
പെട്രോൾ, ഡീസൽ വില ഉയരുന്ന സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ കൂടുതലായി തിരഞ്ഞെടുക്കുന്ന വാഹനങ്ങളാണ് സിഎൻജി കാറുകൾ. എന്നാൽ വാഹനത്തിന്റെ ഉപയോഗരീതിയിലും പരിപാലനത്തിലും വരുത്തുന്ന ചെറിയ പിഴവുകൾ പോലും മൈലേജിനെ ബാധിച്ചേക്കാം.
കാറിന് മുമ്പത്തേക്കാൾ മൈലേജ് കുറയുന്നതായി തോന്നുന്നുണ്ടെങ്കിൽ ചില കാര്യങ്ങളിൽ ശ്രദ്ധ നൽകിയാൽ ഇന്ധനക്ഷമത മെച്ചപ്പെടുത്താൻ സാധിക്കും. ടയർ മർദ്ദം മുതൽ എയർ ഫിൽട്ടർ, സ്പാർക്ക് പ്ലഗ് എന്നിവയുടെ പരിപാലനം വരെ മൈലേജിൽ നേരിട്ട് സ്വാധീനം ചെലുത്തുന്ന കാര്യങ്ങളാണ്. സിഎൻജി കാറിന്റെ മൈലേജ് മെച്ചപ്പെടുത്താൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ ഇതാ.
സിഎൻജി സിലിണ്ടർ കാറിന്റെ പിൻഭാഗത്ത് അധിക ഭാരം നൽകുന്നുണ്ട്. ടയറുകളിൽ ആവശ്യത്തിന് വായുമർദ്ദമില്ലെങ്കിൽ റോഡുമായുള്ള ഘർഷണം വർധിക്കും. ഇതോടെ വാഹനം മുന്നോട്ട് നീക്കാൻ എൻജിന് കൂടുതൽ ശക്തി ആവശ്യമായി വരും. ഇത് സിഎൻജിയുടെ ഉപഭോഗം വർധിപ്പിക്കുകയും മൈലേജ് കുറയ്ക്കുകയും ചെയ്യും. അതിനാൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ടയർ മർദ്ദം പരിശോധിച്ച് വാഹന നിർമാതാവ് നിർദേശിച്ച നിലയിൽ തന്നെ നിലനിർത്തുക. ശരിയായ ടയർ മർദ്ദം എൻജിനിലെ അനാവശ്യ സമ്മർദം കുറയ്ക്കാനും സഹായിക്കും.
എൻജിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് ആവശ്യമായ അളവിൽ വായു ലഭിക്കണം. എയർ ഫിൽട്ടറിൽ പൊടിയും അഴുക്കും അടിഞ്ഞുകൂടുന്നത് വായുപ്രവാഹത്തെ തടസപ്പെടുത്തുകയും എൻജിൻ പ്രകടനത്തെ ബാധിക്കുകയും ചെയ്യും. അതിനാൽ ഏകദേശം ഓരോ 5,000 കിലോമീറ്ററിലും എയർ ഫിൽട്ടർ പരിശോധിക്കുക. ആവശ്യാനുസരണം വൃത്തിയാക്കുകയോ മാറ്റിസ്ഥാപിക്കുകയോ വേണം. സിഎൻജിക്ക് തീപിടിക്കാൻ പെട്രോളിനേക്കാൾ ശക്തമായ സ്പാർക്ക് ആവശ്യമാണ്. പഴകിയതോ അഴുക്കുപിടിച്ചതോ ആയ സ്പാർക്ക് പ്ലഗുകൾ എൻജിൻ കുലുങ്ങുന്നതിനും സിഎൻജി ഉപഭോഗം കൂടുന്നതിനും കാരണമാകാം. അതിനാൽ സ്പാർക്ക് പ്ലഗും സിഎൻജി കിറ്റും കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ട്യൂൺ ചെയ്യുന്നത് പ്രധാനമാണ്.
ഡ്രൈവിങ് രീതി ഇന്ധനക്ഷമതയെ നേരിട്ട് ബാധിക്കുന്ന ഘടകമാണ്. പെട്ടെന്ന് വേഗം കൂട്ടുന്നതും ശക്തമായി ബ്രേക്ക് ചെയ്യുന്നതും പതിവാണെങ്കിൽ സിഎൻജി ഉപഭോഗം വർധിക്കും. മികച്ച മൈലേജിനായി സാധ്യമാകുന്നിടത്തോളം സ്ഥിരമായ വേഗത നിലനിർത്തുകയും ശരിയായ സമയത്ത് ഗിയർ മാറ്റുകയും ചെയ്യുക. മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ സ്ഥിരമായ വേഗത നിലനിർത്തുന്നത് ഇന്ധനക്ഷമത മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം. അതിനാൽ അനാവശ്യമായ വേഗവർധനയും ആവർത്തിച്ചുള്ള ശക്തമായ ബ്രേക്കിങ്ങും ഒഴിവാക്കുന്നതാണ് നല്ലത്.
സിഎൻജി നിറയ്ക്കുന്ന സമയവും ഇന്ധനത്തിന്റെ അളവിനെ സ്വാധീനിച്ചേക്കാം. അതിരാവിലെയും രാത്രിയിലും അന്തരീക്ഷ താപനില സാധാരണയായി കുറവായിരിക്കും. താപനില കുറയുമ്പോൾ വാതകം കൂടുതൽ കാര്യക്ഷമമായി കംപ്രസ് ചെയ്യാൻ സാധിക്കും. ഇതിലൂടെ ശരിയായ മർദ്ദത്തിൽ സിലിണ്ടറിലേക്ക് കൂടുതൽ സിഎൻജി നിറയ്ക്കാൻ കഴിയുമെന്നാണ് പൊതുവെയുള്ള വിശദീകരണം. അതിനാൽ സിഎൻജി നിറയ്ക്കുമ്പോൾ താപനില കുറവുള്ള സമയങ്ങൾ പരിഗണിക്കുന്നത് പ്രയോജനകരമായേക്കാം.
സിഎൻജി കാറിന്റെ മൈലേജ് നിലനിർത്താൻ കൃത്യമായ സർവീസിങ് വളരെ പ്രധാനമാണ്. എൻജിൻ, സിഎൻജി കിറ്റ്, സ്പാർക്ക് പ്ലഗ്, എയർ ഫിൽട്ടർ തുടങ്ങിയ ഘടകങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. ചെറിയ പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ പരിഹരിച്ചാൽ എൻജിന്റെ കാര്യക്ഷമത നിലനിർത്താനും അനാവശ്യ ഇന്ധനച്ചെലവ് ഒഴിവാക്കാനും സാധിക്കും.
ചെറിയ ശീലങ്ങൾ, വലിയ ലാഭം ടയർ മർദ്ദം പരിശോധിക്കുന്നത് മുതൽ സുഗമമായ ഡ്രൈവിങ് ശീലമാക്കുന്നതും കൃത്യസമയത്ത് വാഹനത്തിന് സർവീസ് നൽകുന്നതും വരെ ചെറിയ കാര്യങ്ങൾക്കാണ് ഇവിടെ പ്രധാന്യം. ഇവ ശ്രദ്ധിച്ചാൽ സിഎൻജി കാറിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്താനും ദൈനംദിന ഇന്ധനച്ചെലവ് കുറയ്ക്കാനും സാധിക്കും. എന്നാൽ വാഹനത്തിന്റെ മൈലേജ് വാഹനത്തിന്റെ മോഡൽ, റോഡ് സാഹചര്യം, ട്രാഫിക്, കാലാവസ്ഥ, ലോഡ്, ഡ്രൈവിങ് രീതി തുടങ്ങിയ പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും.