Asianet News MalayalamAsianet News Malayalam

അഖിലേഷിനെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവം; ബിജെപിക്കെതിരെ പ്രതിപക്ഷം

അഖിലേഷിനെ തടഞ്ഞ വിഷയത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര പ്രദേശ് മുഖ്യന്‍ ചന്ദ്രബാബു നായിഡു, ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷ മായാവതി തുടങ്ങിയവരെല്ലാം യുപി സര്‍ക്കാരിന്‍റെ നടപടിക്കെതിരെ രംഗത്ത് വന്നു

opposition parties against bjp for stopping akhilesh yadav at airport
Author
Delhi, First Published Feb 12, 2019, 5:56 PM IST

ദില്ലി: പ്രയാഗ്‍രാജിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‍വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞ വിഷയത്തില്‍ വ്യാപക പ്രതിഷേധം.  തന്നെ ലക്നൗ വിമാനത്താവളത്തില്‍ തടഞ്ഞതായി അഖിലേഷ് യാദവ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

അഖിലേഷിനെ യുപി പൊലീസ് തടഞ്ഞതിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ നിരയില്‍ നിന്ന് ഉയരുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര പ്രദേശ് മുഖ്യന്‍ ചന്ദ്രബാബു നായിഡു, ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷ മായാവതി തുടങ്ങിയവരെല്ലാം യുപി സര്‍ക്കാരിന്‍റെ നടപടിക്കെതിരെ രംഗത്ത് വന്നു.

അഖിലേഷ് യാദവിനെ തടഞ്ഞ സംഭവത്തെ അപലപിക്കുന്നതായി മമത ബാനര്‍ജി പറഞ്ഞു. രാജ്യത്തിന്‍റെ ഇന്നത്തെ അവസ്ഥ ഇതാണ്. ആളുകള്‍ക്ക് ഒരു സ്ഥലത്ത് പോകുന്നതിന് പോലും വിലക്കാണെന്നും മമത പറഞ്ഞു. രാഷ്ട്രീയ എതിരാളികളോട് ബിജെപി കാണിക്കുന്ന അസഹിഷ്ണുതയുടെ ഉദാഹരണമാണ് അഖിലേഷിനെ തടഞ്ഞ സംഭവം വ്യക്തമാക്കുന്നതെന്ന് ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു.

വിഷയത്തില്‍ എസ്പി ബിഎസ്പി സഖ്യത്തെ ബിജെപിക്ക് ഭയമാണെന്ന പ്രതികരണമാണ് ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷ മായാവതി നടത്തിയത്. ജനാധിപത്യ വിരുദ്ധമായ രീതിയിലൂടെയാണ് ബിജെപി മുന്നോട്ട് പോകുന്നത്. അതിനാല്‍ അവര്‍ക്ക് തങ്ങളെ ഭയമാണ്. അഖിലേഷിനെ തടഞ്ഞത് അപലപനീയമാണെന്നും മായാവതി പറഞ്ഞു.

ലക്നൗവില്‍ നിന്ന് 201 കിലോമീറ്റര്‍ അകലെയുള്ള പ്രയാഗ്‍രാജിലേക്കുള്ള പ്രത്യേക വിമാനത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് അഖിലേഷിനെ തടഞ്ഞത്. അലഹബാദ് സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് അഖിലേഷ് അലഹബാദിലേക്ക് പോകാനായി എത്തിയത്.

താന്‍ വിമാനത്തില്‍ കയറുന്നത് ഉദ്യോഗസ്ഥന്‍ തടയുന്നതിന്‍റെ ചിത്രം സഹിതമാണ് അലിലേഷ് യാദവ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു ചിത്രത്തില്‍ ഉദ്യോഗസ്ഥനുമായി അഖിലേഷ് തര്‍ക്കിക്കുന്നതും കാണാം. അലഹബാദ് സര്‍വകലാശാല യൂണിയന്‍ പ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുകയിരുന്നു അഖിലേഷിന്‍റെ യാത്രാലക്ഷ്യം.

ഒരു വിദ്യാര്‍ഥി നേതാവിന്‍റെ സത്യപ്രതിജ്ഞയെ പോലും ബിജെപി സര്‍ക്കാരിന് ഭയമാണെന്ന് അതാണ് തന്നെ തടയാന്‍ കാരണമെന്നും അഖിലേഷ് പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അലഹബാദ് സര്‍വകലാശാല അധികൃതര്‍ അഖിലേഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചതായും ക്രമസമാധാനം പാലിക്കാനാണ് തടഞ്ഞതെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. 

 

Follow Us:
Download App:
  • android
  • ios