കാർ വാങ്ങണമെന്നുണ്ടോ; എങ്കിൽ എത്രയും വേഗം ബുക്ക് ചെയ്യണം

By Web TeamFirst Published Sep 21, 2021, 11:36 AM IST
Highlights

 ഇപ്പോൾ വിപണിയിൽ ഏറെ പ്രിയമുള്ള പല മോഡലുകളുടെയും ശേഖരം അടുത്ത ഒന്നോ രണ്ടോ മാസത്തിനകം തീരാനാണ് സാധ്യത. അതിനാൽ കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവർ എത്രയും വേഗം നിങ്ങളുടെ ഇഷ്ട വാഹനം ബുക്ക് ചെയ്യുന്നതാവും ഉചിതം.  അല്ലാത്ത പക്ഷം നിങ്ങളുടെ പ്രിയപ്പെട്ട വാഹനം സ്വന്തമാക്കാൻ മാസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരാം.

കോവിഡും നിർമ്മാണകേന്ദ്രങ്ങളിലെ പ്രതിസന്ധികളും മൂലം മാസങ്ങളായി വിപണിയിൽ നേരിടുന്ന ചിപ്പ് ക്ഷാമത്തിന്റെ ഫലമായി ഇഷ്ടവാഹനങ്ങളുടെ ദൗർലഭ്യം ഇന്ത്യയിലും ഉപഭോക്താക്കളെ ബാധിച്ചു തുടങ്ങി.  ഏറ്റവും കൂടുതൽ ഉത്പാദനവും വില്പനയുമുള്ള കാറുകളുടെ കമ്പനികളെയാണ് ഈ ക്ഷാമം ഏറെ ബാധിക്കുക. അതിനാൽ തന്നെ മാരുതി പോലെ കൂടുതൽ ആവശ്യക്കാരുള്ള കാർ കമ്പനികൾ ആയിരിക്കും ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നതും.  

ഏറ്റവും അധികം വില്പനയുള്ള മാരുതിയുടെ പല കാറുകളുടേയും ഉത്പാദനത്തെ  ചിപ്പ് ക്ഷാമം കാര്യമായി ബാധിച്ചിട്ടുണ്ട്. ഇപ്പോൾ വിപണിയിൽ ഏറെ പ്രിയമുള്ള പല മോഡലുകളുടെയും ശേഖരം അടുത്ത ഒന്നോ രണ്ടോ മാസത്തിനകം തീരാനാണ് സാധ്യത. അതിനാൽ മാരുതിയുടെ കാറുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ എത്രയും വേഗം നിങ്ങളുടെ ഇഷ്ട വാഹനം ബുക്ക് ചെയ്യുന്നതാവും ഉചിതം.  അല്ലാത്ത പക്ഷം നിങ്ങളുടെ പ്രിയപ്പെട്ട കാർ സ്വന്തമാക്കാൻ മാസങ്ങൾ തന്നെ കാത്തിരിക്കേണ്ടി വരാം.

ഇഷ്ടമോഡലുകളുടെ ദൗർലഭ്യം നിമിത്തം മറ്റു കമ്പനികളുടെ അത്ര ജനപ്രിയമല്ലാത്ത മോഡലുകൾ പോലും തിരഞ്ഞെടുക്കാൻ ആളുകൾ നിർബ്ബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോവിഡ് മൂലമുള്ള യാത്രാനിയന്ത്രണങ്ങളാൽ സ്വന്തമായൊരു വാഹനം ഏറ്റവും അത്യാവശ്യമായ കാലഘട്ടത്തിലാണ് ചിപ്പ് ക്ഷാമം മൂലമുള്ള വാഹനദൗർലഭ്യം വന്നുപെട്ടത് എന്നത് വിപണിയേയും ഉപഭോക്താക്കളേയും കുറച്ചൊന്നുമല്ല ഉലച്ചിട്ടുള്ളത്.

"

മാരുതിയുടെ ജനപ്രിയ മോഡലുകൾ ആവശ്യാനുസരണം ലഭ്യമാകാതെ വരുന്നത് മറ്റു കമ്പനികളുടെ വില്പനയെ ഒട്ടൊന്നു വർദ്ധിപ്പിച്ചതായി തോന്നിക്കുന്നുവെങ്കിലും പൊതുവേ വിപണി വൻതോതിൽ താഴേക്കു പോകുന്ന സാഹചര്യമാണ് പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കിൽ വരും മാസങ്ങളിൽ ഉണ്ടാകുക. എത്രയും വേഗം ബുക്കുചെയ്താൽ അടുത്ത ഏതാനും മാസങ്ങൾ കൂടി മാരുതിയുടെ ഇഷ്ടപ്പെട്ട മോഡലുകൾ ലഭ്യമായേക്കുമെന്ന് ഡീലർമാർ പറയുന്നു. ഇപ്പോൾ നിർമ്മാണം പൂർത്തീകരിച്ച് ഷോറൂമുകളിലെത്തുന്ന കുറച്ച് വാഹനങ്ങൾ കൂടി ആവശ്യക്കാർക്ക് കൈമാറാൻ കഴിയും.

കോവിഡ് മൂലം വിപണി സ്തംഭിക്കും എന്നു കരുതി വാഹനനിർമ്മാതാക്കൾ ഓർഡറുകൾ കുറച്ചതും അതിനനുസരിച്ച് സെമികണ്ടക്ടർ ചിപ്പു നിർമ്മാതാക്കൾ നിർമ്മാണം മന്ദഗതിയിലാക്കിയതുമാണ് ഇപ്പോഴുള്ള ക്ഷാമത്തിന് പ്രധാനകാരണമായത്. കോവിഡ് മൂലമുണ്ടായ വർക്ക് ഫ്രം ഹോമും ഓൺലൈൻ പഠനവുമെല്ലാം ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ആവശ്യകത വൻതോതിൽ കൂടാൻ കാരണമായി. വാഹനവിപണിയിലും ആവശ്യക്കാരേറുന്ന സ്ഥിതിയാണുണ്ടായത്. എന്നാൽ പെട്ടെന്നുണ്ടായ ഡിമാന്റിനനുസരിച്ച് ചിപ്പുകൾ നിർമ്മിച്ചുനൽകാൻ നിർമ്മാതാക്കൾക്കായില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മറ്റൊരു കാരണം.

ചിപ്പ് നിർമ്മാണം പൂർവ്വസ്ഥിതിയിലാകാൻ ഏതാനും മാസങ്ങൾ കൂടി എടുത്തേക്കുമെന്ന സാഹചര്യത്തിൽ പല പ്രമുഖ വാഹനനിർമ്മാതാക്കളും പ്ലാന്റുകൾ പൂട്ടിയിടുകയും ഉത്പാദനം വലിയ തോതിൽ കുറക്കുകയും ചെയ്തിട്ടുണ്ട്. വാഹനവിപണിക്ക് കനത്ത നഷ്ടമാണ് ചിപ്പ് ക്ഷാമം ഉണ്ടാക്കുന്നതെന്നാണ് ആഗോള ധനകാര്യ സ്ഥാപനങ്ങളുടെ വിലയിരുത്തൽ. ചിപ്പ് നിർമ്മാണം പൂർവ്വസ്ഥിതിയിലായാലും അതനുസരിച്ച് വാഹനനിർമ്മാണം പുനരാരംഭിച്ച് വിപണിയിൽ പുതിയ വാഹനങ്ങൾ പഴയതുപോലെ ലഭ്യമായി വരാൻ ദീർഘകാലമെടുത്തേക്കും.

click me!