ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; 'ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ജങ്കാര്‍ വഴി പുഴയില്‍ കടക്കും', വീഡിയോ

By Web TeamFirst Published Oct 4, 2023, 8:04 PM IST
Highlights

ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച് ഡ്രൈവ് ചെയ്ത രണ്ടു പേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തോടെയാണ് എംവിഡി മുന്നറിയിപ്പ്. 

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. ഗൂഗിള്‍ മാപ്പ് നോക്കി എറണാകുളത്തെ വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട് കൊച്ചി ബസ് സ്റ്റാന്‍ഡിലേക്ക് യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ ഉദാഹരണസഹിതമാണ് എംവിഡി മുന്നറിയിപ്പ്. ഗൂഗിള്‍ മാപ്പിലെ വഴികള്‍ എപ്പോഴും സുരക്ഷിത വഴികള്‍ അല്ലെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ അപകടത്തില്‍പ്പെടുമെന്ന് എംവിഡി പറയുന്നു. ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച് ഡ്രൈവ് ചെയ്ത രണ്ടു പേരുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തോടെയാണ് എംവിഡി മുന്നറിയിപ്പ്. 

എംവിഡി വീഡിയോ ചുവടെ: 


ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍: മാപ്പ് നോക്കി പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്നത് അപകടം സൃഷ്ടിക്കുന്നതാണ്. ട്രാഫിക് കുറവുള്ള റോഡുകളെ മാപ്പിന്റെ അല്‍ഗോരിതം എളുപ്പം എത്തുന്ന (Fastest route) വഴിയായി നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമാകണമെന്നില്ല. തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങള്‍ നിറഞ്ഞ നിരത്തുകളിലും തിരക്ക് കുറവുള്ളതിനാല്‍ ഗൂഗിളിന്റെ അല്‍ഗോരിതം അതിലേ നയിച്ചേക്കാം. എന്നാല്‍ അത് ലക്ഷ്യസ്ഥാനത്ത്  എത്തിച്ചു കൊള്ളണമെന്നില്ല. മാത്രവുമല്ല പലപ്പോഴും GPS സിഗ്‌നല്‍ നഷ്ടപ്പെട്ട് രാത്രികാലങ്ങളില്‍ ഊരാക്കുടുക്കിലും പെടാം. ചില വിദേശ രാജ്യങ്ങളില്‍ Snowfall സംഭവിച്ചേക്കാവുന്ന ഇടങ്ങളില്‍ GPS ഉപയോഗിക്കുന്നതില്‍ നിയന്ത്രണ മുന്നറിയിപ്പ് നല്‍കുന്നത് അതുകൊണ്ടാണ്. സഞ്ചാരികള്‍ കൂടുതല്‍ തിരയുന്ന റിസോര്‍ട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിള്‍ ലൊക്കേഷനില്‍ മന:പൂര്‍വ്വമോ അല്ലാതയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തില്‍ പെടുത്തുന്നതും ശ്രദ്ധിക്കേണ്ട ഒന്നാണ്. അപകട സാധ്യത കൂടിയ മഴക്കാലത്തും രാത്രികാലങ്ങളിലും തീര്‍ത്തും അപരിചിതമായ വിജനമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം. സിഗ്‌നല്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ ആദ്യമെ റൂട്ട് ഡൗണ്‍ലോഡ് ചെയ്തിടുന്നതും നല്ലതാണെന്ന് എംവിഡി അറിയിച്ചു. 

മാപ്പില്‍ യാത്രാ രീതി സെലക്ട് ചെയ്യാന്‍ മറക്കരുതെന്ന് പൊലീസും അറിയിച്ചു. നാലുചക്രവാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, സൈക്കിള്‍, കാല്‍നടയാത്ര, ട്രെയിന്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകളില്‍ ഏതാണെന്ന് തെരഞ്ഞെടുക്കുക. ബൈക്ക് പോകുന്ന വഴി ഫോര്‍ വീലര്‍ പോകില്ല. ഈ കാരണം കൊണ്ടുതന്നെ വഴി തെറ്റാം. ഒരു സ്ഥലത്തേക്ക് പോകാന്‍ രണ്ടുവഴികളുണ്ടാകും. ഈ സന്ദര്‍ഭങ്ങളില്‍ ഇടയ്ക്ക് അറിയാവുന്ന ഒരു സ്ഥലം ആഡ് സ്റ്റോപ്പ് ആയി നല്‍കിയാല്‍ വഴി തെറ്റുന്നത് ഒഴിവാക്കാം. വഴി തെറ്റിയാല്‍ ലക്ഷ്യ സ്ഥാനത്തേക്കുള്ള മറ്റൊരു വഴിയാകും ഗൂഗിള്‍ മാപ്പ് കാണിച്ചു തരിക. എന്നാല്‍, ഈ വഴി ചിലപ്പോള്‍ ഫോര്‍ വീലര്‍ അല്ലെങ്കില്‍ വലിയ വാഹനങ്ങള്‍ പോകുന്ന വഴി ആകണമെന്നില്ല. ഗതാഗത തടസം ശ്രദ്ധയില്‍പെട്ടാല്‍ ഗൂഗിള്‍ മാപ്പ് ആപ്പിലെ contribute എന്ന ഓപ്ഷന്‍ വഴി റിപ്പോര്‍ട്ട് ചെയ്യാം. ഇവിടെ എഡിറ്റ് മാപ്പ് ഓപ്ഷനില്‍ add or fix road എന്ന ഓപ്ഷന്‍ വഴി പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യാം. ഗൂഗിള്‍ മാപ്‌സ് ഇക്കാര്യം പരിഗണിക്കും. ഇത് പിന്നീട് അതു വഴി വരുന്ന യാത്രക്കാര്‍ക്ക് തുണയാകും. തെറ്റായ സ്ഥലനാമങ്ങളും അടയാളപ്പെടുത്താത്ത മേഖലകളുമൊക്കെ ഈ രീതിയില്‍ ഗൂഗിളിനെ അറിയിക്കാമെന്ന് കേരളാ പൊലീസ് അറിയിച്ചു. 

 മൃ​ഗശാലയിൽ ഹിപ്പോയുടെ മുഖത്തടിക്കുന്ന സെക്യൂരിറ്റി ​ഗാർഡ്, വൈറലായി വീഡിയോ 
 

click me!