Asianet News MalayalamAsianet News Malayalam

ഗൂഗിളിന്റെ സ്വന്തം സ്‌മാര്‍ട്ട് ഫോണ്‍ ഈ വര്‍ഷം തന്നെ വരും

google may launch its own smart phone by this year
Author
First Published Jun 27, 2016, 12:15 PM IST

വെബ് ലോകത്തെ അതികായരായ ഗൂഗിള്‍, ഗാഡ്ജറ്റ് മേഖലയിലും കൈവെച്ചെങ്കിലും പിന്നീട് പിന്‍വാങ്ങിയിരുന്നു. ആദ്യം സാംസങ്ങിനെയും എല്‍ജിയെയും കൊണ്ട് നെക്‌സസ് എന്ന ബ്രാന്‍ഡില്‍ സ്‌മാര്‍ട്ട് ഫോണ്‍ പുറത്തിറക്കിയ ഗൂഗിള്‍ പിന്നീട് മോട്ടറോള ഏറ്റെടുക്കുകയും ചെയ്‌തിരുന്നു. പിന്നീട് മോട്ടറോളയെ ലെനോവൊയ്‌ക്ക് കൊടുത്ത ഗൂഗിള്‍ ഇനി സ്‌മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണരംഗത്തേക്ക് ഇല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. കഴിഞ്ഞമാസം സിഇഒ സുന്ദര്‍ പിച്ചെ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഗൂഗിളിന്റെ സ്‌മാര്‍ട്ട് ഫോണ്‍ ഈ മാസം തന്നെ പുറത്തിറക്കുമെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സ്‌മാര്‍ട്ട് ഫോണ്‍ രംഗത്തെ അതികായരായ ആപ്പിള്‍, സാംസങ്ങ് എന്നിവരുമായി നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഗൂഗിളിന്റെ നീക്കം. അതിനുമുന്നോടിയായി ലോകത്തെ ചില പ്രമുഖ ടെലികോം സേവനദാതാക്കളുമായി സഹകരണം ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. മറ്റാരേക്കാളും കുറഞ്ഞ നിരക്കില്‍ ഡാറ്റ സേവനം ലഭ്യമാക്കാനാണ് സ്വന്തം സ്‌മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നതിലൂടെ ഗൂഗിള്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ, സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, ടെലികോം സേവനം എന്നീ മൂന്നു രംഗങ്ങളിലും തങ്ങളുടെ നിയന്ത്രണം അരക്കിട്ടു ഉറപ്പിക്കാനാകുമെന്നും ഗൂഗിള്‍ കണക്കുകൂട്ടുന്നു. അതേസമയം ഗൂഗിളിനുവേണ്ടി ഹാന്‍ഡ് സെറ്റ് നിര്‍മ്മിച്ചുനല്‍കുന്നത് എച്ച് ടി സിയാണെന്ന് ടെക് ലോകത്തെ വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല.

Follow Us:
Download App:
  • android
  • ios