'ജോസഫ്' സിനിമ വീണ്ടും ചര്‍ച്ചയാകുന്നു: തിരക്കഥാകൃത്ത് ഷാഹി കബീറിന് പറയാനുള്ളത്.!
എം. പത്മകുമാർ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജോസഫ്. ഷാഹി കബീർ രചിച്ച ചിത്രമാണ് ജോസഫ്.
കൊച്ചി : മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്‍ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസെടുത്ത വാര്‍ത്ത വലിയതോതില്‍ ചര്‍ച്ചയാകുകയാണ്. 2009 നവംബർ 29 ന് നടന്ന അപകടത്തെ ആസ്പദമാക്കി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കേസെടുത്തത്. എന്നാല്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ മലയാള സിനിമയായ 'ജോസഫും' ചര്‍ച്ചയാകുന്നുണ്ട്. ഇപ്പോള്‍ വന്ന വാര്‍ത്തയും സിനിമയിലെ ഉള്ളടക്കവും തമ്മിലുള്ള സാമ്യതയാണ് ചര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നത്.
എം. പത്മകുമാർ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജോസഫ്. ഷാഹി കബീർ രചിച്ച ചിത്രമാണ് ജോസഫ്. ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ, ഇർഷാദ്, അത്മിയ, ജോണി ആന്റണി, സുധി കോപ്പ, മാളവിക മേനോൻ, മാധുരി ബ്രഗൻസ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ഒരു റിട്ടയേർഡ് പോലീസുകാരന്റെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ പിന്നില്‍ നടക്കുന്ന കാര്യങ്ങളിലേക്കാണ് ചിത്രം വെളിച്ചം വീശിയത്. ചിത്രം ഇറങ്ങിയ സമയത്ത് ചിത്രത്തിന്‍റെ പ്രമേയം കേരളത്തിൽ അവയവം മാറ്റിവയ്ക്കൽ എണ്ണം കുറയ്ക്കുന്നതിന് കാരണമായി എന്ന വിമര്‍ശനം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അടക്കം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ പുതിയ വാര്‍ത്ത വന്നതിന് പിന്നാലെ വീണ്ടും ജോസഫ് ചര്‍ച്ചയാകുമ്പോള്‍ അത് സംബന്ധിച്ച് പ്രതികരിക്കുകയാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ ഷാഹി കബീർ. ഒരു പൊലീസുകാരനായ ഷാഹി ഇപ്പോള്‍ വീണ്ടും ജോസഫ് ചര്‍ച്ചയാകുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞത്.
ജോസഫ് കുറ്റബോധം ഉണ്ടാക്കിയ ചിത്രം
ജോസഫ് പുതിയ വാര്‍ത്തയുടെ പാശ്ചത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ് എന്നെ പറയാന്‍ പറ്റൂ. ആ ചിത്രം ഇറങ്ങിയ സമയത്ത് അത് വലിയതോതില്‍ ആളുകളെ സ്വാധീനിച്ചെന്നും. ആളുകള്‍ മരണാനന്തര അവയവദാനത്തില്‍ നിന്നും പിന്‍മാറുന്ന അവസ്ഥയുണ്ടാക്കിയെന്നും എന്‍റെ അടുത്ത നല്ലവരായ പല ഡോക്ടര്‍മാരും പറഞ്ഞു. അതിനാല്‍ തന്നെ അവയവ ശസ്ത്രക്രിയയിലൂടെ ജീവന്‍ കുറച്ചുകാലം കൂടി നിലനിര്‍ത്താന്‍ സാധിക്കുന്ന പലരുടെ ജീവന്‍ നഷ്ടമായിരിക്കാം എന്നത് കുറക്കാലം എനിക്കൊരു കുറ്റബോധമായി തോന്നിയിട്ടുണ്ട്.
ശരിക്കും ജോസഫ് എന്ന ചിത്രം പറയുന്നത് മരണാനന്തര അവയവദാനം കൂടുതല്‍ സുതാര്യമാക്കണം എന്നാണ്. ഒരു മരണം സ്ഥിരീകരിക്കുമ്പോള്‍ അത് നിശ്ചയിക്കുന്ന പാനലില്‍ പൊലീസ് സര്‍ജന്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ ഡോക്ടര്‍ വേണം. അത്തരം ആളുകളുടെ ക്ഷാമം നേരിടാന്‍ ഒരോ ജില്ലയിലും അത്തരം ഒരു പാനല്‍ തന്നെ ഉണ്ടാക്കണം. ഇപ്പോള്‍ പ്രധാനമായും മരണാനന്തര അവയവദാനം നടക്കുന്ന സ്വകാര്യ ആശുപത്രികളിലാണ് അതിനാല്‍ തന്നെ അവിടുത്തെ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കണം. ഒരു രോഗിയുടെ പ്രവേശനം മുതല്‍ അയാളെ സര്‍ജറിക്ക് വിധേയനാക്കുന്നതും, വെന്‍റിലേറ്ററില്‍ കിടത്തുന്നതും അടക്കം കൃത്യമായി വീഡിയോ ചിത്രീകരണം നടത്തണം. അത് സംശയം ഉയര്‍ന്നാല്‍ ബന്ധുക്കളെയോ, സര്‍ക്കാരിനെയോ കാണിക്കാന്‍ സാധിക്കണം.
മരണാനന്തര അവയവദാനത്തിന് എതിരായിരുന്നില്ല ജോസഫ്, അതിന്‍റെ നടത്തിപ്പ് കൂടുതല്‍ സുതാര്യത വേണം എന്നാണ് പറഞ്ഞത്. എന്നാല്‍ പലരും അതിലെ മാഫിയ എന്ന ഒരു അംഗിളിലാണ് കണ്ടത്. അതിനാല്‍ തന്നെ അത് ആരോഗ്യമേഖലയില്‍ നിന്നും ചില എതിര്‍പ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ വാര്‍ത്ത വരുമ്പോഴും അതില്‍ ജോസഫ് ചര്‍ച്ചയാകുന്നത് വേദനിപ്പിക്കുന്ന കാര്യമാണ് എന്നെ പറയാന്‍ സാധിക്കൂ. ഇപ്പോള്‍ ചര്‍ച്ചയാകുന്ന കേസില്‍ അടക്കം സമഗ്രമായ അന്വേഷണമാണ് നടത്തേണ്ടതാണ്.
മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം; ലേക്‌ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമെതിരെ കേസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം