Asianet News MalayalamAsianet News Malayalam

കിത്താബ് വിവാദം അവസാനിക്കുന്നു; സുഡാപ്പികളും സംഘികളും കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ വരേണ്ടെന്ന് റഫീഖ് മംഗലശ്ശേരി

വിവാദ നാടകം കിത്താബുമായി ബന്ധപ്പെട്ട കോപ്പി റൈറ്റ് വിവാദം അവസാനിക്കുന്നു. ഉണ്ണി ആറിന്‍റെ 'വാങ്ക്" എന്ന പുസ്തകവും കിത്താബ് എന്ന നാടകവും സംബന്ധിച്ച് നടന്ന കോപ്പീ റൈറ്റ് വിവാദങ്ങള്‍ക്കാണ് അന്ത്യമാകുന്നത്. ഇത് സംബന്ധിച്ച് ഇരുവരും ധാരണയിലെത്തിയതായാണ് വിവരം. 

Rafique mangalasseri on copy right issue related with kithab and vank
Author
Kerala, First Published Dec 13, 2018, 9:41 PM IST

തിരുവനന്തപുരം: വിവാദ നാടകം കിത്താബുമായി ബന്ധപ്പെട്ട കോപ്പി റൈറ്റ് വിവാദം അവസാനിക്കുന്നു. ഉണ്ണി ആറിന്‍റെ 'വാങ്ക്" എന്ന പുസ്തകവും കിത്താബ് എന്ന നാടകവും സംബന്ധിച്ച് നടന്ന കോപ്പീ റൈറ്റ് വിവാദങ്ങള്‍ക്കാണ് അന്ത്യമാകുന്നത്. ഇത് സംബന്ധിച്ച് ഇരുവരും ധാരണയിലെത്തിയതായാണ് വിവരം. 

ഇരുവരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടതായും ഈ വിവാദം മൂലം മതമൗലിക വാദികള്‍ക്ക് മുതലെടുപ്പിന് അവസരം നല്‍കില്ലെന്നും കാണിച്ച് റഫീഖ് മംഗലശ്ശേരി പ്രസ്താവന ഇറക്കി. പ്രശ്നങ്ങള്‍ അവസാനിക്കുന്നതായി അറിയിച്ച് ഉണ്ണി ആറും ഉടന്‍ പ്രസ്താവന ഇറക്കുമെന്നാണ് വിവരം. വാങ്കുമായി ബന്ധപ്പെട്ട യാതൊരു ചിഹ്നങ്ങളും ഇനിയുള്ള നാടകങ്ങളില്‍ ഉപയോഗിക്കില്ലെന്നും റഫീഖ് മംഗലശ്ശേരി വ്യക്തമാക്കി.

വാങ്കിന്‍റെ കോപ്പിയല്ല കിത്താബ്, കിത്താബിന്‍റെ രചനയില്‍ വാങ്ക് പ്രചോദനമായിട്ടുണ്ട്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താങ്കളുടെ കഥ ഏറെ പ്രചോദനമായതുകൊണ്ടും മോഷണ ആരോപണം ഒഴിവാക്കാനുമാണ് താങ്കള‍ുടെ നോവലിന്‍റെ സ്വതന്ത്രാവിഷ്കാരം എന്ന് അനൗണ്‍സ് ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

അതേസമയം കിത്താബുമായി മുന്നോട്ടു പോകുമെന്നും റഫീഖ് വ്യക്തമാക്കി. കേരളത്തിന്റെ മതേതര കലാസംസ്കാരിക മൂല്യം സംരക്ഷിക്കാൻ ‘കിത്താബ് ‘ തുടർന്ന് അവതരിപ്പിച്ചേ മതിയാകൂ എന്നാണ് വിലയിരുത്തൽ. 
തുടർ അവതരണങ്ങൾക്ക് താങ്കളുടേയും നിസ്വാർത്ഥ പിൻതുണ പ്രതീക്ഷിക്കുന്നു.

'കിത്താബ് ' ആവശ്യപ്പെട്ട എല്ലാ നാടക സംഘങ്ങൾക്കും, സംവിധായകർക്കും, പൊതു സമൂഹത്തിനും യാതൊരു വിധ പ്രതിഫലവും വാങ്ങാതെ കോപ്പി റൈറ്റുകളുടെ പ്രശ്നങ്ങൾ ഇല്ലാതെ അവതരിപ്പിക്കാനുള്ള അനുമതിയും ഇതിനൊപ്പം നൽകുന്നു എന്ന വിവരം സന്തോഷത്തോടെയും അഭിമാനത്തോടെയും  അറിയിക്കട്ടെയെന്നും ഉണ്ണി ആറിനുള്ള തുറന്ന കുറിപ്പെന്നോണം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

സ്കൂള്‍ തലത്തില്‍ അവതരിപ്പിക്കപ്പെട്ട് നാടകം ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. നാടകത്തിന്‍റെ പ്രമേയത്തിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തിയതോടെയാണ് നാടകം പിൻവലിക്കാൻ സ്കൂൾ മാനേജ്മെന്‍റ് തീരുമാനിച്ചത്. തീരുമാനം. ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തുന്നതാണ് നാടകത്തിന്‍റെ പ്രമേയമെന്നായിരുന്നു ആക്ഷേപം. 

മുസ്ലീം പള്ളിയിൽ ബാങ്ക്‍ വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് നാടകത്തിന്‍റെ ഇതിവൃത്തം. ബാങ്ക് വിളിക്കാൻ മുക്രിയുടെ മകൾ ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് നാടകത്തിലുള്ളത്. ഇതാണ് പ്രകോപനത്തിന് കാരണം. ഇസ്ലാം മതത്തിലെ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്ന നാടകം ഇസ്ലാം വിരുദ്ധതയാണ് ചൂണ്ടിക്കാട്ടുന്നത് എന്നായിരുന്നു മത സംഘടനകളുടെ ആരോപണം. തുടര്‍ന്നായിരുന്നു നാടകത്തിന്‍റെ കഥയുമായി ബന്ധപ്പെട്ട കോപ്പീ റൈറ്റ് വിവാദവും തലപൊക്കിയത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം
 

സുഡാപ്പികളും സംഘികളും കലക്ക് വെള്ളത്തിൽ മീൻ പിടിക്കാൻ വരണ്ട ....!

പ്രിയപ്പെട്ട ഉണ്ണി ആർ, 

നമ്മൾ തമ്മിൽ സംസാരിച്ചത് പോലെത്തന്നെ ,
നമ്മുടെ പേരിൽ കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നവർക്ക് വേണ്ടിയാണ് ഈ കുറിപ്പ്. 
താങ്കൾ പറഞ്ഞതു പോലെ ഈയുള്ളവനും എല്ലാതരം വർഗ്ഗീയവാദത്തിനും മതമൗലിക വാദത്തിനും എതിരാണ്.

 'കിത്താബ് ', ' വാങ്ക് ' വിവാദം ഇത്തരത്തിലുള്ള ഏതെങ്കിലും സംഘടനകൾ മുതലെടുക്കാൻ ശ്രമിക്കുന്നു എങ്കിൽ താങ്കൾക്കൊപ്പം ഈയുള്ളവനും അതിൽ ശക്തമായി പ്രതിഷേധിക്കുന്നു.  

നാടകത്തിന്റെ കോപ്പി റൈറ്റുമായി ബന്ധപ്പെട്ട് താങ്കൾ ഉന്നയിച്ച ചില വിമർശനങ്ങളെ സ്വീകരിക്കുന്നതിനൊപ്പം ചില കാര്യങ്ങളെ സ്നേഹപൂർവ്വം നിരാകരിക്കുകയും ചെയ്യട്ടെ. 
താങ്കൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കുള്ള ഒരു മറുപടിയാണ് ഇത്.  

ആദ്യമെ പറയട്ടെ 'കിത്താബ് ' ഒരിക്കലും ഇസ്ലാം എന്ന മതത്തെ പ്രാകൃത മതമായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ല. 
മാത്രവുമല്ല , ഞാനൊരിക്കലും  ഇസ്ലാമോഫോബിയ പരത്തുന്നതിനെ അംഗീകരിക്കുന്നുമില്ല (സോഷ്യൽ മീഡിയയിലൂടെ ലക്ഷക്കണക്കിനാളുകൾ കണ്ട എന്റെ ' ജയഹെ ' എന്ന ഷോട്ട് ഫിലിം ഒരു തവണ കണ്ടാൽ ഇത് ബോധ്യപ്പെടാവുന്നതേയുള്ളൂ )

 മതത്തിനകത്തെ ലിംഗനീതിയെ പ്രശ്നവൽക്കരിക്കാനാണ് ഈ നാടകത്തിൽ ശ്രമം നടത്തിയിട്ടുള്ളത്. 
താങ്കളുടെ 'വാങ്ക് ' എന്ന കഥ ‘കിത്താബി‘ന് ഒരു പ്രചോദനം മാത്രമാണ്.

പെൺവാങ്ക് എന്ന ആശയം ഇതിനു മുമ്പും പലരും മുന്നോട്ടുവെച്ചിട്ടുള്ളതാണ്. എന്റെ  തന്നെ 2007 -- ൽ പ്രസിദ്ധീകരിച്ച  'ബദറുദ്ദീൻ നാടകമെഴുതുമ്പോൾ' എന്ന നാടകത്തിലൂടെ  "എന്തുകൊണ്ട്  സ്ത്രീകൾ പളളിയിൽ കയറി ബാങ്ക് കൊടുക്കുന്നില്ല ...?." 
എന്ന ചോദ്യം പൊതു സമൂഹത്തിനു മുമ്പിൽ വെച്ചതാണ് ...! 
എന്നാൽ ആ നാടകം കൂടുതൽ ചർച്ച ചെയ്യപ്പെട്ടില്ല.....!

ഈ വർഷത്തെ സ്കൂൾ  നാടകം ,
മതത്തിനുള്ളിലെ ലിംഗനീതിയെ വിമർശന വിധേയമാക്കി  രൂപപ്പെടുത്താനൊരുങ്ങുന്ന
സമയത്താണ് താങ്കളുടെ 'വാങ്ക് ' എന്ന കഥ വായിക്കുന്നത്.                              
വാങ്കിൽ നിന്ന് കിട്ടിയ പ്രചോദനവും കൂടി ചേർത്ത്കൊണ്ട്  'കിത്താബ് ' ഒരുക്കുകയായിരുന്നു ....!

കിത്താബിന്റെ  രചനാ  പ്രക്രിയകളിൽ താങ്കളുടെ കഥ വളരെയേറെ പ്രചോദനമായതുകൊണ്ടും  ,
താങ്കളുടെ കഥ ഒരുപാട്  ചർച്ച ചെയ്യപ്പെട്ടതായതു കൊണ്ടും ,
പൊതു സമൂഹം സാഹിത്യചോരണം ആരോപിക്കുമെന്ന പേടിയുള്ളതുകൊണ്ടും...... അതിനൊക്കെപ്പുറമെ ഒരു എഴുത്തുകാരൻ മറ്റൊരു എഴുത്തുകാരന് നല്കേണ്ട സാമാന്യ മര്യാദയുടെ ഭാഗവുമായിട്ടുകൂടിയാണ് , താങ്കളുടെ കഥയുടെ സ്വതന്ത്ര ആവിഷ്കാരം എന്ന് നാടകാരംഭത്തിൽ അനൗൺസ് ചെയ്യേണ്ടി വന്നത്....!

ഒരു സ്കൂൾ നാടകമായത് കൊണ്ടും (സാധാരണ ഗതിയിൽ മൂന്ന് അവതരണങ്ങളിൽ സ്കൂൾ നാടകം അവസാനിക്കും.  മാത്രമല്ല അത് ഒരു അമേച്ച്വർ സംരംഭം ആയത് കൊണ്ട് അനുവാദം വാങ്ങേണ്ടതില്ല എന്ന 
കീഴ് വഴക്കം നിലനിൽക്കുന്നുമുണ്ട് ).  മാത്രവുമല്ല , ഒരു പ്രചോദനം മാത്രമാണ് നാടകത്തിന് ‘വാങ്കി‘ൽ നിന്നും കിട്ടിയിരുന്നത് എന്നതു കൊണ്ടും , താങ്കളിൽ നിന്നും അനുവാദം വങ്ങേണ്ടതില്ല എന്നാണ് ഇപ്പോഴും തോന്നുന്നത്....!

അതിനാൽ ,
താങ്കളുടെ കഥയുമായി കിത്താബിന് വെറും  പ്രചോദനത്തിനപ്പുറം യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കട്ടെ (അത് താങ്കൾ തന്നെ പറഞ്ഞതും ആണ്).

നാടകത്തിന്റെ അവതരണവുമായി ബന്ധപ്പെട്ട് താങ്കളുടെ പേര് ഉപയോഗിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു....!!

താങ്കൾ ആവശ്യപ്പെട്ടത് പോലെ രംഗാവതരണത്തിൽ ഒരു ദൃശ്യബിംബമായി ഉപയോഗിച്ച താങ്കളുടെ 'വാങ്ക് ' എന്ന കഥാസമാഹാരത്തിന്റെ പുറം ചട്ട 
തുടർ അവതരണങ്ങളിൽ നിന്നും നീക്കം ചെയ്യാമെന്നും ഈയുള്ളവൻ ഉറപ്പ് നൽകുന്നു. 
'വാങ്ക് ' ചലച്ചിത്രമാകുന്നു എന്ന വാർത്തയും ഈയിടെ അറിഞ്ഞു. നാടകവുമായി ബന്ധപ്പെട്ട് എന്റെയോ സുഹൃത്തുക്കളുടെയോ ഇടപെടൽ മൂലം താങ്കൾക്കോ, 
 'വാങ്ക് ' ചലച്ചിത്രമാക്കുന്നവർക്കോ, മാനസികമോ , സാമ്പത്തികമോ ആയി ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിയിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദിക്കുന്നു...!!

ഇനിയങ്ങോട്ടുള്ള നാടകത്തിന്റെ 
തുടർ അവതരണങ്ങളിൽ താങ്കളുടെ പേര് ഉപയോഗിക്കില്ല എന്നും ഉറപ്പ് തരുന്നു.


അതിനൊപ്പം നാടകത്തെ മുൻനിർത്തി താങ്കളുടേയും എന്റെയും പേര് ഉപയോഗിച്ച് മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന മതമൗലികവാദികൾക്കൊപ്പമല്ല ഈയുള്ളവൻ എന്നും അറിയിക്കട്ടെ...!!

 കേരളത്തിന്റെ മതേതര കലാസംസ്കാരിക മൂല്യം സംരക്ഷിക്കാൻ ‘കിത്താബ് ‘ തുടർന്ന് അവതരിപ്പിച്ചേ മതിയാകൂ എന്നാണ് ഈയുള്ളവന്റെ വിലയിരുത്തൽ. 
തുടർ അവതരണങ്ങൾക്ക് താങ്കളുടേയും നിസ്വാർത്ഥ പിൻതുണ പ്രതീക്ഷിക്കുന്നു....!

'കിത്താബ് ' ആവശ്യപ്പെട്ട എല്ലാ നാടക സംഘങ്ങൾക്കും, സംവിധായകർക്കും, പൊതു സമൂഹത്തിനും യാതൊരു വിധ പ്രതിഫലവും വാങ്ങാതെ കോപ്പി റൈറ്റുകളുടെ പ്രശ്നങ്ങൾ ഇല്ലാതെ അവതരിപ്പിക്കാനുള്ള അനുമതിയും ഇതിനൊപ്പം നൽകുന്നു എന്ന വിവരം സന്തോഷത്തോടെയും അഭിമാനത്തോടെയും  അറിയിക്കട്ടെ....!!

തൂലികയും/സർഗ്ഗാത്മകതയും/കലയുമാണ് നമ്മുടെ പ്രതിരോധം എന്നും , അതിനെതിരെ ഉയരുന്ന ഏത് തരം ആക്രമണങ്ങളെയും ഒന്നായ് ചെറുത്ത് തോൽപ്പിക്കാൻ നമുക്ക് കഴിയട്ടെ എന്നും പ്രത്യാശിക്കുന്നു....!

ഹൃദയപൂർവ്വം, 
റഫീക്ക് മംഗലശ്ശേരി

Follow Us:
Download App:
  • android
  • ios