Asianet News MalayalamAsianet News Malayalam

ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള പാക്കേജുകളുടെ പേര് മാറ്റി, പുതിയ നിരക്ക് പ്രഖ്യാപിച്ചു

പാക്കേജുകളിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തുകയും പേരുകളിൽ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് 3465 റിയാലാണ്.

hajj package announced for domestic pilgrims
Author
Mekkah Saudi Arabia, First Published May 11, 2019, 1:51 AM IST

മക്ക: ഈ വർഷം ഹജ്ജ് നിർവ്വഹിക്കുന്നതിനുള്ള ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ പാക്കേജ് നിരക്കുകൾ ഹജ്ജ് - ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. പാക്കേജുകളിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തുകയും  പേരുകളിൽ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് 3465 റിയാലാണ്. ഇതിനു പുറമെ മൂല്യ വർധിത നികുതികൂടി നൽകണം. ഇക്കോണമി-2 വിഭാഗത്തിലാണ് ഈ നിരക്ക് നൽകേണ്ടത്.

ഹജ്ജ് തീർഥാടകർക്കുള്ള വിവിധ പാക്കേജുകളുടെ പേരുകളും മാറ്റിയിട്ടുണ്ട്. ജനറൽ പാക്കേജ് വിഭാഗത്തിന്റെ പേര് അൽ ദിയാഫ എന്നാക്കി. കുറഞ്ഞ നിരക്കിൽ ഹജ്ജ് നിർവ്വഹിക്കുന്നതിന് അവസരമൊരുക്കുന്ന പാക്കേജിന്റെയും അൽമുയസ്സർ പാക്കേജിന്റെയും പേരുകൾ ഇക്കോണമി -1, ഇക്കോണമി -2 എന്നാക്കിയും മാറ്റി.

ഹജ്ജ് സർവീസ് കമ്പനികളുടെയും സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഏകീകൃത മാതൃകയിലുള്ള യൂണിഫോം ബാധകമാക്കുന്നതിനും തീരുമാനമായി. ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന തൊഴിലാളികൾക്കും ഏകീകൃത യൂണിഫോം ബാധകമാക്കും. കൂടാതെ ഓരോ പാക്കേജുകളും നടപ്പിലാക്കുന്ന സർവീസ് കമ്പനികളുടെ സൈൻ ബോർഡുകൾക്കും ഏകീകൃത നിറം നൽകും.

സേവന നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഹജ്ജ് സർവീസ് സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തി വെയിറ്റേജ് പോയിന്റ് നൽകുന്ന രീതിയിലും ഭേദഗതികൾ വരുത്തിയിട്ടുണ്ട്. അഞ്ചു വർഷത്തിൽ ഒരിക്കലേ മാത്രം ഹജ്ജ് നിവ്വഹിക്കുന്നതിന് അവസരം നൽകുന്ന വ്യവസ്ഥയിൽ നിന്ന് പ്രത്യേക ഇളവുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമണങ്ങളും പരിഷ്‌ക്കരിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios