Asianet News MalayalamAsianet News Malayalam

വിമാനത്താവളത്തില്‍ വെച്ച് ഉദ്യോഗസ്ഥന്‍ ഭാര്യയുടെ പാസ്പോര്‍ട്ട് കീറി; പരാതിയുമായി പ്രവാസി

ബോര്‍ഡിങ് പാസ് എടുക്കുന്നതിനായി പാസ്പോര്‍ട്ട് നല്‍കിയപ്പോഴാണ് കീറിയ വിവരം അറിഞ്ഞത്. ഇതോടെ യാത്ര ചെയ്യാനാവില്ലെന്ന് അധികൃതര്‍ നിലപാടെടുത്തു. വീട്ടില്‍ നിന്ന് കൊണ്ടുവന്നപ്പോള്‍ പാസ്പോര്‍ട്ടിന് പ്രശ്നമുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥന് പരിശോധനയ്ക്ക് നല്‍കിയ ശേഷമാണ് ഇങ്ങനെയായതെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല.

security official tears off passport on mangaluru airport
Author
Mangaluru, First Published Feb 6, 2019, 6:16 PM IST

ദുബായ്: മംഗളൂരു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ യാത്രക്കാരിയുടെ പാസ്പോര്‍ട്ട് കീറിയെന്ന് ആരോപണം. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ദുബായിലേക്ക് യാത്ര ചെയ്യുകയായിരകുന്ന കാസര്‍കോഡ് കീഴൂര്‍ സ്വദേശി ഹാഷിമാണ്, തന്റെ ഭാര്യയുടെ പാസ്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കീറിയെന്ന് പരാതിപ്പെട്ടിരിക്കുന്നത്. വിമാനത്താവളത്തിലെ പ്രവേശന കവാടത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനാണ് പാസ്‍പോര്‍ട്ട് രണ്ടായി കീറിയത്. നേരത്തെയും സമാനമായ പരാതികള്‍ മംഗളൂരു വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.

വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് പാസ്‍പോര്‍ട്ടിന് പ്രശ്നമൊന്നുമുണ്ടായിരുന്നില്ലെന്ന് ഹാഷിം പറയുന്നു. വിമാനത്താവളത്തിലെത്തിയപ്പോള്‍ പ്രവേശന കവാടത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് പാസ്പോര്‍ട്ടും ടിക്കറ്റും പരിശോധനയ്ക്ക് നല്‍കി. എട്ട് മാസം പ്രായമുള്ള കൈക്കുഞ്ഞിനായി സ്ട്രോളര്‍ എടുക്കാന്‍ പോയി തിരിച്ചുവന്നപ്പോള്‍ എല്ലാവരുടെയും പാസ്പോര്‍ട്ട് ഉദ്യോഗസ്ഥന്‍ പരിശോധനയ്ക്ക് ശേഷം തിരികെ നല്‍കി. തുടര്‍ന്ന് അകത്ത് കടന്ന് ബോര്‍ഡിങ് പാസ് എടുക്കുന്നതിനായി പാസ്പോര്‍ട്ട് നല്‍കിയപ്പോഴാണ് കീറിയ വിവരം അറിഞ്ഞത്. ഇതോടെ യാത്ര ചെയ്യാനാവില്ലെന്ന് അധികൃതര്‍ നിലപാടെടുത്തു. വീട്ടില്‍ നിന്ന് കൊണ്ടുവന്നപ്പോള്‍ പാസ്പോര്‍ട്ടിന് പ്രശ്നമുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥന് പരിശോധനയ്ക്ക് നല്‍കിയ ശേഷമാണ് ഇങ്ങനെയായതെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ല.

കേണപേക്ഷിച്ചെങ്കിലും ഒരു വിധത്തിലും യാത്ര അനുവദിക്കില്ലെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍ ഉറച്ചുനിന്നു. അവസാനം എയര്‍പോര്‍ട്ടിലെ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് കാര്യം പറയുകയും യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തപ്പോഴും ദുബായ് വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്നായിരുന്നു മറുപടി. ഇക്കാര്യം എഴുതി വാങ്ങിയശേഷമാണ് യാത്ര അനുവദിച്ചത്. കൈക്കുഞ്ഞിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഭാര്യയോട് പോലും വളരെ ക്രൂരമായാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും ഹാഷിം പറഞ്ഞു.

ഏറെനേരത്തെ പ്രതിസന്ധിക്കൊടുവിലാണ് യാത്ര ചെയ്യാനായത്. എന്നാല്‍ ദുബായ് വിമാനത്താവളത്തിലെ പരിശോധനയില്‍ ഇക്കാര്യം ശ്രദ്ധയില്‍പെട്ടപ്പോള്‍ മാന്യമായിട്ടായിരുന്നു പെരുമാറ്റം. അടുത്ത യാത്രയ്ക്ക് മുന്‍പ് പാസ്പോര്‍ട്ട് മാറ്റണമെന്ന് പറയുക മാത്രമാണ് അവിടെയുണ്ടായത്. മംഗളൂരു വഴി യാത്ര ചെയ്യുന്നവര്‍  പാസ്പോര്‍ട്ട് സൂക്ഷിക്കണമെന്നാണ് ഹാഷിം മറ്റ് പ്രവാസികള്‍ക്ക് നല്‍കുന്ന ഉപദേശം. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരെയും സ്ത്രീകളെയും സമാനമായ തരത്തില്‍ വിമാനത്താവളത്തിലെ ചില ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിസ ഉള്‍പ്പെടുന്ന പേജുകള്‍ ഇങ്ങനെ കീറാന്‍ സാധ്യതയുണ്ടെന്നും പ്രവാസികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനും പരാതി നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios