Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ 80% കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി; മലപ്പുറത്ത് 56 % മാത്രം

rubella vaccine campaign ending today
Author
First Published Nov 18, 2017, 11:50 AM IST

തിരുവനന്തപുരം; ആരോഗ്യവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ റൂബെല്ല വാക്‌സിന്‍ യജ്ഞം ഇന്ന് അവസാനിക്കും. നേരത്തെ നവംബര്‍ മൂന്നിന് അവസാനിക്കേണ്ടിയിരുന്ന വാക്‌സിന്‍ യജ്ഞം വടക്കന്‍ ജില്ലകളുടെ മോശം പ്രകടനം കണക്കിലെടുത്ത് നവംബര്‍ 18 വരെ നീട്ടുകയായിരുന്നു. 

സംസ്ഥാനത്തെ 76 ലക്ഷം കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ യജ്ഞം ആരംഭിച്ചത്. അവസാനവട്ട കണക്കുകളനുസരിച്ച് സംസ്ഥാനത്തെ 79.94 ശതമാനം കുട്ടികള്‍ക്ക് (58,96,290)വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. 

96 ശതമാനം കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കിയ പത്തനംതിട്ട ജില്ലയാണ് വാക്‌സിന്‍ യജ്ഞത്തില്‍ മുന്നിലെത്തിയത്. 88.5 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ വയനാടും 88.3 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരവും വാക്‌സിന്‍ യജ്ഞത്തോട നല്ല രീതിയില്‍ പ്രതികരിച്ചു. 

അതേസമയം സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് പ്രചരണം നടത്തിയിട്ടും മലപ്പുറം ജില്ലയില്‍ വാക്‌സിന്‍ യജ്ഞം പരാജയപ്പെട്ടു. ഇവിടെ 56.44 ശതമാനം കുട്ടികള്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ 76 ശതമാനം പേരും കണ്ണൂരില്‍  78 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചു.

വാക്‌സിന്‍ യജ്ഞം ഇന്ന് അവസാനിക്കുമെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലൂടെ തുടര്‍ന്നും കുട്ടികള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ സൗകര്യമുണ്ടാക്കും. സോഷ്യല്‍ മീഡിയ വഴി നടന്ന വാക്‌സിന്‍ വിരുദ്ധ പ്രചരണമാണ് വടക്കന്‍ ജില്ലകളില്‍ വാക്‌സിന്‍ യജ്ഞത്തിന് തിരിച്ചടിയായതെന്ന തിരിച്ചറവില്‍ വ്യാജപ്രചരണം നടത്തുവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുവാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios