറിവുമില്ലെന്നും പ്രാദേശികമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വം അറിയിക്കുന്നത്. 

ഉദുമ എംഎൽഎ കെ കുഞ്ഞിരാമനാണ് പീതാംബരനെ പുറത്താക്കിയെന്ന വിവരം അറിയിച്ചത്. ഈ സംഭവത്തിന് പിന്നിലെന്തെന്ന് പാ‍ർട്ടി തലത്തിലും അന്വേഷണം ഉണ്ടാകുമെന്നും കെ കുഞ്ഞിരാമൻ അറിയിച്ചു. പീതാംബരനെ ആക്രമിച്ചെന്ന കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‍ലാലും. കൃപേഷുൾപ്പടെയുള്ളവരെ ക്യാംപസിൽ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസ്-സിപിഎം പ്രവർ‍ത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിലാണ് പീതാംബരന്‍റെ കൈക്ക് പരിക്കേറ്റത്. 

ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കേസിൽ ഇന്ന് പ്രധാനപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. സംഘർഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷൻ നൽകിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. 

സ്ഥലത്ത് എത്തിയ കണ്ണൂർ രജിസ്ട്രേഷനിലുള്ള ഒരു ജീപ്പിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഥലത്ത് നിന്ന് കിട്ടിയ മൂന്ന് മൊബൈൽ ഫോണുകളിൽ ഒന്ന് പ്രതികളിൽ ഒരാളുടേതാണെന്നാണ് പൊലീസിന്‍റെ നിഗമനം. സ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും പൊലീസിന് കിട്ടിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios