Asianet News MalayalamAsianet News Malayalam

'വിവാദം കൊണ്ട് ലാഭമുണ്ടാക്കാന്‍ ഹിന്ദു, ഇസ്ലാമിക തീവ്രവാദികള്‍ ശ്രമിക്കണ്ട'; 'കിത്താബ്' വിവാദത്തില്‍ ഉണ്ണി ആര്‍

ഞാന്‍ പറഞ്ഞിട്ടാണ് കിത്താബ് നാടകം കളിക്കാതിരുന്നത് എന്ന് പ്രചരിപ്പിക്കപ്പെട്ടിരുന്നു. സ്‌ക്കൂള്‍ അധികൃതര്‍ ആണ് നാടകം പിന്‍വലിച്ചത്. സ്‌ക്കൂളിലെ പ്രധാന അദ്ധ്യാപകന്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് എന്നേയും എന്‍റെ കഥയേയും വെറുതെ വിടുക എന്നാണ്

unni r on-copy-right-issue-related-with-kithab-and-vank
Author
Thiruvananthapuram, First Published Dec 14, 2018, 4:12 PM IST

തിരുവനന്തപുരം: കിത്താബ് എന്ന സ്‌കൂള്‍ നാടകവുമായി ബന്ധപ്പെട്ട കോപ്പിറൈറ്റ് വിവാദം അവസാനിക്കുന്നു. 'കിത്താബ്' നാടകം എഴുതി സംവിധാനം ചെയ്ത റഫീഖ് മംഗലശ്ശേരിയും ആ നാടകത്തിന് ആസ്പദമായ വാങ്ക് എന്ന കഥ എഴുതിയ പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറും വ്യത്യസ്ത പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. മതമൗലികവാദികള്‍ക്ക് മുതലെടുപ്പിന് അവസരം നല്‍കില്ലെന്ന് വ്യക്തമാക്കി ഇന്നലെയാണ് റഫീഖ് മംഗലശ്ശേരി പ്രസ്താവന പുറപ്പെടുവിച്ചത്. പിന്നാലെ, വിവാദം കൊണ്ട് ലാഭമുണ്ടാക്കാന്‍ ഹിന്ദു, ഇസ്ലാമിക തീവ്രവാദികള്‍ ശ്രമിേക്കണ്ടെന്ന് കാണിച്ച് ഉണ്ണി ആര്‍ ഇന്ന് പ്രസ്താവനയിറക്കി. 

തനിക്ക് ഈ വിഷയത്തില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞാണ് ഉണ്ണി പ്രസ്താവനയിറക്കിയിരിക്കുന്നത്. ഒരു ആവിഷ്‌ക്കാരങ്ങളും നിരോധിക്കപ്പെടേണ്ടതല്ല. നാടകത്തിനെതിരായുള്ള ഭീഷണികള്‍ക്കും അക്രമങ്ങള്‍ക്കും എതിരാണ്.  കിത്താബ് നാടകത്തിന്റെ സംവിധായകന്‍ വിളിച്ചിരുന്നു.  ഖേദപ്രകടനത്തേക്കാള്‍ വലുതാണ് രണ്ട്  മനുഷ്യര്‍ തുറന്ന് സംസാരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെ ഈ വിവാദം കൊണ്ട് ലാഭമുണ്ടാക്കാന്‍ ഹിന്ദു, ഇസ്ലാമിക തീവ്രവാദികള്‍ ശ്രമിക്കേണ്ട.  കിത്താബ് ഇനി അവതരിപ്പിക്കപ്പെട്ടാല്‍ വിമര്‍ശനങ്ങള്‍ നിലനില്‍ക്കത്തന്നെ തനിക്ക് എത്താവുന്ന ദൂരത്തിലാണങ്കില്‍  ആ നാടകം നേരില്‍പ്പോയി കാണുമെന്നും ഉണ്ണി ആര്‍ വ്യക്തമാക്കി.

സ്കൂള്‍ തലത്തില്‍ അവതരിപ്പിക്കപ്പെട്ട് നാടകം ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. നാടകത്തിന്‍റെ പ്രമേയത്തിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തിയതോടെയാണ് നാടകം പിൻവലിക്കാൻ സ്കൂൾ മാനേജ്മെന്‍റ് തീരുമാനിച്ചത്. തീരുമാനം. ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തുന്നതാണ് നാടകത്തിന്‍റെ പ്രമേയമെന്നായിരുന്നു ആക്ഷേപം. 

മുസ്ലീം പള്ളിയിൽ ബാങ്ക് വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് നാടകത്തിന്‍റെ ഇതിവൃത്തം. ബാങ്ക് വിളിക്കാൻ മുക്രിയുടെ മകൾ ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് നാടകത്തിലുള്ളത്. ഇതാണ് പ്രകോപനത്തിന് കാരണം. ഇസ്ലാം മതത്തിലെ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്ന നാടകം ഇസ്ലാം വിരുദ്ധതയാണ് ചൂണ്ടിക്കാട്ടുന്നത് എന്നായിരുന്നു മത സംഘടനകളുടെ ആരോപണം.

ഉണ്ണി ആറിന്‍റെ പ്രസ്താവനയുടെ പൂര്‍ണരൂപം

ഒരു കഥയെഴുതുകയും അതിന് ശേഷം ആ കഥയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ വിശദീകരണം നടത്തുകയും ചെയ്യേണ്ടി വരുന്ന ദുര്യോഗം ഒരു എഴുത്തുകാരനും എഴുത്ത് കാരിക്കും ഉണ്ടാവാതിരിക്കട്ടെ. എന്‍റെ നിലപാടുകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവര്‍ കഴിയുമെങ്കില്‍ ക്ഷമയോടെ ഈ കുറിപ്പ് വായിക്കുക.

ഞാന്‍ പറഞ്ഞിട്ടാണ്  കിത്താബ് നാടകം കളിക്കാതിരുന്നത് എന്ന്  പ്രചരിപ്പിക്കപ്പെട്ടിരുന്നു. സ്‌ക്കൂള്‍ അധികൃതര്‍ ആണ് നാടകം പിന്‍വലിച്ചത്. സ്‌ക്കൂളിലെ പ്രധാന അദ്ധ്യാപകന്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് എന്നേയും എന്‍റെ കഥയേയും വെറുതെ വിടുക എന്നാണ്. അവര്‍ എന്‍റെ പേരോ കഥയുടെ പേരോ ഇനി മുതല്‍ നാടകത്തില്‍ ഉപയോഗിക്കില്ല എന്ന് ഉറപ്പ് തന്നു. ഡി പി ഐ യോട് ഞാന്‍ ഈ കാര്യം പറയുകയും നാടകം അവതരിപ്പിക്കുന്നതിന് ഞാന്‍ എതിരല്ല എന്നും പറയുകയുമുണ്ടായി. നാടകം അവതരിപ്പിക്കുന്നതില്‍ നിന്നും സ്‌ക്കൂള്‍ പിന്‍മാറിയതിനാലാണ് കുട്ടികള്‍ക്ക് സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. ഇനിയെങ്കിലും എന്‍റെ പേരില്‍ പഴിചാരരുത്.

വാങ്ക് എന്ന എന്‍റെ കഥയുടെ സ്വതന്ത്രാവിഷ്‌ക്കാരം എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട കിത്താബ് എന്ന നാടകത്തിനോടുള്ള എന്‍റെ വിയോജിപ്പുകളും അതുമായി ബന്ധപ്പെട്ട് ഞാന്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളും ഒരിക്കല്‍ പറഞ്ഞതാണ്. ഒരിക്കല്‍ കൂടി ആവര്‍ത്തിക്കട്ടെ:

ഒന്ന് : എന്‍റെ പേരും എന്‍റെ കഥയുടെ പേരും നാടകത്തിന് മുന്‍പായി അനൗണ്‍സ് ചെയ്യുന്നുണ്ട്. ഇങ്ങനെയൊരു നാടകത്തിനേക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. അനുമതിയില്ലാതെ കഥയുടെ സ്വതന്ത്രാവിഷ്‌ക്കാരം നടത്തുമ്പോള്‍ നാടകകൃത്തിന്‍റെ രാഷ്ട്രീയം പറയുവാനായി എന്‍റെ പേരും കഥയുടെ പേരും ഉപയോഗിച്ചത് ശരിയായില്ല.

രണ്ട് : നാടകത്തിന്‍റെ രാഷ്ട്രീയവും അതില്‍ പറയുന്ന ഇസ്ലാമിക വിമര്‍ശനവും എന്‍റെ കാഴ്ചപ്പാടുകള്‍ക്ക് എതിരാണ്. എന്‍റെ കഥ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയവും പെണ്‍ ആത്മീയതയും നാടകത്തില്‍ നിന്ന് ചോര്‍ന്ന് പോയിരിക്കുന്നു. കേരളത്തിലെ മുസ്ലീം സമുദായം പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്തുള്ള പെണ്‍കുട്ടികളുടെ വിജയം (മലപ്പുറം ജില്ലയില്‍ നിന്ന് പ്രത്യേകിച്ചും) നാം കാണാതെ പോവരുത്. ഇതെല്ലാം ഞാന്‍ പറയേണ്ടി വന്നത് എന്‍റെയും കഥയുടെയും പേര് നാടകത്തില്‍ ഉപയോഗിക്കുന്നതുകൊണ്ടാണ്.

മൂന്ന്:  ഇസ്ലാമോഫോബിയ ഒരു കാമ്പയിന്‍ പോലെ നടക്കുന്ന ഈ കാലത്ത് ആരോഗ്യകരമല്ലാത്ത ഇസ്ലാം വിമര്‍ശനം പൊളിറ്റിക്കല്‍ ഹിന്ദുത്വത്തെയാണ് സഹായിക്കുക. ഇസ്ലാമിനെക്കുറിച്ചുള്ള വാര്‍പ്പ് മാതൃകകള്‍ ഇനിയെങ്കിലും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്ലാമിനെ പിന്നിലേക്ക് വലിക്കേണ്ടത് ആരുടെ അജണ്ടയാണന്ന് തിരിച്ചറിയേണ്ടതുണ്ട്.

നാല്: എന്‍റെ അനുവാദമില്ലാതെ വാങ്ക് എന്ന കഥ ഉപയോഗിച്ചതോടെ ( ആശയം ,കഥ പ്രചോദനമായി എന്ന വാദങ്ങള്‍ നിലനില്‍ക്കേ ) ഈ കഥ ചലച്ചിത്രമാക്കാന്‍ തയ്യാറായ നിര്‍മ്മാണ കമ്പനി കരാര്‍ റദ്ദു ചെയ്തു. സ്‌ക്കൂള്‍ നാടകങ്ങള്‍ അനുമതി വാങ്ങാതെയാണ് നടത്തുക എന്ന നിഷ്‌ക്കളങ്കത എനിക്ക് ഉണ്ടാക്കിയ പ്രതിസന്ധി ഇതാണ്.

അഞ്ച്: ഡി സി ബുക്‌സിന്‍റെയോ, സൈനുല്‍ ആബിദിന്‍റെയോ അനുവാദമില്ലാതെ പുസ്തകത്തിന്‍റെ കവര്‍ നാടകത്തിനൊടുവില്‍ പശ്ചാത്തലമാകുന്നു. പുസ്തകത്തിന്‍റെ കവര്‍ കൂടി വരുമ്പോള്‍ നാടകത്തിന് കഥയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാണന്ന് വരുന്നു.

ആറ് : സ്‌ക്കൂള്‍ കുട്ടികളുടെ മേല്‍ മുതിര്‍ന്നവരുടെ രാഷ്ട്രീയം കെട്ടി വെയ്ക്കുന്നത് ശരിയല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. കുട്ടികളോട് നുണ പറയരുത് എന്ന് യെവ് തുഷങ്കോ .

ഞാന്‍ ഉന്നയിച്ചത് ഈ വിമര്‍ശനങ്ങളാണ്. ഈ വിമര്‍ശനങ്ങള്‍ ഉന്നയിക്കുവാന്‍ എനിക്ക് അവകാശമുണ്ട് എന്ന് തന്നെയാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത് .യോജിക്കുവാനും വിയോജിക്കുവാനുമുളളതാണ് ജനാധിപത്യം തരുന്ന സ്വാതന്ത്ര്യം. എന്നാല്‍, എനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവര്‍ മനപ്പൂര്‍വ്വം വിട്ട് കളഞ്ഞ ഒരു കാര്യമുണ്ട്. ഈ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും ഞാന്‍ നാടകത്തിനെതിരെ മതമൗലികവാദികള്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് എതിരാണ് എന്ന് പറഞ്ഞിരുന്നു. ആരും അത് ശ്രദ്ധിച്ചില്ല. ഞാന്‍ രാഷ്ട്രീയമാണ് സംസാരിച്ചത്. ഈ കാലം ആവശ്യപ്പെടുന്നത് രാഷ്ട്രീയ ജാഗ്രതയാണ്. ആ ജാഗ്രതയില്‍ എഴുതപ്പെട്ട കഥയാണ് വാങ്ക്.

ഇവിടിപ്പോള്‍ സംഭവിക്കുന്നത് ആള്‍ക്കൂട്ടം പരസ്പരം ഒച്ചവെക്കുകയാണ്. ഇവരോട് എതിരിടാന്‍ എനിക്കാവില്ല. ഒരു സംഘടനയുടേയും ഭാഗമല്ല. ഒന്ന് മാത്രം പറയട്ടെ ,എല്ലാത്തരം തീവ്രവാദങ്ങളും എതിര്‍ക്കപ്പെടേണ്ടതാണ്. മത തീവ്രവാദികള്‍ക്ക് മനസ്സിലാവുന്ന ഒന്നല്ല കലയും ജനാധിപത്യവും. വിയോജിക്കുവാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്‍റെ സേഫ്റ്റി വാല്‍വ് എന്ന് സുപ്രീം കോടതി പറഞ്ഞത് മറക്കാതിരിക്കുക. അതിനാണ് ജനാധിപത്യം എന്നു പറയുന്നത്. ഒരു ആവിഷ്‌ക്കാരങ്ങളും നിരോധിക്കപ്പെടേണ്ടതല്ല. നാടകത്തിനെതിരായുള്ള ഭീഷണികള്‍ക്കും അക്രമങ്ങള്‍ക്കും ഞാന്‍ എതിരാണ്. കിത്താബ് നാടകത്തിന്‍റെ സംവിധായകന്‍ എന്നെ വിളിച്ചിരുന്നു. ഖേദപ്രകടനത്തേക്കാള്‍ വലുതാണ് രണ്ട്  മനുഷ്യര്‍ തുറന്ന് സംസാരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെ ഈ വിവാദം കൊണ്ട് ലാഭമുണ്ടാക്കാന്‍ ഹിന്ദു ,ഇസ്ലാമിക തീവ്രവാദികള്‍ ശ്രമിക്കണ്ട.  കിത്താബ് ഇനി അവതരിപ്പിക്കപ്പെട്ടാല്‍ എന്‍റെ വിമര്‍ശനങ്ങള്‍ നിലനില്‍ക്കത്തന്നെ എനിക്ക് എത്താവുന്ന ദൂരത്തിലാണങ്കില്‍  ആ നാടകം ഞാന്‍ നേരില്‍പ്പോയി കാണും.  (നാടകങ്ങള്‍ ഷൂട്ട് ചെയ്ത് കാണേണ്ടതല്ല )

റഫീഖിന്റെ പ്രസ്താവന

Follow Us:
Download App:
  • android
  • ios